സ്ലിപ്പിനെ നിര്‍ത്തണോ എന്ന് ഗില്‍; വേണ്ടെന്ന് റാണ, വേണം ഞാന്‍ പോയി നില്‍ക്കാമെന്ന് രോഹിത്, പിന്നാലെ വിക്കറ്റ് | Video

Photo: x.com/Asianewss/
Photo: x.com/Asianewss/

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്ടമായെങ്കിലും സിഡ്‌നി ഏകദിനത്തിലെ വിജയം ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും ആശ്വാസം നല്‍കുന്നതായിരുന്നു. ഒരു ഘട്ടത്തില്‍ 300 കടക്കുമായിരുന്ന ഓസീസ് സ്‌കോര്‍ 236-ല്‍ പിടിച്ചുനിര്‍ത്താനായതും ഒമ്പത് വിക്കറ്റിന്റെ അനായാസ ജയം നേടാനായതും ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്താന്‍ പോന്നതായി. രോഹിത് ശര്‍മയും വിരാട് കോലിയും മികച്ച പ്രകടനം പുറത്തെടുത്തത് ആരാധകര്‍ക്ക് ഇരട്ടി മധുരമായി.

മത്സരത്തില്‍ ബാറ്റിങ്ങില്‍ മാത്രമല്ല, ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിലും മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഉപദേശങ്ങളും മറ്റും ടീമിന് നേട്ടമായി. ഓസീസ് താരം മിച്ചല്‍ ഓവന്റെ വിക്കറ്റെടുക്കാന്‍ ഹര്‍ഷിത് റാണയെ സഹായിച്ചതും രോഹിത്തിന്റെ ഇത്തരത്തിലുള്ള ഉപദേശമാണ്. മത്സര ശേഷം സംസാരിക്കവെ റാണ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹര്‍ഷിത് റാണയുടെ ടീമിലെ സ്ഥാനത്തില്‍ വലിയ വിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് സിഡ്‌നി ഏകദിനത്തില്‍ നാലു വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ താരത്തിനായത്. അലക്‌സ് കാരി, കൂപ്പര്‍ കോണോളി, മിച്ചല്‍ ഓവന്‍, ജോഷ് ഹേസല്‍വുഡ് എന്നിവരുടെ വിക്കറ്റുകളാണ് റാണ വീഴ്ത്തിയത്. ഇവരില്‍ ഓവന്റെ വിക്കറ്റാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് പേസര്‍ വെളിപ്പെടുത്തി. കാരണം വിശദീകരിച്ച ഹര്‍ഷിത്, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ അവഗണിച്ച് രോഹിത് നല്‍കിയ ഉപദേശം കേട്ടതുവഴിയാണ് ആ വിക്കറ്റ് നേടാന്‍ സാധിച്ചതെന്നും വെളിപ്പെടുത്തി.

''ശുഭ്മാന്‍ എന്നോട് സ്ലിപ്പ് വേണോ എന്ന് ചോദിച്ചു. വേണ്ട, സ്ലിപ്പ് ആവശ്യമില്ലെന്ന് ഞാന്‍ പറഞ്ഞു. രോഹിത് ഭായ് അപ്പോള്‍ കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു. ഹേയ്, സ്ലിപ്പ് നിര്‍ത്തൂ എന്ന് എന്നോട് പറഞ്ഞു. ഞാന്‍ പോയി നില്‍ക്കാമെന്നും പറഞ്ഞു. പിന്നെ എന്തിന് സ്ലിപ്പ് എടുക്കാതിരിക്കണമെന്ന് ഞാന്‍ കരുതി. അങ്ങനെ അദ്ദേഹത്തോട് അവിടെ നില്‍ക്കാന്‍ പറഞ്ഞു. പിന്നാലെ എനിക്ക് വിക്കറ്റ് കിട്ടി.'' - ഹര്‍ഷിക് പറഞ്ഞു.

റാണയുടെ പന്തില്‍ ഓവന്റെ ബാറ്റില്‍ തട്ടിയ പന്ത് നേരേ സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന രോഹിത്തിന്റെ കൈയിലാണെത്തിയത്. മത്സരത്തില്‍ 8.4 ഓവറുകള്‍ പന്തെറിഞ്ഞ ഹര്‍ഷിത് റാണ 39 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlights: Harshit Rana reveals how Rohit Sharma`s crucial field placement advice, overriding Gill`s suggestion, helped dismiss Mitchell Marsh and secure a vital wicket in India`s ODI victory.