‘എന്നോട് ക്ഷമിക്കണം’,ലോകകപ്പ് ടീമിൽ നിന്ന് അന്ന് രോഹിത്തിനെ ഒഴിവാക്കിയതിൽ മുൻ BCCI മുഖ്യസെലക്ടർ

#സ്പോർട്സ് ഡെസ്ക്
Photo: AP
Photo: AP

ന്യൂഡൽഹി: 2011 ഏകദിന ലോകകപ്പിലെ ഇന്ത്യൻ സ്‌ക്വാഡിൽ രോഹിത് ശർമയെ ഉൾപ്പെടുത്താത്തതിൽ പ്രതികരിച്ച് മുൻ ബിസിസിഐ മുഖ്യ സെലക്ടർ കൃഷ്ണമാചാരി ശ്രീകാന്ത്. ഓൾറൗണ്ടർമാർക്ക് പ്രാമുഖ്യം കൊടുത്തതിനാലാണ് അന്ന് രോഹിത്തിനെ ടീമിലെടുക്കാൻ സാധിക്കാതിരുന്നതെന്നും ഇപ്പോഴും ആ തീരുമാനത്തിൽ ഖേദമുണ്ടെന്നും ശ്രീകാന്ത് പറഞ്ഞു. മഹേന്ദ്രസിങ് ധോനി നായകനായ ഇന്ത്യൻ ടീം അന്ന് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടിരുന്നു.

ഇന്നും എനിക്ക് അതിൽ വിഷമം തോന്നുന്നു. എന്നോട് ക്ഷമിക്കണമെന്നും മനഃപൂർവമല്ലെന്നും കഴിഞ്ഞ വർഷം ഞാൻ രോഹിത്തിനോട് പറഞ്ഞു.

ഓൾ റൗണ്ടർമാരായ താരങ്ങളെ എടുക്കാൻ തീരുമാനിച്ചതിനാലാണ് രോഹിത്തിനെ ഒഴിവാക്കിയതെന്നും ശ്രീകാന്ത് വ്യക്തമാക്കി. അവസാന നിമിഷം, ടൂർണമെൻ്റിലെ മികച്ച കളിക്കാരൻ ആരായിരുന്നു? യുവരാജ് സിങ്, ബൗളിങ്ങിലും ബാറ്റിങ്ങിലും അദ്ദേഹം മികച്ചുനിന്നു. ഞങ്ങൾക്ക് സെവാഗ്, സച്ചിൻ, റെയ്ന, യൂസഫ് പത്താൻ എന്നിവരെല്ലാം ബൗൾ ചെയ്യാൻ ഉണ്ടായിരുന്നു. ഹർഭജന് പകരമായി അശ്വിനും ഞങ്ങൾക്ക് ഉണ്ടായിരുന്നു. യൂസഫ് പത്താൻ പോലും ഒരു പകുതി ഓൾറൗണ്ടറാണ്.- ശ്രീകാന്ത് 'ദി വീക്ക്' പോഡ്‌കാസ്റ്റിൽ പറഞ്ഞു.

രോഹിത് ആ ടൂർണമെൻ്റിൽ കളിക്കാൻ പ്രാപ്തനായിരുന്നുവെന്ന് പറഞ്ഞ ശ്രീകാന്ത് ദൗർഭാഗ്യവശാൽ സെലക്ടർമാർ ബാറ്റും ബൗളും ചെയ്യാൻ കഴിയുന്നവർക്ക് മുൻഗണന നൽകിയെന്നും അതിനാലാണ് രോഹിത്തിന് അവസരം ലഭിക്കാതിരുന്നതെന്നും കൂട്ടിച്ചേർത്തു. 2011 ലോകകപ്പ് സ്ക്വാഡിന്റെ ഭാഗമാകാൻ സാധിക്കാതിരുന്നത് സംബന്ധിച്ച് മുൻപ് പലതവണ രോഹിത് വിഷമം പങ്കുവെച്ചിരുന്നു.

രണ്ട് തവണ ടി20 ലോകകപ്പ് ജേതാവും (2007, 2024 വർഷങ്ങളിൽ), രണ്ട് തവണ ചാമ്പ്യൻസ് ട്രോഫി ജേതാവുമായ (2013, 2025 വർഷങ്ങളിൽ) രോഹിത്തിന് ഇതുവരെ ഏകദിന ലോകകപ്പ് നേടാൻ സാധിച്ചിട്ടില്ല. 2023-ലെ ലോകകപ്പിൽ ഇന്ത്യയെ രോഹിത് നയിച്ചെങ്കിലും ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റു.

Content Highlights: Kris Srikkanth clarifies the selection logic for the 2011 World Cup squad., Emphasis was placed on 'half all-rounders' similar to the 1983 World Cup winning team., Rohit Sharma was excluded despite being considered talented enough to play., Rohit Sharma's journey includes 2024 T20 World Cup and 2025 Champions Trophy wins.