സസ്‌പെന്‍സിന് അവസാനം; കോലി തിരിച്ചെത്തിയില്ല; ക്യാപ്റ്റനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

ബെംഗളൂരു: 2025 സീസണിലെ ക്യാപ്റ്റനായി രജത് പടിദാറിനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. വിരാട് കോലി ക്യാപ്റ്റനായി തിരിച്ചെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പടിദാറിനെ ക്യാപ്റ്റനായി ടീം പ്രഖ്യാപിക്കുകയായിരുന്നു.
മിഡില്‍ ഓര്‍ഡര്‍ ബാറ്ററാണ് 31-കാരനായ രജത് പടിദാര്‍. ആര്‍.സി.ബിയുടെ എട്ടാമത്തെ ക്യാപ്റ്റനാണ് രജത്. നേരത്തെ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഫൈനലിലെത്തിയ മധ്യപ്രദേശിനെ നയിച്ചത് പടിദാര്‍ ആയിരുന്നു. 2021-ല്‍ ആദ്യമായി ഐ.പി.എല്ലിലെത്തിയ പടിദാര്‍ അന്നുമുതല്‍ ആര്‍.സി.ബിയുടെ ഭാഗമാണ്. ഇതുവരെ ടീമിനായി 27 കളികളില്‍നിന്നായി 799 റണ്‍സ് നേടിയിട്ടുണ്ട്. 11 കോടിക്കാണ് താരത്തെ ഇത്തവണ ടീം നിലനിര്‍ത്തിയത്.
2013-ല്‍ ക്യാപ്റ്റനായ കോലി 2021 വരെ നീണ്ടകാലം ടീമിനെ നയിച്ചിരുന്നു. രാഹുല്‍ ദ്രാവിഡായിരുന്നു ടീമിന്റെ ആദ്യക്യാപ്റ്റന്‍. ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണും അനില്‍ കുംബ്ലെയും ഡാനിയല്‍ വെറ്റോറിയും ടീമിന്റെ നായകരായിരുന്നു. പിന്നാലെയാണ് കോലി ക്യാപ്റ്റനായി എത്തിയത്. കോലിക്ക് ശേഷം ഫാഫ് ഡു പ്ലെസിസ് ടീമിനെ നയിച്ചു. 40 കഴിഞ്ഞ താരത്തെ മെഗാതാരലേലത്തിന് മുന്നോടിയായി നിലനിര്‍ത്താന്‍ ടീം തയ്യാറായില്ല.
ലേലത്തിലും താരത്തെ ടീം കൈയ്യൊഴിഞ്ഞു. അടിസ്ഥാന തുകയ്ക്കാണ് ഇതോടെ ഡു പ്ലെസിസ് ഡല്‍ഹി ക്യാപിറ്റല്‍സില്‍ എത്തിയത്. 143 മത്സരങ്ങളിലാണ് കോലി ആര്‍.സി.ബിയെ നയിച്ചത്.
Content Highlights: Royal Challengers Bangalore names Rajat Patidar as their captain for the 2025 season