ഒറ്റ ജയമില്ല, രഞ്ജിയിൽ തപ്പിത്തടഞ്ഞ് കേരളം; ടോപ് ഓർഡറിലെ പരീക്ഷണം തിരിച്ചടി

#രാകേഷ് കെ. നായർ
ആകർഷ് | KCA
ആകർഷ് | KCA

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണിൽ തപ്പിത്തടഞ്ഞ് കേരളം. ആദ്യനാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ അക്കൗണ്ടിൽ ഇതുവരെ ജയം വന്നിട്ടില്ല. ആകെയുള്ളത് അഞ്ചു പോയിന്റുമാത്രം. ബാറ്റിങ് ഓർഡറിലെ പരീക്ഷണങ്ങളും നങ്കൂരമിട്ട് കളിക്കാൻകഴിയുന്ന ബാറ്ററുടെ അഭാവവും ടീമിന് പ്രതിസന്ധിയാകുന്നുണ്ട്. ജലജ് സക്‌സേന ടീം വിട്ടത് പരിഹരിക്കാനും മാനേജ്‌മെന്റിനായിട്ടില്ല.

കേരളം എലൈറ്റ് ഗ്രൂപ്പ് ബി-യിൽ ഏഴാംസ്ഥാനത്താണ്. നിലവിലെ റണ്ണർ അപ്പുകളായ കേരളത്തിന് ഇതുവരെ ഓപ്പണിങ്ങിൽ മികച്ച, സ്ഥിരതയാർന്ന കൂട്ടുകെട്ടുണ്ടാക്കാൻ സാധിക്കാത്തതാണ് ടൂർണമെന്റിലെ പ്രധാനവെല്ലുവിളി.

ആദ്യമത്സരത്തിൽ മഹാരാഷ്ട്രയ്ക്കെതിരേ അക്ഷയ് ചന്ദ്രനെയും രോഹൻ കുന്നുമ്മലിനെയുമാണ് കേരളം തുടക്കക്കാരാക്കിയത്. ഓപ്പണിങ് ആദ്യഘട്ടത്തിൽ പരാജയപ്പെട്ടതോടെ ചെറിയ സ്‌കോർ പിന്തുടർന്നിട്ടും മുന്നേറ്റനിരയ്ക്ക് മികവുപുലർത്താനായില്ല. രണ്ടാം മത്സരത്തിൽ പഞ്ചാബിനെതിരേ വത്സൽ ഗോവിന്ദിനെയും ബൗളർ എൻ.പി. ബേസിലിനെയുമാണ് പരിശീലകൻ അമയ് ഖുറേസിയ ഓപ്പണിങ്ങിൽ പരീക്ഷിച്ചത്. നാലുറൺസായിരുന്നു ആദ്യവിക്കറ്റിന്റെ സംഭാവന. ബാറ്റിങ് ഓർഡറിൽ സമ്പൂർണ മാറ്റംവരുത്തിയ മത്സരത്തിൽ ഓപ്പണർമാർക്ക് മികച്ച തുടക്കം നൽകാനായില്ല. മുന്നേറ്റനിരയിലെ അക്ഷയ് ചന്ദ്രനെയും ഷോൺ റോജറെയും വാലറ്റത്താണ് ഇറക്കിയത്. ആദ്യ ഇന്നിങ്സിൽ ലീഡുവഴങ്ങിയാണ് സമനിലനേടിയത്.

അടുത്തമത്സരത്തിൽ ഹോം ഗ്രൗണ്ടിൽ കർണാടകയ്ക്കെതിരേ കൃഷ്ണപ്രസാദിനെയും എൻ.പി. ബേസിലിനെയും ആദ്യവിക്കറ്റിൽ രംഗത്തിറക്കി. ഓപ്പണിങ് പെട്ടെന്ന് വീണതോടെ തുടർന്നെത്തിയ നിധീഷും വൈശാഖ് ചന്ദ്രനും മികച്ച കൂട്ടുകെട്ടുണ്ടാക്കാനായില്ല. മത്സരത്തിൽ ബാറ്റർമാരായ അക്ഷയ് ചന്ദ്രനെ അഞ്ചാമനായും ഷോൺ റോജറെ പത്താമനായുമാണ് ഇറക്കിയത്. ഇരുവർക്കും വമ്പൻ ഇന്നിങ്സുകൾ കാഴ്ചവെക്കാനുമായില്ല. സൗരാഷ്ട്രയ്ക്കെതിരേ പുതുമുഖമായ ആകർഷിനെയും രോഹൻ കുന്നുമ്മലിനെയും കേരളം പരീക്ഷിച്ചു. ടൂർണമെന്റിൽ ആദ്യമായി 50 റൺസ് കൂട്ടുകെട്ടുണ്ടാക്കാൻ ഓപ്പണിങ് സഖ്യത്തിന് കഴിഞ്ഞു. എന്നാൽ, രണ്ടാം ഇന്നിങ്സിൽ മികവുപുലർത്താനുമായില്ല. ആകർഷിന് രണ്ടാം ഇന്നിങ്സിൽ പരിക്കേറ്റതോടെ അടുത്തകളിയിൽ മധ്യപ്രദേശിനെതിരേ പുതിയ ഓപ്പണിങ് കൂട്ടുകെട്ടിനെ പരീക്ഷിക്കേണ്ടിവരും. മൂന്നാം നമ്പറിലും സ്ഥിരം ബാറ്ററെ കണ്ടെത്താനായിട്ടില്ല. ദീർഘമായ ഇന്നിങ്‌സുകൾ കളിക്കാൻകഴിയുന്ന ബാറ്ററുടെ അഭാവം ടീമിനെ നന്നായി ബാധിക്കുന്നുണ്ട്. അഹമ്മദ് ഇമ്രാനെ ഈ രീതിയിൽ വളർത്തിയെടുക്കാൻ കഴിയും. ബാബ അപരാജിത് ഓൾറൗണ്ടറെന്നനിലയിൽ നന്നായി കളിക്കുന്നുണ്ടെങ്കിലും ജലജ് സക്‌സേന ടീമിലുണ്ടാക്കിയ ഇംപാക്ടിനൊപ്പമെത്തുന്നില്ല.

ടോപ്പ്‌ ഓർഡർ ബാറ്റർമാരുടെ പ്രകടനം

മഹാരാഷ്ട്ര

ഒന്നാമിന്നിങ്‌സ്

അക്ഷയ് ചന്ദ്രൻ (0) - രോഹൻ കുന്നുമ്മൽ (27)

മൂന്നാം നമ്പർ താരം - ബാബാ അപരാജിത് (ആറ്)

പഞ്ചാബ്

ഒന്നാമിന്നിങ്‌സ്

വത്സൽ ഗോവിന്ദ് (18) - എൻ.പി. ബേസിൽ (നാല്)

മൂന്നാം നമ്പർ താരം - അങ്കിത് ശർമ (62)

കർണാടക

ഒന്നാമിന്നിങ്‌സ്

കൃഷ്ണപ്രസാദ് (നാല്) - എൻ.പി. ബേസിൽ (12)

മൂന്നാം നമ്പർ താരം - എം.ഡി. നിധീഷ് (0)

രണ്ടാമിന്നിങ്‌സ്

കൃഷ്ണപ്രസാദ് (33) - എം.ഡി. നിധീഷ് (ഒമ്പത്)

മൂന്നാം നമ്പർ താരം-അക്ഷയ് ചന്ദ്രൻ (0)

സൗരാഷ്ട്ര

ഒന്നാമിന്നിങ്്‌സ്

എ.കെ. ആകർഷ് (18)-രോഹൻ (80)

മൂന്നാം നമ്പർ താരം-സച്ചിൻ ബേബി (ഒന്ന്)

രണ്ടാമിന്നിങ്‌സ്

എ.കെ. ആകർഷ് (അഞ്ച്)-രോഹൻ (അഞ്ച്)

മൂന്നാം നമ്പർ താരം - സച്ചിൻ ബേബി (16)

Content Highlights: kerala ranji trophy team performance