74 വര്‍ഷം, 352 മത്സരങ്ങൾ, ഇതാ കാത്തിരിപ്പിനൊടുവിൽ ഉമേഷിന് മുന്നിൽ മുട്ടിടിച്ചവരുടെ തിരിച്ചുവരവ്

ഐക്യകേരളം പിറവിയെടുക്കുന്നതിനും മുമ്പ് തുടങ്ങിയ കാത്തിരിപ്പ്. അതിനിടയില്‍ 74 വര്‍ഷവും 352 മത്സരങ്ങളും കടന്നുപോയി. ഇ.എം.എസും അച്യുതമേനോനും എ.കെ ആന്റണിയും കെ.കരുണാകരനും ഇ.കെ നായനാരും വി.എസ് അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയും കേരളത്തിന്റെ മുഖ്യമന്ത്രിമാരായി. പുതിയ വിമാനത്താവളങ്ങളും യൂണിവേഴ്‌സിറ്റികളും മെഡിക്കല്‍ കോളേജുകളും വന്നു. മെച്ചപ്പെട്ട ജീവിതം തേടി മലയാളികള്‍ ഗള്‍ഫിലേക്ക് കുടിയേറി. നഴ്‌സിങ് പഠിച്ച് യൂറോപ്പില്‍ ഭാഗ്യപരീക്ഷണം തേടിപ്പോയി. നിപ്പയും കൊറോണയും ഉരുള്‍പൊട്ടലും പ്രളയവും കേരളത്തെ പരീക്ഷിച്ചു. പ്രേംനസീറും സത്യനും അരങ്ങൊഴിഞ്ഞ് മമ്മൂട്ടിയും മോഹന്‍ലാലും താരരാജാക്കന്‍മാരായി. അവരെ പിൻപറ്റി ടൊവിനോയും ഫഹദുമൊക്കെ വന്നു. എയ്റ്റീസും നയന്റീസും കഴിഞ്ഞ് ന്യൂജനറേഷന്‍ ആയി. പിന്നെ അതും പിന്നിട്ട് 2കെ കിഡ്‌സായി. എന്നിട്ടും രഞ്ജി ട്രോഫിയില്‍ കേരളത്തിന് മാത്രം കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല. മുംബൈയും കര്‍ണാടകയും ബറോഡയും ഡല്‍ഹിയും കേരളത്തെ വിറപ്പിച്ചു. വല്ലപ്പോഴും ആന്ധ്രാ പ്രദേശിനെതിരെ കിട്ടുന്ന സമനിലയിലും ഗോവയെ തോല്‍പിക്കുന്നതിലും കേരളത്തിലെ ആരാധകര്‍ ആശ്വസിച്ചു.
എന്നാലിപ്പോള്‍ കഥയാകെ മാറിയിരിക്കുന്നു. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളത്തിന്റെ ക്രിക്കറ്റും തെളിഞ്ഞുകാണുന്നു. അമേയ് ഖുറേശിയെന്ന പരിശീലകന് കീഴില്‍, സച്ചിന്‍ ബേബിയെന്ന ക്യാപ്റ്റന്റെ നേതൃത്തില്‍ കേരളത്തിന്റെ 11 അംഗ സംഘം കലാശപ്പോരിലെത്തിയിരിക്കുന്നു. മുഹമ്മദ് അസ്ഹറുദ്ദീനും ജലജ് സക്‌സേനയും ആദിത്യ സര്‍വാതേയും സല്‍മാന്‍ നിസാറുമെല്ലാം ആ കുതിപ്പിന് ഇന്ധനം പകര്‍ന്നു. 2019 രഞ്ജി ട്രോഫി സെമിഫൈനലില്‍ വിദര്‍ഭയുടെ ഉമേഷ് യാദവിന് മുന്നില്‍ തര്‍ന്നടിഞ്ഞ ബാറ്റിങ് നിരയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കൂടിയാണിത്. അന്ന് നിരാശയോടെ ക്രീസ് വിട്ടവര്‍ ഇന്ന് അഭിമാനത്തോടെ കളിക്കുകയോ ടിവിയിലിരുന്ന് കളി കാണുകയോ ചെയ്യുന്നു.
1951-52 സീസണ്‍ മുതലാണ് പിൽക്കാലത്ത് കേരളമായി മാറിയ നാട് രഞ്ജി ട്രോഫി കളിക്കാന്‍ തുടങ്ങിയത്. അന്ന് ട്രാവന്‍കൂര്‍-കൊച്ചിന്‍ ക്രിക്കറ്റ് ടീം എന്നായിരുന്നു പേര്. 1957-ല്‍ ആയപ്പോഴേക്കും ടീമിന്റെ പേര് കേരളം എന്നായി മാറി. അന്ന് സൗത്ത് സോണില്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവര്‍ക്കൊപ്പമായിരുന്നു കേരളത്തിന്റെ സ്ഥാനം. 57-ല്‍ നാല് മത്സരങ്ങളും കേരളം തോറ്റു. അതില്‍ മൂന്നെണ്ണത്തിലും ഇന്നിങ്‌സ് തോല്‍വി!. എന്നാല്‍ 1950-60 സീസണില്‍ ബാലന്‍ പണ്ഡിറ്റും ജോര്‍ജ് എബ്രഹാമും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 410 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ബാലന്‍ പണ്ഡിറ്റിന്റെ വക 262 റണ്‍സ്, ജോര്‍ജ് എബ്രഹാം വക 198 റണ്‍സ്. മൊബൈല്‍ ഫോണും ടിവിയും ഒന്നുമില്ലാത്തതിനാല്‍ വൈകിക്കിട്ടിയ സന്തോഷവാര്‍ത്തയില്‍ എണ്ണിയെടുക്കാന്‍ മാത്രമുള്ള മലയാളി ക്രിക്കറ്റ് പ്രേമികള്‍ ആവേശംകൊണ്ടു.
1994-95 സീസണില്‍ കേരളം പ്രീ ക്വാര്‍ട്ടറില്‍ കടന്നു. കെ.എന്‍ അനന്തപത്മനാഭന്റെ കീഴില്‍ സൗത്ത് സോണിലെ ചാമ്പ്യന്‍മാരായിട്ടായിരുന്നു അടുത്ത റൗണ്ടിലെത്തിയത്. ക്വാര്‍ട്ടറിലെത്താന്‍ പിന്നേയും 23 വര്‍ഷമെടുത്തു. 2017-18 സീസണിലാണ് ചരിത്ര ക്വാര്‍ട്ടര്‍ ഫൈനല്‍ കേരളം കണ്ടത്. തൊട്ടടുത്ത സീസണില്‍ ഒരു പടി കൂടി കടന്ന് കേരളം സെമി ഫൈനലിലെത്തി. അന്നത്തെ ആ നേട്ടത്തില്‍ കേരളത്തിന്റെ നട്ടെല്ലായത് ഓസ്‌ട്രേലിയന്‍ കോച്ച് ഡേവ് വാട്ട്‌മോറായിരുന്നു. അദ്ദേഹം ടീമിനെ ഒന്നാകെ ഉടച്ചുവാര്‍ത്തു.
2017-18 സീസണില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു കേരളത്തിന്റെ ക്വാര്‍ട്ടറിലേക്കുള്ള മുന്നേറ്റം. തൊട്ടടുത്ത വര്‍ഷം ഗുജറാത്തിനെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച് കേരളം ആദ്യമായി സെമിഫൈനലിലെത്തി. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ബേസില്‍ തമ്പിയുടെ ബൗളിങ്ങില്‍ തകര്‍ന്ന പാര്‍ഥിവ് പട്ടേലിന്റെ ഗുജറാത്ത് ആദ്യ ഇന്നിങ്‌സില്‍ 162 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 81 റണ്‍സിനും പുറത്തായി. 113 റണ്‍സുമായി സെമിയിലേക്ക് മുന്നേറിയ കേരളത്തെ കാത്തിരുന്നത് കരുത്തരായ വിദര്‍ഭയായിരുന്നു. അന്നും ഇതുപോലൊരു ഫൈന്‍ പ്രവേശനത്തിനായി ആരാധകര്‍ കാത്തിരുന്നു. എന്നാല്‍ വയനാട്ടില്‍നിന്ന് വാര്‍ത്ത നിരാശപ്പെടുത്തുന്നതായിരുന്നു.
ഉമേഷ് യാദവിന്റെ പേസ് ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ കേരളം ദയനീയമായി തകര്‍ന്നു. രണ്ടിന്നിങ്‌സിലുമായി ഉമേഷ് യാദവ് 12 വിക്കറ്റെടുത്തതോടെ ജലജ് സക്‌സേനയ്ക്കുപോലും പിടിച്ചുനില്‍ക്കാനായില്ല. കേരളം ആദ്യ ഇന്നിങ്‌സില്‍ 106 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 91 റണ്‍സിനും കളം വിട്ടു. ഇന്നിങ്‌സിനും 11 റണ്‍സിനും വിദര്‍ഭ വിജയമാഘോഷിച്ചു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം കേരളത്തെ കാത്തിരുന്നത് അതിലും വലിയൊരു ദുഃസ്വപ്‌നമായിരുന്നു. 18 ടീമുകളുള്ള എലൈറ്റ് എ, ബി ഗ്രൂപ്പില്‍ 17-ാം സ്ഥാനക്കാരായ കേരളം തരംതാഴ്ത്തപ്പെട്ടു. എട്ട് മത്സരങ്ങളില്‍നിന്ന് വെറും 10 പോയിന്റായിരുന്നു കേരളത്തിന്റെ സമ്പാദ്യം. തൊട്ടടുത്ത സീസണുകളിലും കേരളത്തിന് കാര്യമായ നേട്ടങ്ങളുണ്ടാക്കാനായില്ല. ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ യാത്ര അവസാനിച്ചു.
എന്നാല്‍ ഇത്തവണ എല്ലാം കലങ്ങിത്തെളിഞ്ഞു. ഇന്ത്യയുടെ മുന്‍താരം അമേയ് ഖുറേസിയ പരിശീലനകനായി എത്തിയതോടെ ടീം മെച്ചപ്പെട്ടു. ഏറെ അനുഭവസമ്പത്തുള്ള ഖുറേസിയ കളിക്കളത്തിലും പുറത്തും കര്‍ക്കശക്കാരനായി പെരുമാറി. നന്നായി പരിശീലിക്കുന്നവരെ പ്രോത്സാഹിപ്പിച്ചു. അതിന് മടിച്ചവരെ ടീമിന് പുറത്താക്കി. ഫോമിലെത്തിയില്ലെങ്കിലും പരിശീലനത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാത്തവരെ ടീമില്‍ നിലനിര്‍ത്തി. അവര്‍ക്ക് അവസരങ്ങള്‍ നല്‍കി. ആ വിശ്വാസം താരങ്ങളും കാത്തു. അസ്ഹറുദ്ദീനും സല്‍മാന്‍ നിസാറും എം.ഡി നിധീഷുമെല്ലാം കളത്തില്‍ പുറത്തെടുത്ത പ്രകടനമാണ് ടീമിന്റെ മാറ്റത്തിന് തെളിവ്.
ക്രിക്കറ്റിനെ നെഞ്ചേറ്റിയ മലയാളികള്‍ക്ക് എല്ലാ കാലത്തും ആരാധിക്കാനുണ്ടായിരുന്നത് സച്ചിനും ഗാംഗുലിയും ദ്രാവിഡുമെല്ലാം ആയിരുന്നു. എന്നാലിപ്പോള്‍ രഞ്ജിയിലൂടെ സല്‍മാനും ജലജും സച്ചിന്‍ ബേബിയും അസ്ഹറുദ്ദീനുമെല്ലാം കേരളത്തില്‍ ഓളം തീര്‍ക്കുകയാണ്. ഒരൊറ്റ റണ്ണിന് സെമിയിലേക്കും രണ്ട് റണ്‍സിന് ഫൈനലിലേക്കും ഭാഗ്യവര തെളിഞ്ഞ കേരളത്തിന് കലാശക്കളിയിലും പിഴക്കില്ലെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേരളത്തിന്റെ ജഴ്‌സിയില്‍ കളിക്കുന്ന ജലജ് സക്‌സേനയ്ക്ക് കിരീടത്തിലൂടെ ഒരു സ്വപ്‌നതുല്ല്യമായ യാത്രയയപ്പ് നല്‍കാനും കേരളത്തിനാകട്ടെ.
Content Highlights: ranji trophy kerala cricket history