ദ്രാവിഡ് വീണ്ടും ക്രീസിൽ; മകനൊപ്പം പാർട്ട്ണർഷിപ്പ്, കൂറ്റൻ ടോട്ടലും വൻ ജയവും നേടി ടീം സെമിയിൽ

Photo | x.com/OMRcat
Photo | x.com/OMRcat

ബെംഗളൂരു: മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് വീണ്ടും ക്രീസില്‍. മൂന്നാം ഡിവിഷന്‍ ക്ലബ്ബില്‍ സ്വന്തം മകന്‍ അന്‍വയ്‌ക്കൊപ്പമാണ് രാഹുല്‍ വീണ്ടും ബാറ്റിങ്ങിനെത്തിയത്. ഇരുവരും ചേര്‍ന്ന് 17 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ഏകദിന മത്സരത്തില്‍ വിജയ ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടിയാണ് രാഹുല്‍ ഇറങ്ങിയത്. യങ് ലയണ്‍സ് ക്ലബ്ബിനെതിരെയായിരുന്നു മത്സരം.

എട്ട് പന്തുകളില്‍നിന്ന് ഒരു ഫോര്‍ ഉള്‍പ്പെടെ പത്തു റണ്‍സ് നേടിയ രാഹുലിനെ എ.ആര്‍. ഉല്ലാസ് പുറത്താക്കി. ആറാമനായി മടങ്ങിയ ദ്രാവിഡ്, മകന്‍ അന്‍വയുമായി ചേര്‍ന്ന് 15 പന്തില്‍ 17 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. പുറത്താവുമ്പോള്‍ അന്‍വയ് ആണ് അപ്പുറത്തെ എന്‍ഡില്‍ ഉണ്ടായിരുന്നത്. ഇതോടെ ഇതിഹാസതാരമായ അച്ഛന്‍, സ്വന്തം മകനൊപ്പം ബാറ്റ് ചെയ്യുന്ന ഒരപൂര്‍വ കാഴ്ചയ്ക്കുകൂടി കര്‍ണാടക വേദിയായി. 

അതിനിടെ അന്‍വയ് 60 പന്തില്‍ 58 റണ്‍സ് നേടി മികച്ച ഫോം കണ്ടെത്തി. എട്ട് ബൗണ്ടറി ഉള്‍പ്പെടെയാണ് അന്‍വയുടെ ഇന്നിങ്‌സ്. ടീമംഗം സ്വപ്‌നില്‍ യെലാവിന്റെ സെഞ്ചുറിയുടെ കൂടി ബലത്തില്‍ (50 പന്തില്‍ 107) വിജയ ക്രിക്കറ്റ് ക്ലബ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 345 റണ്‍സ് നേടി. തുടര്‍ന്ന് 24 റണ്‍സിന്റെ ജയം നേടിയ ക്ലബ് സെമി ഫൈനലില്‍ പ്രവേശിച്ചു. 

2013-ല്‍ ക്രിക്കറ്റില്‍നിന്ന് വിരമിച്ച രാഹുല്‍ ദ്രാവിഡ് ഇതാദ്യമായല്ല വീണ്ടും മത്സരത്തിനിറങ്ങുന്നത്. വിരമിച്ചതിനുശേഷം കുട്ടിക്കാലത്തെ തന്റെ ക്ലബ്ബായ ബാംഗ്ലൂര്‍ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബിനുവേണ്ടി രണ്ടുമാസം അദ്ദേഹം ജഴ്‌സിയണിഞ്ഞിരുന്നു. ദ്രാവിഡിന് സാമിത് എന്ന മൂത്ത മകന്‍ കൂടിയുണ്ട്. ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ കളിക്കുന്ന സാമിത്, മഹാരാജ ടി20 ട്രോഫിയില്‍ കഴിഞ്ഞ സീസണില്‍ ഏഴ് മത്സരങ്ങളില്‍നിന്നായി 82 റണ്‍സ് നേടി. ഇന്ത്യയ്ക്ക് 2024 ടി20 ലോകകപ്പ് കിരീടം നേടിത്തന്നതിനു പിന്നാലെ വിരമിച്ച ദ്രാവിഡ്, നിലവില്‍ ഐ.പി.എലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനാണ്.
 

Content Highlights: rahul dravid played alongside son anvay in a rare cricket comeback