‘അന്ന് പാകിസ്താനെതിരെ തോറ്റതോടെ ആളുകൾ ആത്മഹത്യ ചെയ്തു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഫ്ഗാൻതാരം

#സ്പോർട്സ് ഡെസ്ക്
റഹ്‌മാനുള്ള ഗുര്‍ബാസ് | PTI
റഹ്‌മാനുള്ള ഗുര്‍ബാസ് | PTI

ലാഹോർ: കഴിഞ്ഞ കുറച്ചുവർഷങ്ങളായി ലോകക്രിക്കറ്റിലെ ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നാണ് അഫ്ഗാനും പാകിസ്താനും തമ്മിലുള്ളത്. ഇരുരാജ്യങ്ങളും നേർക്കുനേർ വരുന്നത് വലിയ ആവേശമാണ് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഉണ്ടാക്കുന്നത്. ഇപ്പോഴിതാ പാകിസ്താനെതിരായ മത്സരങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അഫ്ഗാൻ താരം റഹ്‌മാനുള്ള ഗുർബാസ്. 2022-ലെ ഏഷ്യാകപ്പിലെ പാകിസ്താനെതിരായ തോൽവിയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

‘എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഹൃദയം തകർത്ത മത്സരം 2022 ഏഷ്യാകപ്പിലെ പാകിസ്താനെതിരായ തോൽവിയായിരുന്നു. നാട്ടിൽ ആളുകൾക്ക് വളരെ വേദനയുണ്ടായി. പലരും കരഞ്ഞു. ഇവിടെ ആളുകൾ ആത്മഹത്യ ചെയ്തു. വൈകാരികമായി സമീപിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. ഞങ്ങളും വേദനയിലായി.’ - ഗുർബാസ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

‘നിങ്ങളോട് ആ മത്സരത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ആ സങ്കടപ്പെടുത്തുന്ന ഓർമ്മകളെ എനിക്ക് ഇപ്പോഴും ഒർത്തെടുക്കാനാവും. ഞാൻ ഷാർജ സ്റ്റേഡിയത്തിൽ പ്രവേശിക്കുമ്പോഴെല്ലാം, ആ ഹൃദയം തകർത്ത തോൽവി എന്റെ ഓർമ്മയിൽ വരും. നമ്മൾ ജയിക്കേണ്ടിയിരുന്ന ആ കളിയിൽ എങ്ങനെയാണ് ഞങ്ങൾ തോറ്റതെന്ന് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഞങ്ങൾ നന്നായി ബാറ്റ് ചെയ്തില്ല, പക്ഷെ നന്നായി ബൗൾ ചെയ്തു. പക്ഷെ അവസാനം ഞങ്ങൾ തോറ്റു.’ - അദ്ദേഹം കൂട്ടിച്ചേർത്തു.

2022 സൂപ്പർ 4 മത്സരത്തിലാണ് അഫ്ഗാൻ പാകിസ്താനോട് തോറ്റത്. ഒരു വിക്കറ്റിനായിരുന്നു പാകിസ്താന്റെ ജയം. ആദ്യം ബാറ്റുചെയ്ത അഫ്ഗാൻ ആറുവിക്കറ്റ് നഷ്ടത്തിൽ 129 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനാകട്ടെ 19.2 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

പാകിസ്താൻ ക്രിക്കറ്റ് കളിക്കാരോട് വ്യക്തിപരമായ വിരോധമില്ലെന്നും ഗുർബാസ് കൂട്ടിച്ചേർത്തു. ‘ഞങ്ങൾ ക്രിക്കറ്റ് കളിക്കാരാണ്. ഞങ്ങൾ അഫ്ഗാനിസ്ഥാൻകാർക്ക് വേണ്ടിയാണ് കളിക്കുന്നത്. ഞങ്ങളുടെ സന്തോഷം ഞങ്ങളുടെ ആളുകളുടെ സന്തോഷത്തിലാണ്. ഇവിടെയുള്ളവരോട് ഏറ്റവും ഓർമ്മിക്കപ്പെടുന്ന കളി ഏതാണെന്ന് ചോദിച്ചാൽ, അവർ 2023 ഏകദിന ലോകകപ്പിൽ പാകിസ്താനെതിരായ വിജയത്തെക്കുറിച്ച് പറയും.’ - ഗുർബാസ് പറഞ്ഞു.

‘ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ, എനിക്ക് മറ്റേതെങ്കിലും ക്രിക്കറ്റ് കളിക്കാരനോട് വ്യക്തിപരമായ വിരോധം ഇല്ല.’ ഞങ്ങളുടെ ആരാധകർ എപ്പോഴും പാകിസ്താനെ തോൽപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Content Highlights: Gurbaz reflects on the emotional impact of the 2022 Asia Cup loss against Pakistan., The player highlights the immense pressure and expectations from Afghan fans., Clarification that no personal grudges exist between players despite intense rivalry., Emphasis on the team's motivation being rooted in the happiness of the Afghan people.