ബഹിഷ്കരണ ഭീഷണി പാളി, അഭിമുഖ വിവാദത്തിന് പിന്നാലെ മുൻ ഇംഗ്ലണ്ട് താരങ്ങളെ കമന്ററി പാനലിൽനിന്ന് നീക്കി പിസിബി

കറാച്ചി: ഏകദിന ത്രിരാഷ്ട്ര പരമ്പരയുടെ കമന്ററി പാനലിൽനിന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റന്മാരായ നാസർ ഹുസ്സൈനെയും മൈക്കൽ അതർട്ടണെയും നീക്കി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാക് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ തുടർച്ചയെന്നോണമാണ് പിസിബിയുടെ നീക്കം. ആറംഗ കമന്ററി പാനലിൽനിന്നാണ് ഇരുവരെയും നീക്കിയത്. 2024 ൽ നടന്ന ഇംഗ്ലണ്ട്-പാക് പരമ്പരയിൽ ഇരുവരും കമന്ററി പാനലിന്റെ ഭാഗമായിരുന്നു.
പാകിസ്താൻ, ശ്രീലങ്ക, ഇംഗ്ലണ്ട് ടീമുകളാണ് ത്രിരാഷ്ട്ര പരമ്പരയിൽ ഏറ്റുമുട്ടുന്നത്. പരമ്പര നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പിസിബിയുടെ നീക്കം. നേരത്തേ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ബ്രോഡ്കാസ്റ്ററായ സ്കൈ സ്പോർട്സ് ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖം പുറത്തിറക്കിയത് പാക് ബോർഡ് ചോദ്യം ചെയ്യുകയും വിഷയം വൻ വിവാദമാകുകയും ചെയ്തിരുന്നു.
അഭിമുഖം പുറത്തുവരുന്നത് തടയാൻ പാക് ടീം ബഹിഷ്കരണഭീഷണി വരെ മുഴക്കി. ലോർഡ്സ് ടെസ്റ്റിനിടെ അഭിമുഖം ടെലികാസ്റ്റ് ചെയ്യരുതെന്നും പുറത്തുവിട്ടാൽ ഇംഗ്ലണ്ടിനെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാക് ടീം ഭീഷണിപ്പെടുത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഈ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കാതെ ബ്രോഡ്കാസ്റ്റരായ സ്കൈ സ്പോർട്സ് അഭിമുഖം ഷെഡ്യൂൾ പ്രകാരം തന്നെ പുറത്തുവിട്ടു. ലോർഡ്സ് ടെസ്റ്റ് കഴിഞ്ഞ് ഒന്നരമാസം പിന്നിടുമ്പോഴാണ് പിസിബിയുടെ ഈ നടപടി.
ലോർഡ്സ് ടെസ്റ്റിൽ ടീമുകൾ ഉച്ചഭക്ഷണത്തിനായി പിരിയുന്ന വേളയിൽ അഭിമുഖം പുറത്തിറക്കുന്നതാണ് പാക് ബോർഡ് അന്ന് എതിർത്തത്. ഇമ്രാൻ ഖാന്റെ മക്കളെ മുൻ ഇംഗ്ലണ്ട് താരം മൈക്കൽ അതർട്ടണാണ് അഭിമുഖം ചെയ്തത്. അഭിമുഖം പുറത്തിറക്കരുതെന്ന കർശന നിലപാടുമായി പാകിസ്താൻ രംഗത്തെത്തി. അഭിമുഖം പുറത്തിറക്കിയാൽ മത്സരം ബഹിഷ്കരിക്കുമെന്നും പിസിബി അറിയിച്ചു. താരങ്ങളോട് മൈതാനത്ത് ഇറങ്ങേണ്ടതില്ലെന്ന നിലപാട് ബോർഡ് അറിയിച്ചതായാണ് വിവരം. അതേസമയം വിഷയത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഇടപെടുകയും മത്സരം പുനരാരംഭിക്കുകയും ചെയ്തു.
അതേസമയം, അഭിമുഖത്തിൽ ഇമ്രാൻ ഖാന്റെ മക്കളായ കാസിമും സുലൈമാനും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. ജയിലിൽവെച്ച് ഇമ്രാൻ ഖാനെ കൊല്ലാനാണ് ശ്രമിക്കുന്നതെന്നും കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞിരുന്നു. അവർ അവിടെ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമല്ല, അദ്ദേഹത്തെ അവിടെ വെച്ച് കൊല്ലാൻ ശ്രമിക്കുകയാണ്. അദ്ദേഹത്തെ കഴിയുന്നത്ര കാലം അകത്ത് കിടത്തുക, അദ്ദേഹത്തെ നിശബ്ദനാക്കുക. അദ്ദേഹം ഞങ്ങളുടെ അമ്മായിമാരോടും മറ്റുള്ളവരോടും അവസാനമായി സംസാരിച്ചപ്പോൾ, സാഹചര്യങ്ങൾ വഷളായതായാണ് പറഞ്ഞത്. ജയിലിൽ കൊല്ലപ്പെട്ടതോ മരിച്ചതോ ആയ മറ്റ് രാഷ്ട്രീയ തടവുകാരെക്കുറിച്ചാണ് സംസാരിച്ചത്. ഇപ്പോൾ, സ്ഥിതി എന്നത്തേക്കാളും മോശമാണ്. ഒരു ദിവസം 23 മണിക്കൂറിലധികം ഒരു സെല്ലിൽ പൂർണമായും ഒറ്റപ്പെടുത്തിയിരിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് കാസിം അഭിമുഖത്തിൽ പറയുന്നത്.
Content Highlights: PCB removes Nasser Hussain and Michael Atherton from the ODI tri-series commentary panel., The action follows the controversy over Michael Atherton's interview with Imran Khan's sons during the England-Pakistan series., Imran Khan's sons alleged threats to his life and harsh prison conditions in the interview.