‘ഇന്ത്യ അയർലൻഡിനോട് തോറ്റില്ലേ’; പാകിസ്താന്റെ തുടർതോൽവികളിൽ ന്യായീകരണവുമായി നഖ്‌വി

കറാച്ചി: വൻ പ്രതിസന്ധിയിലൂടെയാണ് പാകിസ്താൻ ക്രിക്കറ്റ് ടീം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ടീം ദയനീയമായി തകർന്നടിഞ്ഞു. ടീമിലെ ഏഴോളം താരങ്ങളെ ക്രിക്കറ്റ് ബോർഡ് നാട്ടിലേക്ക് തിരിച്ചുവിളിച്ചു. പരമ്പരയിൽ വൈറ്റ് വാഷ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പാകിസ്താൻ. ഇപ്പോഴിതാ പാകിസ്താന്റെ നിലവിലെ പ്രകടനങ്ങളിൽ പ്രതികരികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പിസിബി അധ്യക്ഷൻ മൊഹ്‌സിൻ നഖ്‌വി. ഇന്ത്യ അയർലൻഡിനോട് തോറ്റതും ദക്ഷിണാഫ്രിക്ക നമീബിയയോട് പരാജയപ്പെട്ടതും ചൂണ്ടിക്കാട്ടിയാണ് നഖ്‌വി പാകിസ്താന്റെ നിലവിലെ അവസ്ഥയെ പ്രതിരോധിച്ചത്.
"ഞാൻ നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ, ദക്ഷിണാഫ്രിക്ക നമീബിയയോട് തോറ്റു, ഇന്ത്യ അയർലൻഡിനോടും തോറ്റു. അവിടെയും ക്രിക്കറ്റ് അവസാനിച്ചോ? ഒരു കാര്യം പ്രധാനമാണ്, ഇവിടെ നമുക്ക് ആരെയാണ് ആവശ്യമുള്ളത്, അവരെ ഞങ്ങൾ കൊണ്ടുവരും. ആരെങ്കിലും തിളങ്ങുന്നില്ലെങ്കിലോ പ്രകടനം നടത്തുന്നില്ലെങ്കിലോ, നമുക്ക് എന്തുചെയ്യാൻ കഴിയും? ഓരോ മത്സരവും ഓരോ പരമ്പരയും ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്", നഖ്‌വി പറഞ്ഞു.
സൽമാൻ ആഗയുടെ നിലവിലെ പ്രകടനത്തേക്കുറിച്ചും നഖ്‌വി പ്രതികരിച്ചു. ‘ആഗ വളരെ മികച്ച കളിക്കാരനാണ്, എന്നിട്ടും ചില കാരണങ്ങളാൽ അയാൾക്ക് ഇപ്പോൾ തിളങ്ങാൻ കഴിയുന്നില്ല. ഞങ്ങൾ അദ്ദേഹത്തോട് വിശ്രമിക്കാൻ ആവശ്യപ്പെട്ടില്ല. അദ്ദേഹത്തോട് സംസാരിച്ച് മറ്റ് കാര്യങ്ങൾ ചെയ്തു. താരങ്ങളെ ടീമിൽനിന്ന് പുറത്താക്കുകയെന്നതല്ല ലക്ഷ്യം. ഒരു കളിക്കാരന് തിളങ്ങാൻ കഴിയുന്നില്ലെങ്കിൽ, ആവശ്യമായ മാറ്റം വരുത്തുകയെന്നതാണ് ലക്ഷ്യം’, അദ്ദേഹം കൂട്ടിച്ചേർത്തു.
"ടെസ്റ്റ് മത്സരത്തിൽ സംഭവിച്ചതിനെ ഒരു തെറ്റെന്ന് പറയാനാവില്ല. ഞങ്ങൾ ഈ രണ്ട് മത്സരങ്ങൾ തോറ്റു, എങ്കിലും ഏകദിനത്തിലും ടി20-യിലും ചെയ്തതുപോലെ, വരുംദിവസങ്ങളിൽ നമ്മൾ മെച്ചപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു. വിമർശനങ്ങളെ ഞാൻ ഒരിക്കലും ഭയപ്പെട്ടിട്ടില്ല, ഇനിയും ഭയപ്പെടുകയുമില്ല. ഞാൻ വന്നതിനുശേഷം ക്രിക്കറ്റ് തകർന്നു എന്ന് പറയുന്നവർ കോച്ചിങ് സംഘത്തെ കൊണ്ടുവരുന്നതിന് മുമ്പുള്ള റാങ്കിങ് എന്തായിരുന്നു എന്ന് നോക്കൂ. ഞങ്ങൾ ഏകദിനത്തിൽ എട്ടാമതായിരുന്നു, ഇപ്പോൾ അഞ്ചാമതാണ്. ടി20-യിൽ ഒമ്പതാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക് ഉയർന്നു", നഖ്‌വി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോൽവികൾക്ക് പിന്നാലെ കടുത്ത നടപടികൾ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് കൈകൊണ്ടിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതിന് പിന്നാലെ ടീമിലെ ഏഴ് താരങ്ങളെയും പരിശീലകരെയും പിസിബി നാട്ടിലേക്ക് തിരികെ വിളിച്ചു. മുഹമ്മദ് റിസ്വാൻ, സൽമാൻ അലി ആഗ, ഇമാം ഉൾ ഹഖ്, അലി ഉസ്മാൻ, ആമിർ ജമാൽ, മുഹമ്മദ് അവൈസ് സഫർ, ഖുറം ഷഹ്സാദ് എന്നിവരെയാണ് നാട്ടിലേക്ക് തിരിച്ചയച്ചത്.
ഇവർക്ക് പകരം ഇതുവരെ അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ലാത്ത അഞ്ച് പുതിയ താരങ്ങളെയും (അറഫാത്ത് മിൻഹാസ്, മുഹമ്മദ് ഇമ്രാൻ ജൂനിയർ, സാദ് ബെയ്ഗ്, മുഹമ്മദ് ഇമ്രാൻ രൺധാവ, റസാവുള്ള) ആകെ 10 മത്സരങ്ങൾ മാത്രം കളിച്ച് പരിചയമുള്ള സയിം അയൂബ്, അബ്ദുള്ള ഫസൽ എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം വൈറ്റ് ബോൾ ടീം പരിശീലകരായ മൈക്ക് ഹെസ്സൻ, ആഷ്ലി നോഫ്‌കെ എന്നിവരെ ടെസ്റ്റ് ടീമിന്റെ പരിശീലക സംഘത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.
Content Highlights: PCB Chairman Mohsin Naqvi defended Pakistan's poor performance by citing other major cricket upsets