ഒരുവര്‍ഷത്തിനിടെ രണ്ട് ICC ട്രോഫികള്‍; ഓസീസിന്റെ വിജയമന്ത്രമെന്ത്? വെളിപ്പെടുത്തി പാറ്റ് കമിന്‍സ്

ന്യൂഡല്‍ഹി: 2023-ല്‍ പാറ്റ് കമിന്‍സെന്ന തന്ത്രജ്ഞനായ നായകനു കീഴില്‍ ഓസ്‌ട്രേലിയ രണ്ട് ഐ.സി.സി. ടൂര്‍ണമെന്റുകളിലാണ് ചാമ്പ്യന്മാരായത്. ഏകദിന ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുമാണ് അവ. ഇപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കമിന്‍സിനു കീഴില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്.
എത്തുന്നിടത്തെല്ലാം പൊന്നു വിളയിക്കുന്ന ക്യാപ്റ്റനായി കമിന്‍സ് ഇതിനകംതന്നെ മാറി. ചരിത്രത്തില്‍ ഒരുവര്‍ഷത്തിനിടെ രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടിയ ഒരേയൊരു ക്യാപ്റ്റന്‍ കമിന്‍സേയുള്ളൂ. ഈ സാഹചര്യത്തില്‍, ഓസ്‌ട്രേലിയ ഐ.സി.സി. കിരീടം നേടുന്നതിനു പിന്നിലെ രഹസ്യമെന്തെന്ന് വെളിപ്പെടുത്തുകയാണ് മുപ്പത്തൊന്നുകാരനായ താരം. സ്‌പോര്‍ട്‌സ് ടാക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വിവരിച്ചത്.
കളിയോടുള്ള സമീപനം ഓസ്‌ട്രേലിയയെ വ്യത്യസ്തമാക്കുന്നുവെന്നാണ് കമിന്‍സിന്റെ പക്ഷം. ഐ.സി.സി. മത്സരങ്ങളില്‍ ഭാഗ്യഘടകമെന്നത് ഒഴിവാക്കാനാവത്തതാണ്. ഫൈനലിനെ സാധാരണ മത്സരംപോലെ കാണാന്‍ ശ്രമിക്കുക. അതേസമയം മത്സരത്തില്‍ തങ്ങള്‍ ചെയ്യുന്നതെന്തെന്ന് എന്നെന്നും ഓര്‍ത്തിരിക്കണമെന്ന കാര്യവും പരിഗണിക്കുന്നു.
'ഒരു ഐ.സി.സി. കിരീടം നേടുക എന്നതില്‍ ഭാഗ്യഘടകം ഒഴിച്ചുകൂടാനാവാത്തതാണ്. ഫൈനലിലെ സമ്മര്‍ദമകറ്റാന്‍ ഞങ്ങള്‍ കുറെ സമയം ചെലവഴിക്കുന്നു. അതേസമയംതന്നെ ജീവിതത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍ വളരെക്കാലം ഓര്‍ത്തിരിക്കാന്‍ പറ്റുന്നതും അന്ന് ആഗ്രഹിച്ച രീതിയില്‍ കളിക്കാന്‍ കഴിഞ്ഞെന്ന് ഉറപ്പുവരുത്തുന്നതുമായ മത്സരമായിരിക്കണം. ഒരു ഫൈനലിന്റെ ആത്മവിശ്വാസം അടുത്തതിലേക്ക് കൊണ്ടുപോകുന്നതില്‍ ഞങ്ങള്‍ കുറച്ച് വിജയിക്കാറുണ്ട്'-കമിന്‍സ് പറഞ്ഞു.
Content Highlights: pat cummins reveals australias mantra winning icc titles