അഫ്ഗാൻ താരങ്ങളുടെ മരണം: ICC-യെ പഴിച്ച് പാകിസ്താൻ; പ്രകോപനത്തിന് വഴങ്ങരുത്, സ്വതന്ത്രമായി നിലകൊള്ളണമെന്ന് ആവശ്യം

കറാച്ചി: അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് താരങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) നടത്തിയ പ്രസ്താവനയ്‌ക്കെതിരേ പാകിസ്താന്റെ വിമര്‍ശനം. സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് പാക് വാര്‍ത്താ വിനിമയ മന്ത്രി അത്താവുള്ള തരാര്‍ പറഞ്ഞു. ഐസിസിയുടെ പ്രസ്താവന പുനഃപരിശോധിക്കണം. തെളിവുകളൊന്നും ഹാജരാക്കാതെയാണ് അഫ്ഗാന്‍ ബോര്‍ഡ് പ്രസ്താവനകള്‍ നടത്തിയിരിക്കുന്നത്. മറ്റുള്ളവരുടെ പ്രകോപനത്തിന് വഴങ്ങി വിവാദപരമായ അവകാശവാദങ്ങള്‍ ഉന്നയിക്കരുതെന്നും സംഘടന സ്വതന്ത്രമായി നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാകിസ്താനില്‍ നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍നിന്ന് അഫ്ഗാനിസ്താന്‍ വിട്ടുനിന്നതാണ് ക്രിക്കറ്റ് ഭരണസമിതികളില്‍നിന്നുള്ള ഈ പ്രസ്താവനയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞും. മൂന്ന് അഫ്ഗാന്‍ താരങ്ങള്‍ കൊല്ലപ്പെട്ടെന്ന് അവകാശപ്പെടുന്ന ഐസിസിയുടെ പ്രസ്താവന തള്ളിക്കളയുന്നു. അഫ്ഗാന്‍ ബോര്‍ഡിന്റെ അവകാശവാദങ്ങളെ സ്വതന്ത്രമായി പരിശോധിക്കാതെയാണ് പ്രസ്താവന ഇറക്കിയത്. ഐസിസി ഇത് പുനഃപരിശോധിക്കണമെന്നും തരാര്‍ ആവശ്യപ്പെട്ടു.

ഐസിസിയുടെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകം ചെയര്‍മാന്‍ ജയ്ഷായുടെ സാമൂഹിക മാധ്യമ അക്കൗണ്ടിലും ഇതേ വാക്കുകള്‍ ആവര്‍ത്തിച്ചു. അഫ്ഗാന്‍ ബോര്‍ഡും സമാനമായ വാക്കുകള്‍ പങ്കുവെച്ചതും വിചിത്രമാണ്. തെളിവുകളൊന്നും ഹാജരാക്കാതെയാണ് അഫ്ഗാന്‍ അവകാശവാദമുന്നയിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പക്തിക പ്രവിശ്യയിലെ വ്യോമാക്രമണത്തില്‍ അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഐസിസിയും ബിസിസിഐയും പാകിസ്താന്റെ പേര് പരാമര്‍ശിക്കാതെ അനുശോചനമറിയിച്ചിരുന്നു. പിന്നാലെതന്നെ ചെയർമാൻ ജയ് ഷായും അഫ്ഗാൻ ക്രിക്കറ്റ് ബോർഡും ഇതേ വാക്കുകൾ ഉപയോഗിച്ചു. എന്നാല്‍, അഫ്ഗാന്റെ ഈ വാദം തെറ്റാണെന്നാണ് പാകിസ്താന്റെ നിലപാട്. ത്രിരാഷ്ട്ര പരമ്പരയില്‍നിന്ന് അഫ്ഗാന്‍ വിട്ടുനിന്നതിനെത്തുടര്‍ന്ന് സിംബാബ്‌വെയെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയതായി പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

Content Highlights: Pakistan Rejects ICC Statement on Afghan Cricketers' Deaths, Cites Unverified Claims