സെഞ്ചുറിയുമായി ഷഫീഖ്, ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്താന് വിജയം

Photo: twitter.com/ICC
Photo: twitter.com/ICC

ഗല്ലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന് നാലുവിക്കറ്റ് വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 342 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റേന്തിയ പാകിസ്താന്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ അബ്ദുള്ള ഷഫീഖാണ് പാകിസ്താന്റെ വിജയശില്‍പ്പി. സ്‌കോര്‍: ശ്രീലങ്ക 222, 337. പാകിസ്താന്‍ 218, ആറിന് 344.

രണ്ടാം ഇന്നിങ്‌സില്‍ സാമാന്യം ഉയര്‍ന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന് വേണ്ടി ഷഫീഖ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 408 പന്തുകളില്‍ നിന്ന് പുറത്താവാതെ 160 റണ്‍സാണ് താരം നേടിയത്. മത്സരത്തിലെ താരവും ഷഫീഖാണ്. ഏഴ് ബൗണ്ടറിയും ഒരു സിക്‌സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 

55 റണ്‍സെടുത്ത നായകന്‍ ബാബര്‍ അസം, 40 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്‍ എന്നിവരും പാകിസ്താന് വേണ്ടി തിളങ്ങി. 19 റണ്‍സുമായി മുഹമ്മദ് നവാസ് പുറത്താവാതെ ഷഫീഖിന് പിന്തുണയേകി. ശ്രീലങ്കയ്ക്ക് വേണ്ടി പുത്തന്‍ താരോദയം പ്രഭാത് ജയസൂര്യ നാലുവിക്കറ്റെടുത്തു. ആദ്യ ഇന്നിങ്‌സില്‍ അഞ്ചുവിക്കറ്റ് വീഴ്ത്താന്‍ ജയസൂര്യയ്ക്ക് സാധിച്ചിരുന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക ആദ്യ ഇന്നിങ്‌സില്‍ 222 റണ്‍സിന് ഓള്‍ ഔട്ടായി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ വെറും 218 റണ്‍സിന് ഓള്‍ ഔട്ടാക്കി ശ്രീലങ്ക ഉശിരുകാട്ടി. രണ്ടാം ഇന്നിങ്‌സില്‍ 94 റണ്‍സെടുത്ത ദിനേശ് ചണ്ഡിമലിന്റെ കരുത്തില്‍ ശ്രീലങ്ക 337 റണ്‍സെടുത്ത് മത്സരത്തില്‍ പിടിമുറുക്കി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ നന്നായി ബാറ്റ് വീശിയ പാകിസ്താന്‍ വിജയം സ്വന്തമാക്കി.

ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ പാകിസ്താന്‍ 1-0 ന് മുന്നിലെത്തി. പരമ്പരയിലെ അടുത്ത മത്സരം ജൂലായ് 24-ന് ആരംഭിക്കും.

Content Highlights: pakistan vs sri lanka, pak vs sl, cricket news, test cricket, cricket, sports news, sports