ഫൈനലിന് മുമ്പ് ബാബർ അസമിനെ ടീമിലെത്തിക്കാൻ പാകിസ്താൻ; ആവശ്യം തള്ളിയതായി റിപ്പോർട്ട്

ദുബായ്: ഏഷ്യ കപ്പ് ഫൈനലിന് മുമ്പ് അപ്രതീക്ഷിത നീക്കവുമായി പാകിസ്താന്‍. സൂപ്പര്‍താരം ബാബര്‍ അസമിനെ ടീമിലെത്തിക്കാന്‍ പാക് ടീം നീക്കങ്ങള്‍ നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍, ഏഷ്യ കപ്പ് അധികൃതര്‍ പാകിസ്താന്റെ ആവശ്യം തള്ളി. മുതിര്‍ന്ന താരങ്ങളായ ബാബര്‍ അസമിനെയും മുഹമ്മദ് റിസ്‌വാനെയും ഒഴിവാക്കിയാണ് ടീം ഏഷ്യ കപ്പ് കളിക്കാനെത്തിയത്. ഞായറാഴ്ചയാണ് ഇന്ത്യ-പാക് ഫൈനല്‍.
ഇന്ത്യക്കെതിരായ സമീപകാലത്തെ രണ്ട് തോൽവികൾക്ക് ശേഷം ബാബർ അസമിനെ ടീമിൽ തിരികെ ഉൾപ്പെടുത്തണമെന്ന് പിസിബി ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ദിവസങ്ങൾക്ക് മുൻപ്, ബാബർ അസമിനെ ഏഷ്യ കപ്പിനായി യുഎഇയിലേക്ക് അയക്കാൻ പോലും തീരുമാനിച്ചിരുന്നു. എന്നാൽ, ഏതെങ്കിലും കളിക്കാരന് പരിക്കേറ്റാലല്ലാതെ ടീമിൽ മാറ്റങ്ങൾ വരുത്താനാകില്ലെന്ന് സംഘാടകർ ബോർഡിനെ അറിയിച്ചതായും റിപ്പോർട്ടിലുണ്ട്. ഒരു പാകിസ്താന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത്.
ബാറ്റിങ് നിര തുടർച്ചയായി പരാജയപ്പെടുന്നതിനാൽ പാകിസ്താൻ ടീമിൽ ഒരു മുതിർന്ന ബാറ്ററുടെ അഭാവം അനുഭവപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഏഷ്യ കപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നായകൻ സൽമാൻ ആഗയെ സംബന്ധിച്ചും നിർണായക തീരുമാനമെടുത്തേക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ ബാബർ അസം പാക് ടീമിൽ തിരിച്ചെത്താനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ബാബർ അസം ടി20യിൽ മെച്ചപ്പെടാനുണ്ടെന്നും അതിന് അദ്ദേഹത്തിന് അവസരങ്ങളുണ്ടെന്നുമാണ് ഏഷ്യ കപ്പിനുള്ള ടീം പ്രഖ്യാപിച്ചുകൊണ്ട് പിസിബി ഡയറക്ടർ ജാവേദ് വ്യക്തമാക്കിയത്. സ്പിന്നിനെ നേരിടുന്നതിലും സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിലും ചില മേഖലകളിൽ മെച്ചപ്പെടാൻ ബാബറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം കഠിനമായി പ്രയത്നിക്കുന്നുമുണ്ട്. ബാബറിനെപ്പോലുള്ള ഒരു കളിക്കാരന് ബിബിഎല്ലിൽ കളിച്ച് ടി20യിൽ മെച്ചപ്പെടുന്നുണ്ടെന്ന് കാണിക്കാൻ അവസരമുണ്ട്. പരിഗണിക്കാതിരിക്കാൻ കഴിയാത്തത്ര മികച്ച കളിക്കാരനാണ് അദ്ദേഹം.- ജാവേദ് ടീം പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Content Highlights: india vs pakistan, babar azam, babar, asia cup final, final, india, pak team