ആകാശ്ദീപിന് 5 വിക്കറ്റ്; കിവീസ് 356 റൺസിന് പുറത്ത്, നിരാശപ്പെടുത്തി ബുംറ

#സ്പോര്‍ട്‌സ് ഡെസ്‌ക്‌

ക്രൈസ്റ്റ്ചർച്ച്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ ന്യൂസീലൻഡ് 356 റൺസിന് പുറത്ത്. ഒന്നാം ടെസ്റ്റിലെ ആവർത്തനമെന്നോണം തുടക്കത്തിലെ തിരിച്ചടി മറികടന്നാണ് കിവീസ് മികച്ച സ്‌കോർ സ്വന്തമാക്കിയത്. 211 പന്തിൽ നിന്ന് 89 റൺസെടുത്ത ടോം ബ്ലണ്ടെലാണ് കിവീസിന്റെ ടോപ് സ്‌കോറർ. ഇന്ത്യയ്ക്കായി ആകാശ് ദീപ് അഞ്ചു വിക്കറ്റ് വീഴ്ത്തി. 26 ഓവറുകളെറിഞ്ഞ ജസ്പ്രീത് ബുംറയ്ക്ക് ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. അൻഷുലും ഗുർനൂർ ബ്രാറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച കിവീസിന് തലേന്നത്തെ സ്‌കോറിനോട് ഒരു റൺ കൂട്ടിച്ചേർത്തപ്പോൾ തന്നെ ഗ്ലെൻ ഫിലിപ്‌സിന്റെ വിക്കറ്റ് നഷ്ടമായി. 67 പന്തിൽ നിന്ന് 36 റൺസെടുത്ത ഫിലിപ്‌സിനെ അൻഷുൽ കാംബോജാണ് മടക്കിയത്. ആറാം വിക്കറ്റിൽ ബ്ലണ്ടെലിനൊപ്പം നിർണായകമായ 63 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാൻ ഫിലിപ്‌സിനായി.

പിന്നാലെയെത്തിയ നഥാൻ സ്മിത്ത് പിടിച്ചുനിന്നതോടെ കിവീസ് സ്‌കോർ ചലിച്ചു. 45 പന്തിൽ നിന്ന് 26 റൺസെടുത്ത സ്മിത്ത് ഇന്ത്യയുടെ ക്ഷമ കാര്യമായി പരീക്ഷിച്ചു. ഒടുവിൽ 101-ാം ഓവറിൽ താരത്തെ പുറത്താക്കി ആകാശ് ദീപാണ് ആ പോരാട്ടം അവസാനിപ്പിച്ചത്. ബ്ലണ്ടെലിനൊപ്പം 44 റൺസിന്റെ കൂട്ടുകെട്ടിലും സ്മിത്ത് പങ്കാളിയായി. തുടർന്നെത്തിയ കൈൽ ജാമിസണും ഇന്ത്യൻ ബൗളർമാർക്കെതിരേ ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു. 26 പന്തിൽ 19 റൺസെടുത്ത ജാമിസണെ യശസ്വി ജയ്‌സ്വാൾ മികച്ച ഒരു ക്യാച്ചിലൂടെ മടക്കുകയായിരുന്നു. മാറ്റ് ഹെൻ റി 19 റൺസെടുത്തു.

ഒന്നാം ദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിനായി ഓപ്പണർ ഡെവോൺ കോൺവെയും ക്യാപ്റ്റൻ ടോം ലാഥവും ശ്രദ്ധയോടെയാണ് തുടങ്ങിയത്. 26 ഓവറുകൾ ക്രീസിൽ നിന്ന് ഇരുവരും 77 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 79 പന്തിൽ നിന്ന് 31 റൺസെടുത്ത കോൺവെയെ പുറത്താക്കി അരങ്ങേറ്റക്കാരൻ ഗുർനൂർ ബ്രാറാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ട തുടങ്ങിയത്.

പിന്നാലെ ടോം ലാഥവും ഹെൻഡ്രി നിക്കോൾസും ചേർന്ന് 93 പന്തുകളോളം പിടിച്ചുനിന്നു. അർധ സെഞ്ചുറി പിന്നിട്ട ടോം ലാഥത്തെ 42-ാം ഓവറിൽ മടക്കി ആകാശ് ദീപാണ് ഇന്ത്യയ്ക്ക് അടുത്ത ബ്രേക്ക്ത്രൂ സമ്മാനിച്ചത്. പിന്നാലെ 43-ാം ഓവറിൽ നിക്കോൾസിനെ അൻഷുൽ കാംബോജ് പുറത്താക്കി. 46 പന്തിൽ നിന്ന് 16 റൺസായിരുന്നു നിക്കോൾസിന്റെ സമ്പാദ്യം. തൊട്ടടുത്ത ഓവറിൽ രചിൻ രവീന്ദ്രയേയും (0) പുറത്താക്കി ആകാശ് ദീപ് കിവീസിനെ പ്രതിരോധത്തിലാക്കി. ഭേദപ്പെട്ട തുടക്കമിട്ട കിവീസിനെ 41-ാം ഓവറിനു ശേഷം ഇന്ത്യ ഞെട്ടിച്ചു. 41.3 - 44 ഓവറുകൾക്കിടയിലെ 15 പന്തുകളിൽ കിവീസിന്റെ മൂന്നു വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 110 റൺസെന്ന നിലയിലായിരുന്ന കിവീസ് 15 പന്തുകൾക്കിടെ നാലിന് 110 എന്ന നിലയിലേക്ക് വീണു.

എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഡാരിൽ മിച്ചൽ - ടോം ബ്ലണ്ടെൽ സഖ്യം ക്ഷമയോടെ പിടിച്ചുനിന്നു. 124 പന്തിൽ നിന്ന് ഇരുവരും 74 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഈ കൂട്ടുകെട്ട് പിരിക്കാൻ ഇന്ത്യ പരീക്ഷണങ്ങൾ നടത്തുന്നതിനിടെ 65-ാം ഓവറിൽ ഡാരിൽ മിച്ചലിനെ മടക്കി വാഷിങ്ടൺ സുന്ദർ ഇന്ത്യയ്ക്ക് പ്രതീക്ഷയേകി. 74 പന്തിൽ നിന്ന് 31 റൺസായിരുന്നു മിച്ചലിന്റെ സമ്പാദ്യം. നാല് ഫോറുകളടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. കൂടുതൽ വിക്കറ്റുകൾ വീഴ്ത്തി കിവീസിനെ സമ്മർദത്തിലാക്കാമെന്ന് കരുതിയ ഇന്ത്യയ്ക്കു മുന്നിൽ പക്ഷേ ബ്ലണ്ടെൽ - ഗ്ലെൻ ഫിലിപ്സ് സഖ്യം കോട്ട കെട്ടി. ഇരുവരും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ ഒന്നാം ദിനം പൂർത്തിയാക്കി.

Content Highlights: New Zealand crossed the 300-run mark on Day 2 of the second Test against India., Tom Blundell scored an unbeaten 80 runs off 186 balls., Crucial lower-order partnerships by Glenn Phillips and Nathan Smith frustrated Indian bowlers.