റാണയെ കൊല്‍ക്കത്ത ചതിച്ചുവെന്ന തരത്തില്‍ ഭാര്യയുടെ കുറിപ്പ്; 'രാജാവാക്കി' രാജസ്ഥാന്‍

നിതീഷ് റാണയും ഭാര്യയും/ നിതീഷ് റാണ | Photo: instagram/ nitish rana
നിതീഷ് റാണയും ഭാര്യയും/ നിതീഷ് റാണ | Photo: instagram/ nitish rana

2018 മുതല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിശ്വസ്തനായിരുന്ന നിതീഷ് റാണയ്ക്ക്‌ ഇത്തവണത്തെ ഐപിഎല്‍ ലേലം നിരാശയാണ് സമ്മാനിച്ചത്. കൊല്‍ക്കത്ത ടീം തന്നെ നിലനിര്‍ത്തുമെന്ന റാണയുടെ പ്രതീക്ഷകളെല്ലാം തെറ്റി. കൊല്‍ക്കത്ത കൈവിട്ടതോടെ 4.20 കോടി രൂപ മുടക്കി രാജസ്ഥാന്‍ റോയല്‍സ് റാണയെ ടീമിലെടുത്തു. 

ഇതിന് പിന്നാലെ നിരാശ പങ്കുവെച്ച് നിതീഷ് റാണയും ഭാര്യ സാച്ചി മര്‍വയും രംഗത്തെത്തി. 'വിശ്വസ്തത വളരെ ചെലവേറിയതാണ്. എല്ലാവര്‍ക്കും അത് താങ്ങാന്‍ കഴിയണമെന്നില്ല'  എന്നാണ് സാച്ചി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതിന് പിന്നാലെ പിങ്ക് ടീഷര്‍ട്ട് ധരിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി നിതീഷ് റാണയും പോസ്റ്റ് ചെയ്തു. 'രാജകീയമെന്നാല്‍ പിങ്കാണ്' എന്നാണ് റാണ ഈ ചിത്രത്തിനൊപ്പം കുറിച്ചത്. ഇരുവരും കൊല്‍ക്കത്ത ടീമിനെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോയും ചെയ്തു. അതേസമയം റാണയുടെ വരവ് രാജസ്ഥാന്‍ ആഘോഷമാക്കുകയും ചെയ്തു. 'റാണയാണെങ്കില്‍ രാജാവായിരിക്കും' എന്ന ക്യാപ്ഷനോടെയാണ് രാജസ്ഥാന്‍ പോസ്റ്റ് പങ്കുവെച്ചത്. 

1.50 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന റാണയ്ക്കായി ചെന്നൈ സൂപ്പര്‍ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരും രംഗത്തെത്തിയിരുന്നു. ഒടുവില്‍ രാജസ്ഥാനാണ് താരത്തെ സ്വന്തമാക്കിയത്. കൊല്‍ക്കത്തയ്ക്കായി 88 മത്സരങ്ങളില്‍ നിന്ന് 2199 റണ്‍സാണ് റാണ നേടിയത്. 136.32 ആണ് സ്‌ട്രൈക്ക് റേറ്റ്.
 

Content Highlights: nitish ranas wife slams kolkata for betraying husband in ipl 2025 auction