കോവിഡിൽ കുടുങ്ങി, ഒടുവിൽ ഓസീസ് ജഴ്സിയിൽ; ഓസ്ട്രേലിയൻ ടി20 ടീമിൽ ഇടംനേടി ഇന്ത്യൻ താരം നിഖിൽ ചൗധരി

സിഡ്നി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിൽ ഡൽഹിയിൽ ജനിച്ച അൺക്യാപ്പ്ഡ് സ്പിന്നർ നിഖിൽ ചൗധരിയെ ഉൾപ്പെടുത്തി. വ്യക്തിപരമായ കാരണങ്ങളാൽ ട്രാവിസ് ഹെഡ് ടീമിൽനിന്ന് പിന്മാറിയതിനെ തുടർന്നാണ് മുപ്പതുകാരനായ നിഖിലിന് ടീമിലേക്ക് വിളിവന്നത്. നിലവിൽ ബിഗ് ബാഷ് ലീഗിൽ ഹോബാർട്ട് ഹറിക്കെയ്ൻസിന്റെ ഓൾറൗണ്ടറായ നിഖിൽ, മത്സരരംഗത്തിറങ്ങിയാൽ കഴിഞ്ഞ 60 വർഷത്തിനിടെ ഓസ്‌ട്രേലിയയ്ക്കായി കളിക്കുന്ന ആദ്യ ഇന്ത്യക്കാരനായി നിഖിൽ മാറും.
നിലവിൽ ബെൽജിയത്തിൽ നടക്കുന്ന ഇ.യു ടി20 ടൂർണമെന്റിൽ ജെ.ബി ബ്രൂഗസിന് വേണ്ടി കളിക്കുന്ന താരമാണ് നിഖിൽ. വെള്ളിയാഴ്ച താരം ധാക്കയിൽവെച്ച് ഓസ്‌ട്രേലിയൻ ടീമിനൊപ്പം ചേരും. പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചാൽ, 1964-ൽ കളിച്ച ലെഗ് സ്പിന്നർ റെക്‌സ് സെല്ലേഴ്‌സിന് ശേഷം ഓസ്ട്രേലിയക്കായി കളിക്കുന്ന ആദ്യ ഇന്ത്യക്കാരനാകും നിഖിൽ ചൗധരി.
ഡൽഹിയിൽ ജനിച്ച്, ഈ പതിറ്റാണ്ടിന്റെ തുടക്കത്തിലാണ് താരം ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. ലെഗ് സ്പിൻ ഓൾറൗണ്ടറായ നിഖിലിന് ടീമിന്റെ മധ്യനിരയിൽ സ്ഥാനം കണ്ടെത്താൻ ജോയൽ ഡേവിസ്, ആരോൺ ഹാർഡി എന്നിവരുമായി മത്സരിക്കേണ്ടി വരും.
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബ് ടീമിന് വേണ്ടി 14 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഹർഭജൻ സിങ്, ശുഭ്മൻ ഗിൽ, അഭിഷേക് ശർമ എന്നിവർക്കൊപ്പം കളിച്ചിട്ടുള്ള താരം ഐ.പി.എൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ ട്രയൽസിലും പങ്കെടുത്തിരുന്നു. പിന്നീട് ക്വീൻസ്ലൻഡിലുള്ള തന്റെ അമ്മാവനെ സന്ദർശിക്കാൻ ഓസ്‌ട്രേലിയയിലെത്തിയപ്പോഴാണ് കോവിഡിനെത്തുടർന്ന് അന്താരാഷ്ട്ര അതിർത്തികൾ അടച്ചത്. ഇതോടെ തന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾ ഓസ്ട്രേലിയയിൽ പിന്തുടരാൻ താരം തീരുമാനിക്കുകയായിരുന്നു.
മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ജൂൺ 17-നാണ് ആദ്യ മത്സരം. രണ്ടാം ടി20 ജൂൺ 19-നും മൂന്നാമത്തെയും അവസാനത്തെയും മത്സരം ജൂൺ 21-നും നടക്കും.
Content Highlights: Nikhil Chaudhary replaces Travis Head in the Australian T20I squad., Potential to be the first India-born player for Australia since 1964., Series against Bangladesh scheduled for June 17, 19, and 21, 2026., Chaudhary is a leg-spin all-rounder with BBL and IPL experience.