അകലെപ്പോയ കിരീടങ്ങൾ, ബാക്കിയായ കണ്ണീര്; കിവീസിനെ വിട്ടൊഴിയാതെ ‘ഫൈനൽ ശാപം’

#സ്പോർട്സ് ഡെസ്ക്
ഫൈനൽ മത്സരത്തിനിടെ കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ
ഫൈനൽ മത്സരത്തിനിടെ കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ

വസാന കടമ്പയിൽ കാലിടറുന്ന പതിവ് ദുരന്തം കിവീസ് ഇക്കുറിയും ആവർത്തിച്ചു. ഒരിക്കൽക്കൂടി ഒരു ലോകകപ്പ് ഫൈനലിൽ കിരീടത്തിന് തൊട്ടരികിലെത്തി അവർക്ക് മടങ്ങേണ്ടിവന്നിരിക്കുന്നു. ഇത്തവണ ഇന്ത്യൻ വന്മതിലിന് മുന്നിലാണ് ആ സ്വപ്നം വീണുടഞ്ഞത്. ലോകക്രിക്കറ്റിലെ 'മാന്യന്മാർ' എന്ന വിശേഷണമുണ്ടെങ്കിലും നിർണായക നിമിഷങ്ങളിൽ ഭാഗ്യം തുണയ്ക്കാത്ത ടീമെന്ന അപഖ്യാതി അവരെ വിട്ടൊഴിയുന്നേയില്ല. മറുപുറത്ത് ഇന്ത്യയാവട്ടെ, 2023 ലോകകപ്പ് ഫൈനലിൽ ഇതേ മണ്ണിൽ ഓസീസിന് മുന്നിൽ വീണ് വിതുമ്പിയ ചരിത്രത്തിന് ചെറിയ പ്രായശ്ചിത്തം ചെയ്തു എന്ന ആശ്വാസമുണ്ട്. അന്ന് തോറ്റുപോയ കോടിക്കണക്കിന് ഇന്ത്യക്കാരുടെ നെഞ്ചിലെ നീറ്റലിന് നീലപ്പട ചെയ്ത പരിഹാരംകൂടിയായി ഇതിനെ കണക്കാക്കാം.

ഐ.സി.സി. ടൂർണമെന്റ് ഫൈനലുകളിൽ കിരീടമോഹങ്ങൾ തകർന്നടിയുക എന്നത് കിവീസിനെ സംബന്ധിച്ച്, ഇത് ഏഴാമത്തേതാണ്. ക്രിക്കറ്റിൽ പൊതുവേ 'ചോക്കേഴ്സ്' (നിർണായക ഘട്ടത്തിൽ പരാജയപ്പെടുന്നവർ) എന്നറിയപ്പെടുന്ന ടീം ദക്ഷിണാഫ്രിക്കയാണ്. കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കൻ മുൻ താരം ഡെയ്ൽ സ്റ്റെയിൻ മുൻ സഹതാരം എബി ഡി വില്ലിയേഴ്സിന്റെ യുട്യൂബ് ചാനലിൽ സംസാരിക്കുന്നതിനിടെ കൗതുകകരമായ ഒരു നിരീക്ഷണം നടത്തി. ഞായറാഴ്ച കലാശപ്പോരാട്ടത്തിൽ പരാജയപ്പെട്ടാൽ തങ്ങളുടെ പക്കലുള്ള ചോക്കേഴ്സ് എന്ന വിളിപ്പേര് ന്യൂസീലൻഡിന് കൈമാറുമെന്നായിരുന്നു അത്. ഫൈനലുകളിൽ ന്യൂസീലൻഡിനോളം പരാജയം ദക്ഷിണാഫ്രിക്കയ്ക്ക് ഏൽക്കേണ്ടി വന്നിട്ടില്ല എന്ന സത്യം മുൻനിർത്തിയായിരുന്നു സ്റ്റെയിനിന്റെ പരാമർശം.

ഭാഗ്യം തുണയ്ക്കാത്ത സാഹചര്യങ്ങൾ പലതും ഉണ്ടായിട്ടുണ്ടെങ്കിലും, അക്കൂട്ടത്തിൽ ഏറ്റവും കണ്ണീരണിയിക്കുന്നതും കായികപ്രേമികളെ ഇന്നും വേദനിപ്പിക്കുന്നതുമാണ് 2019-ലെ ലോകകപ്പ് കിരീടം ന്യൂസീലൻഡിന് കൈവിട്ടുപോയത്. സർവ സന്നാഹങ്ങളുമായി എത്തിയ കരുത്തരായ ഇന്ത്യയെ സെമിഫൈനലിൽ മുട്ടുകുത്തിച്ച് ഫൈനലിൽ എത്തിയ കിവീസ് പടയ്ക്ക് പക്ഷേ, കണ്ണീരോടെയല്ലാതെ ആ ഫലത്തെ ഒരുകാലത്തും ഓർക്കാൻ കഴിയില്ല. വിധിയും നിയമങ്ങളും അമ്പയർമാരുടെ പിഴവും വിചിത്രമായ നിയമക്കുരുക്കും അവരെ ഒരുപോലെ പരാജയപ്പെടുത്തി.

2019 ജൂലായ് 14-ന് ഇംഗ്ലണ്ടിനെതിരെയായിരുന്നു ഫൈനൽ. ആദ്യം ബാറ്റുചെയ്ത ന്യൂസീലൻഡ് ഉയർത്തിയ 242 റൺസ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് അവസാന ഓവറിൽ ജയിക്കാൻ 15 റൺസ് വേണമായിരുന്നു. ട്രെന്റ് ബോൾട്ട് എറിഞ്ഞ ആ ഓവറിലെ നാലാം പന്തിൽ ബെൻ സ്റ്റോക്സ് രണ്ടാം റണ്ണിനായി ഡൈവ് ചെയ്യുന്നതിനിടെ, മാർട്ടിൻ ഗപ്റ്റിൽ എറിഞ്ഞ പന്ത് സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറി കടന്നു. അമ്പയർ കുമാർ ധർമസേന ഇതിന് ആറ് റൺസ് അനുവദിച്ചു. എന്നാൽ, ക്രിക്കറ്റ് നിയമം 19.8 അനുസരിച്ച് ഫീൽഡർ പന്ത് എറിയുന്ന നിമിഷം ബാറ്റ്‌സ്മാൻമാർ പരസ്പരം ക്രോസ് ചെയ്തിട്ടില്ലെങ്കിൽ അഞ്ച് റൺസ് മാത്രമേ നൽകാവൂ. അമ്പയർമാർക്ക് സംഭവിച്ച ഈ പിഴവ് മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു. ഒരു റണ്ണിന്റെ ആ ആനുകൂല്യം ലഭിച്ചില്ലായിരുന്നുവെങ്കിൽ ഇംഗ്ലണ്ടിന് അന്ന് വിജയിക്കാൻ കഴിയില്ലായിരുന്നുവെന്നത് പിൽക്കാലത്ത് വലിയ ചർച്ചയായി.

തുടർന്ന് ഇരുടീമും 15 റൺസ് വീതം നേടി സൂപ്പർ ഓവറും ടൈ ആയി. തുടർന്നാണ് അന്ന് നിലവിലുണ്ടായിരുന്ന ബൗണ്ടറി കൗണ്ട് എന്ന വിചിത്ര നിയമം ന്യൂസീലൻഡിന്റെ വിധി കുറിച്ചത്. മത്സരത്തിൽ കൂടുതൽ ബൗണ്ടറികൾ (24 എണ്ണം) നേടിയ ടീം എന്ന പരിഗണനയിൽ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചു. 16 ബൗണ്ടറികൾ മാത്രം നേടിയ ന്യൂസീലൻഡ് റണ്ണേഴ്സ് അപ്പായി ഒതുങ്ങി. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ പ്രതിഷേധത്തെത്തുടർന്ന് ഐസിസി പിന്നീട് ഈ 'ബൗണ്ടറി കൗണ്ട്' നിയമം റദ്ദാക്കിയെങ്കിലും ആ തീരുമാനം കിവീസിന് നഷ്ടപ്പെടുത്തിയത് അർഹിച്ച കിരീടമാണ്. നിയമങ്ങളിലെ നൂലാമാലകളും വിധിയുടെ വിളയാട്ടവും ചേർന്ന് ഒരു മികച്ച ടീമിന്റെ സ്വപ്നങ്ങൾ തകർത്ത മത്സരമായി 2019 ഫൈനൽ ഇന്നും ചരിത്രത്തിൽ അവശേഷിക്കുന്നു. കളി ജയിച്ചിട്ടും കപ്പ് നഷ്ടപ്പെട്ട നിസ്സഹായതയോടെ നിൽക്കുന്ന അന്നത്തെ കെയ്ൻ വില്യംസണിന്റെ മുഖം ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽനിന്ന് മായില്ല.

2015 ഏകദിന ലോകകപ്പിലാണ് കിവീസ് ആദ്യമായി ലോകകപ്പ് ഫൈനലിലെത്തുന്നത്. അന്ന് മെൽബണൽവെച്ച് നടന്ന ഫൈനലിൽ ഓസ്ട്രേലിയയോട് ഏഴുവിക്കറ്റിനാണ് പരാജയപ്പെട്ടത്. അന്ന് ആദ്യം ബാറ്റുചെയ്ത ന്യൂസീലൻഡ് 45 ഓവറിൽ 183-ന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ 33.1 ഓവറിൽ ലക്ഷ്യം മറികടന്ന് ഏഴുവിക്കറ്റിന്റെ ജയംനേടി. 2015, 2019 എന്നിങ്ങനെ ആവർത്തിച്ചുള്ള ഈ രണ്ട് ലോകകപ്പുകളിലാണ് ന്യൂസീലൻഡ് ഫൈനലിൽ കടന്നത്. പക്ഷേ, ഒന്നിൽ ഓസ്ട്രേലിയയുടെ മികവിന് മുന്നിലും മറ്റൊന്നിൽ ക്രിക്കറ്റിന്റെ വിചിത്ര നിയമങ്ങൾക്ക് മുന്നിലും റണ്ണറപ്പാവാനായിരുന്നു അവരുടെ വിധി.

ഐ.സി.സി. ടൂർണമെന്റുകളുടെ ഫൈനലിൽ ന്യൂസീലൻഡിന്റെ ഏറ്റവും വലിയ പേടിസ്വപ്നം ഓസ്‌ട്രേലിയയാണ്. ഇതുവരെ ആറ് തവണ കൈവിട്ട കിരീടങ്ങളിൽ നാലുതവണയും വീണത് അയൽക്കാരായ ഓസ്‌ട്രേലിയക്ക് മുന്നിലാണ്. 2021-ലെ ടി20 ലോകകപ്പ് ഫൈനലിലും ഈ ചരിത്രം ആവർത്തിക്കുന്നതാണ് കണ്ടത്. ആദ്യം ബാറ്റുചെയ്ത് ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ 172 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ ഏഴ് പന്തുകൾ ശേഷിക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. പിന്നാലെ ചാമ്പ്യൻസ് ട്രോഫിയിൽ 2009-ൽ ഓസ്ട്രേലിയയോടും 2025-ൽ ഇന്ത്യയോടും പരാജയപ്പെട്ടു. 2013-ന് ശേഷം ഇന്ത്യ നേടിയ രണ്ടാമത്തെ ചാമ്പ്യൻസ് ട്രോഫി കിരീടമാണിത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 2023-ൽ ഓസ്ട്രേലിയയോടും പരാജയപ്പെട്ടതോടെ ആകെ ആറ് കിരീടങ്ങൾ എത്തിപ്പിടിക്കാൻ പാകത്തിൽനിന്ന് ന്യൂസീലൻഡിന് കൈവിട്ടുപോയി.

അതേസമയം, രണ്ട് പ്രധാന കിരീടങ്ങൾ ന്യൂസീലൻഡ് നേടിയിട്ടുണ്ട്. കൗതുകകരമായ കാര്യം, ഈ രണ്ടുതവണയും അവർ ഫൈനലിൽ പരാജയപ്പെടുത്തിയത് ഇന്ത്യയെയാണെന്നതാണ്. 2000 ഐ.സി.സി. നോക്കൗട്ട് ട്രോഫിയിലാണ് (ഇപ്പോഴത്തെ ചാമ്പ്യൻസ് ട്രോഫി) കിവീസ് ആദ്യമായി ഒരു പ്രധാന കിരീടം നേടുന്നത്. ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ സെഞ്ചുറിയും സച്ചിൻ തെണ്ടുൽക്കറുടെ അർധസെഞ്ചുറിയും അന്ന് ഇന്ത്യയെ രക്ഷിച്ചില്ല. ക്രിസ് കെയിൻസ് പുറത്താവാതെ നേടിയ സെഞ്ചുറിയാണ് അന്ന് കിവികൾക്ക് ജയം സമ്മാനിച്ചത്. കെയിൻസും ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ളെമ്മിങ്ങുമല്ലാതെ വലിയ പേരുകളില്ലാതെയാണ് കിവീസ് അന്ന് നെയ്റോബിയിൽ മത്സരത്തിനെത്തിയത്. സച്ചിൻ, ദ്രാവിഡ്, കുംബ്ലെ, ഗാംഗുലി ഉൾപ്പെടെയുള്ള ഇന്ത്യയുടെ മികച്ച ടീമിനോടാണ് അവർ പോരാടി ജയിച്ചത്.

2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യക്കെതിരേ ന്യൂസീലൻഡ് വിജയിച്ചു. ആദ്യമായി നടന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലായിരുന്നു ഇത്. സതാംപ്ടണിലെ പേസിനെ തുണയ്ക്കുന്ന പിച്ചിൽ കൈൽ ജാമിസണിന്റെ ബൗളിങ്ങിന് മുന്നിൽ ഇന്ത്യൻ ബാറ്റിങ് തകർന്നു. ആദ്യ ഇന്നിംഗ്സിൽ 217-നും രണ്ടാം ഇന്നിംഗ്സിൽ 170-നും ഇന്ത്യ പുറത്തായി. 139 റൺസ് എന്ന ചെറിയ ലക്ഷ്യം എട്ട് വിക്കറ്റ് ബാക്കി നിൽക്കെ ന്യൂസീലൻഡ് മറികടന്നു. 2019 ലോകകപ്പ് സെമിഫൈനലിലെ തോൽവിക്ക് പിന്നാലെ ടെസ്റ്റ് ഫോർമാറ്റിലും കിവികൾ ഇന്ത്യയുടെ സ്വപ്നങ്ങൾ തകർക്കുകയായിരുന്നു.

Content Highlights: Analysis of New Zealand's repeated failures in ICC tournament finals