മൂന്ന് ഗ്രൗണ്ടുകള്‍, നീന്തല്‍ക്കുളം; പുതിയ ക്രിക്കറ്റ് അക്കാദമി ഉടന്‍ തുറക്കുമെന്ന് ജയ്ഷാ

Photo | x.com/JayShah
Photo | x.com/JayShah

ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പണി പൂര്‍ത്തിയാവാറായെന്ന് അറിയിച്ച് ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷാ. പുതിയ അക്കാദമി ക്രിക്കറ്റ് താരങ്ങള്‍ക്കായി ഉടന്‍ തുറന്നുനല്‍കും. മൂന്ന് ലോകോത്തര ഗ്രൗണ്ടുകള്‍, നിരവധി പ്രാക്ടീസ് പിച്ചുകള്‍, സ്വിമ്മിങ് പൂള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പുതിയ അക്കാദമി നിര്‍മിച്ചിരിക്കുന്നത്. 

'ബെംഗളൂരുവിലെ ബി.സി.സി.ഐ.യുടെ പുതിയ ദേശീയ ക്രിക്കറ്റ് അക്കാദമി ഏതാണ്ട് പൂര്‍ത്തിയായെന്നും ഉടന്‍തന്നെ തുറക്കുമെന്നും അറിയിക്കുന്നതില്‍ വലിയ ആവേശമുണ്ട്. പുതിയ അക്കാദമിയില്‍ മൂന്ന് ലോകോത്തര കളിക്കളങ്ങള്‍, 45 പ്രാക്ടീസ് പിച്ചുകള്‍, ഇന്‍ഡോര്‍ ക്രിക്കറ്റ് പിച്ചുകള്‍, ഒളിമ്പിക് വലിപ്പത്തിലുള്ള നീന്തല്‍ക്കുളം, അത്യാധുനിക പരിശീലന കേന്ദ്രങ്ങള്‍, റിക്കവറി ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സ് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ സംരംഭം നമ്മുടെ രാജ്യത്തെ നിലവിലുള്ളതും ഭാവിയിലേതുമായ ക്രിക്കറ്റ് താരങ്ങളുടെ കഴിവുകളെ സാധ്യമായ ഏറ്റവും മികച്ച അന്തരീക്ഷത്തില്‍ വികസിപ്പിക്കാന്‍ സഹായിക്കും', ജയ്ഷാ പറഞ്ഞു. 

കഴിഞ്ഞവര്‍ഷം ഏകദിന ലോകകപ്പിലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ റണ്ണര്‍ അപ്പായിരുന്നു. ഈവര്‍ഷം യു.എസ്.എ.യിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്മാരായി. ഇതോടെ രണ്ടുവീതം ഏകദിന-ടി20 ലോകകപ്പുകള്‍ നേടുന്ന രാജ്യമായി ഇന്ത്യ മാറി.

Content Highlights: new nca in bangalore is set to open soon