മുംബൈക്ക് കരുത്തായി ഡി കോക്കിന്റെ സെഞ്ചുറി; പഞ്ചാബിന് 196 റൺസ് വിജയലക്ഷ്യം

#സ്പോർട്സ് ഡെസ്ക്ക്
സെഞ്ചുറി നേടിയ ക്വിൻറൺ ഡി കോക്ക് | ഫോട്ടോ - എ.പി.
സെഞ്ചുറി നേടിയ ക്വിൻറൺ ഡി കോക്ക് | ഫോട്ടോ - എ.പി.

മുംബൈ: ഐപിഎലിൽ പഞ്ചാബ് കിങ്സിന് മുന്നിൽ 196 റൺസ് വിജയലക്ഷ്യമുയർത്തി മുംബൈ ഇന്ത്യൻസ്. ക്വിന്റൺ ഡി കോക്കിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തിലാണ് മുംബൈ മികച്ച സ്കോ‍ർ കണ്ടെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ, നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി.

ബൗളിങ് തിരഞ്ഞെടുത്ത പഞ്ചാബ് കിങ്‌സിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു മുംബൈയുടെ തുടക്കം. ഓപ്പണർ റയാൻ റിക്കൽട്ടണെയും (2) പിന്നാലെ സൂര്യകുമാർ യാദവിനെയും (0) അർഷ്ദീപ് സിങ് തുടക്കത്തിലേ മടക്കി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ക്വിന്റൺ ഡി കോക്കും നമൻ ധിറും ചേർന്ന് മുംബൈയെ മത്സരത്തിലേക്ക് ശക്തമായി തിരികെ കൊണ്ടുവന്നു.

വെറും 60 പന്തിൽനിന്ന് 8 ഫോറും 7 സിക്സറുമടക്കം 112 റൺസുമായി ഡി കോക്ക് പുറത്താകാതെ നിന്നു. ഈ സെഞ്ചുറിയോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ 9 സെഞ്ചുറികളുമായി വിരാട് കോലിക്കൊപ്പമെത്താനും ഡി കോക്കിന് കഴിഞ്ഞു. 31 പന്തിൽ 50 റൺസ് നേടിയ നമൻ ധിർ ഡി കോക്കിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 122 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (14), തിലക് വർമ (8) എന്നിവർ വേഗം പുറത്തായി. പഞ്ചാബിന് വേണ്ടി അർഷ്ദീപ് സിങ് 4 ഓവറിൽ 22 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. മാ‍ർക്കോ ജാൻസൻ, ശശാങ്ക് സിങ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.