'ഇതെന്റെ സ്വപ്‌നമായിരുന്നു' അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി ഷമി; നിറഞ്ഞ കൈയടികള്‍ | VIDEO

രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി അര്‍ജുന പുരസ്‌കാരം സ്വീകരിക്കുന്നു | PTI
രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി അര്‍ജുന പുരസ്‌കാരം സ്വീകരിക്കുന്നു | PTI

ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി കായിക ബഹുമതിയായ അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി. പ്രസിഡന്റ് ദ്രൗപതി മുര്‍മുവില്‍നിന്ന് ചൊവ്വാഴ്ചയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ നിറഞ്ഞ കരഘോഷത്തോടെയാണ് ഷമിയെ വരവേറ്റത്. കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഷമിയെ അര്‍ജുന അവാര്‍ഡിന് തിരഞ്ഞെടുത്തത്‌.

അവാര്‍ഡിന് പരിഗണിച്ചതിലെ സന്തോഷം ഷമി പ്രകടിപ്പിച്ചു. വര്‍ഷങ്ങളായി കഠിനാധ്വാനം ചെയ്തിട്ടും അവാര്‍ഡ് ലഭിക്കാതെ പോയ ആളുകളുണ്ടെന്നും അതിനാല്‍ത്തന്നെ ഈ പുരസ്‌കാരം ഒരു സ്വപ്‌നമാണെന്നും ഷമി പറഞ്ഞു. 'ഈ പുരസ്‌കാരം എന്റെ സ്വപ്‌നമാണ്. ഈ പുരസ്‌കാരം ലഭിക്കാനാവാതെ ജീവിതം കടന്നുപോയവരുണ്ട്. പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ജീവിതത്തില്‍ ഈ പുരസ്‌കാരം സ്വീകരിക്കുന്ന ഒരുപാട് പേരെ കണ്ടതിനാല്‍, ഇതെനിക്ക് ലഭിക്കുക എന്നത് ഒരു സ്വപ്നംപോലെയാണ്'-ഷമി പറഞ്ഞു. 

ഷമിയെക്കൂടാതെ അമ്പെയ്ത്ത് താരം ശീതള്‍ ദേവി, സ്റ്റീപ്പിള്‍ ചേസര്‍ പാരുള്‍ ചൗധരി, ഷൂട്ടിങ് താരം ഐശ്വര്യപ്രതാപ് സിങ് തോമര്‍, അണ്ടര്‍ ട്വന്റി ഗുസ്തി താരം അന്തിം പംഗാല്‍ എന്നിവരും രാഷ്ട്രപതിയില്‍നിന്ന് അര്‍ജുന പുരസ്‌കാരം ഏറ്റുവാങ്ങി. 

കഴിഞ്ഞ ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഷമിയെ അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 24 വിക്കറ്റുകള്‍ നേടി ലോകകപ്പിലെ മികച്ച വിക്കറ്റ് വേട്ടക്കാരനായി അദ്ദേഹം മാറിയിരുന്നു.
 

Content Highlights: mohammed shami received arjuna award