‘അവനെ വെള്ളം ചുമക്കാൻ ഏൽപ്പിച്ചു’; വൈഭവിന്റെ അരങ്ങേറ്റം വൈകിപ്പിച്ചതിൽ കടുത്ത വിമർശനവുമായി കൈഫ്

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
വൈഭവ് സൂര്യവംശി, മുഹമ്മദ് കൈഫ് | Photo: ANI, Getty Images
വൈഭവ് സൂര്യവംശി, മുഹമ്മദ് കൈഫ് | Photo: ANI, Getty Images

മുംബൈ: യുവ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയെ ടീം ഇന്ത്യ കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമർശിച്ച് മുൻ താരം മുഹമ്മദ് കൈഫ്. 2026 ഐപിഎൽ സീസണിൽ ഓറഞ്ച് ക്യാപ്പ് നേടിയ 15 വയസുകാരനെ അയർലൻഡ് പര്യടനത്തിൽ തന്നെ കളിപ്പിക്കേണ്ടതായിരുന്നുവെന്ന് കൈഫ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ അഭിപ്രായപ്പെട്ടു.

ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് ശേഷം അയർലൻഡ് പര്യടനത്തിൽ സൂര്യവംശിയെ നേരിട്ട് കളിപ്പിക്കണമായിരുന്നുവെന്ന് കൈഫ് പറഞ്ഞു. വൈഭവിനെ ബെഞ്ചിലിരുത്തിയ ടീം മാനേജ്‌മെന്റിന്റെ നടപടിയെ 'ആദ്യം വെള്ളം ചുമക്കാൻ ഏൽപ്പിച്ചു' എന്നാണ് കൈഫ് പരിഹസിച്ചത്. അസാധാരണ പ്രതിഭയുള്ള ഒരു താരത്തെ വേണ്ട രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതിന് പകരം സെലക്ഷനിലെ പിഴവുകൾ കാരണം അദ്ദേഹത്തിന്റെ തുടക്കം പ്രയാസകരമാക്കി എന്നാണ് ടീം മാനേജ്മെന്റിനെതിരെയുള്ള കൈഫിന്റെ പ്രധാന വിമർശനം.

അയർലൻഡിൽ അരങ്ങേറ്റം കുറിച്ചിരുന്നെങ്കിൽ താരത്തിന്റെ പരിഭ്രമം മാറുകയും ഇംഗ്ലണ്ട് പര്യടനത്തിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുകയും ചെയ്യുമായിരുന്നു എന്ന് കൈഫ് വിശ്വസിക്കുന്നു. ഇംഗ്ലണ്ട് പര്യടനത്തിൽ ജോഫ്ര ആർച്ചറെപ്പോലുള്ള ബൗളർമാർക്കെതിരേ തിളങ്ങാൻ വൈഭവിന് സാധിച്ചില്ല. ഒരു പരാജയത്തിന് പിന്നാലെ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയ മാനേജ്മെന്റ് തീരുമാനം തെറ്റാണെന്നും കൈഫ് തുറന്നടിച്ചു.

എന്നാൽ ഇംഗ്ലണ്ടിലെ മോശം തുടക്കത്തിന് ശേഷം സിംബാബ്വെക്കെതിരായ പരമ്പരയിൽ സൂര്യവംശി മികച്ച പ്രകടനം കാഴ്ചവെക്കുകയും 'പ്ലെയർ ഓഫ് ദി സീരീസ്' പുരസ്‌കാരം നേടുകയും ചെയ്തു. വൈഭവ് ടീമിലെ ഒരു 'എക്‌സ്-ഫാക്ടർ' ആണെന്നും താരത്തിന് പ്രത്യേക പരിഗണന നൽകണമായിരുന്നുവെന്നും കൈഫ് ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ കളിക്കുമ്പോൾ താരം ധാരാളം റൺസ് സ്‌കോർ ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Mohammad Kaif criticizes the management for benching Vaibhav Suryavanshi during the Ireland tour., Kaif argues that the 2026 IPL Orange Cap winner should have been given an early debut to gain confidence., The management's decision to drop the youngster after a poor performance against Jofra Archer in England was questioned., Suryavanshi proved his talent by winning 'Player of the Series' against Zimbabwe.