‘കൗമാരത്തിൽ ലഹരിക്കടിമയാണെന്ന് മുദ്രകുത്തപ്പെട്ടു, ആരും വിവാഹത്തിന് തയ്യാറായില്ല, വിഷാദം ബാധിച്ചു’

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ | X.com/@gullypoint_
ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ | X.com/@gullypoint_

ന്യൂഡൽഹി: ഇന്ത്യൻ ഡ്രസ്സിങ് റൂമിലും പിന്നീട് ക്രിക്കറ്റുമായി ബന്ധപ്പെട്ട ഇടങ്ങളിലും താൻ നേരിട്ട അവഗണനയെക്കുറിച്ചും വംശീയാധിക്ഷേപങ്ങളെക്കുറിച്ചും അടുത്തിടെയാണ് മുൻ ഇന്ത്യൻ സ്പിന്നർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ തുറന്നുപറഞ്ഞത്. ബിസിസിഐയുടെ കമന്ററി പാനലിൽനിന്നുള്ള അദ്ദേഹത്തിന്റെ രാജി എല്ലാവരേയും ഞെട്ടിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിലുകൾ.

ഇപ്പോഴിതാ കൗമാരപ്രായത്തിൽ തന്നെ താൻ ഒരു മദ്യപാനിയും മയക്കുമരുന്നിന് അടിമയുമാണെന്ന തരത്തിൽ പ്രചരിച്ച ആരോപണങ്ങൾ ജീവിതത്തെ സാരമായി ബാധിച്ചതിനെക്കുറിച്ചും തുറന്നുപറയുകയാണ് ലക്ഷ്മൺ ശിവരാമകൃഷ്ണൻ. കരിയറിന്റെ തുടക്കത്തിൽതന്നെ ലഹരിമരുന്നിനും മദ്യത്തിനും അടിമയാണെന്ന തെറ്റായ പ്രചാരണങ്ങൾ തന്റെ വ്യക്തി ജീവിതത്തെയും വിവാഹസാധ്യതകളെയും സാരമായി ബാധിച്ചുവെന്ന് ഇന്ത്യൻ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരൻ എന്ന പദവി ഉണ്ടായിരുന്നിട്ടും വിവാഹം കഴിക്കാൻ ഒരു പങ്കാളിയെ കണ്ടെത്തുന്നതുപോലും ബുദ്ധിമുട്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

''ആളുകൾ മോശം കാര്യങ്ങൾ പ്രചരിപ്പിക്കാൻ ഇഷ്ടപ്പെടുന്നു. എന്റെ പര്യടനങ്ങൾ 16-നും 19 വയസിനും ഇടയിലായിരുന്നു. പ്രായപൂർത്തിയാകാത്ത എനിക്ക് ഒരു ഹോട്ടലിൽ എങ്ങനെ ആളുകൾ മദ്യം വിളമ്പും. എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. ജീവിതത്തിൽ പിന്നീട് ഞാൻ കുറച്ച് ബിയർ കുടിച്ചിട്ടുണ്ട്. അതില്ലെന്ന് പറയുന്നില്ല. പക്ഷേ ഒരു 19 വയസുകാരനെ മദ്യപാനിയെന്നും മയക്കുമരുന്നിന് അടിമയെന്നും വിളിക്കുന്നത് സങ്കൽപ്പിച്ചു നോക്കൂ'', അദ്ദേഹം പറഞ്ഞു.

തന്റെ മാതാപിതാക്കൾ പത്രത്തിൽ നൽകിയ വിവാഹ പരസ്യത്തിന് രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു മറുപടി പോലും ലഭിച്ചില്ല എന്നത് വേദനിപ്പിച്ചു. ഈ മോശം പ്രതിച്ഛായ കാരണം ആരും മകളെ തനിക്ക് വിവാഹം കഴിച്ചു നൽകാൻ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

കോവിഡ്-19 ലോക്ക്ഡൗൺ കാലത്ത് മാനസികാരോഗ്യം ഏറ്റവും മോശമായ കാര്യവും അദ്ദേഹം തുറന്നു പറഞ്ഞു. ഉറങ്ങാൻവേണ്ടി മദ്യത്തെ ആശ്രയിക്കേണ്ടി വന്നുവെന്നും ആ സമയങ്ങളിൽ കണ്ണാടിയിൽ നോക്കാൻ പോലും ഭയപ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. യാത്രകൾക്കിടയിൽ വാഹനത്തിൽനിന്ന് പുറത്തേക്ക് ചാടാനുള്ള ചിന്തകൾ പോലും മനസിലേക്ക് വരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Laxman Sivaramakrishnan addresses false rumors of drug and alcohol addiction during his teenage years., The former spinner discusses the impact of negative public perception on his marriage prospects., He shares his personal struggle with depression and mental health challenges during the COVID-19 lockdown.