ഭീഷണിപ്പെടുത്തി, വിവേചനപരമായി പെരുമാറി; റയാൻ എയർ ജീവനക്കാർക്കെതിരേ കുമാർ സംഗക്കാര

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: PTI
Photo: PTI

ഡബ്ലിൻ (അയർലൻഡ്): ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസവും രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ചുമായ കുമാർ സംഗക്കാരയ്ക്കും കുടുംബത്തിനും ഡബ്ലിൻ വിമാനത്താവളത്തിൽ വെച്ച് വിമാനക്കമ്പനി ജീവനക്കാരിൽ നിന്ന് മോശം അനുഭവവും വിവേചനവും നേരിടേണ്ടി വന്നതായി പരാതി. അയർലൻഡിലെ പ്രമുഖ വിമാനക്കമ്പനിയായ റയാൻഎയറിന്റെ ഗേറ്റ് ജീവനക്കാരാണ് തങ്ങളോട് മോശമായി പെരുമാറിയതെന്നും ഭീഷണിപ്പെടുത്തിയതെന്നും സംഗക്കാര ആരോപിച്ചു.

വിമാനത്താവളത്തിലെ ജീവനക്കാരുടെ സംസാരരീതിയും നടപടിക്രമങ്ങളിലെ വീഴ്ചയും ഭീഷണിയുടെ സ്വരത്തിലുള്ള പെരുമാറ്റവും ഞെട്ടിക്കുന്നതായിരുന്നുവെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ സംഗക്കാര വ്യക്തമാക്കി. ഏതൊരു യാത്രക്കാരനും ഇത് അംഗീകരിക്കാൻ കഴിയാത്തതാണെന്നും ഡബ്ലിനിൽ വച്ച് തനിക്കുണ്ടാകുന്ന ആദ്യത്തെ മോശം അനുഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഡബ്ലിനിൽ റയാൻഎയറിന്റെ ഗേറ്റ് ജീവനക്കാരിൽ നിന്ന് ആർക്കെങ്കിലും വിവേചനം നേരിട്ടിട്ടുണ്ടോ? എനിക്കും കുടുംബത്തിനും അത്തരമൊരു ഞെട്ടിപ്പിക്കുന്ന അനുഭവം ഉണ്ടായിരിക്കുകയാണ്' എന്ന് അദ്ദേഹം കുറിച്ചു. സംഗക്കാരയുടെ ആരോപണങ്ങളിൽ റയാൻഎയർ വിമാനക്കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നിലവിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഹെഡ് കോച്ചായി പ്രവർത്തിക്കുകയാണ് സംഗക്കാര. 2021 മുതൽ 2024 വരെ ഈ സ്ഥാനത്തുണ്ടായിരുന്ന അദ്ദേഹത്തെ 2026 സീസണിന് മുന്നോടിയായാണ് ടീം വീണ്ടും ഹെഡ് കോച്ചായി നിയമിച്ചത്.

2015-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച സംഗക്കാര ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ്. 134 ടെസ്റ്റുകളിൽ നിന്ന് 12,400 റൺസ് നേടിയ അദ്ദേഹം 38 സെഞ്ചുറികളും ഡോൺ ബ്രാഡ്മാന്റെ 12 ഇരട്ട സെഞ്ചുറി റെക്കോർഡിന് തൊട്ടടുത്തായി 11 ഇരട്ട സെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്. 404 ഏകദിനങ്ങളിൽ നിന്നായി 14,234 റൺസും നേടിയിട്ടുള്ള സംഗക്കാര, 2007, 2011 ഏകദിന ലോകകപ്പുകളിൽ റണ്ണേഴ്സ് അപ്പായ ശ്രീലങ്കൻ ടീമിലും 2014-ൽ ട്വന്റി-20 ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു.

Content Highlights: Kumar Sangakkara and family faced discrimination and threats from Ryanair gate staff at Dublin Airport., Sangakkara expressed his shock and disappointment over the incident on social media platform X., Ryanair has not yet officially responded to the allegations made by the former Sri Lankan cricketer., Sangakkara serves as the head coach for the Rajasthan Royals for the 2026 IPL season.