വിമാനത്തിൽ കയറാൻ അനുവദിക്കില്ല, നിങ്ങളെ പോലുള്ളവർ ഈ പെരുമാറ്റമേ പ്രതീക്ഷിക്കാവൂ - കൂടുതൽ വിശദീകരണവുമായി സംഗക്കാര

കൊളംബോ: ദിവസങ്ങൾക്കു മുമ്പാണ് ശ്രീലങ്കൻ ക്രിക്കറ്റ് താരവും രാജസ്ഥാൻ റോയൽസ് പരിശീലകനുമായ കുമാർ സംഗക്കാരയ്ക്കും കുടുംബത്തിനും ഡബ്ലിൻ വിമാനത്താവളത്തിൽ വെച്ച് വിമാനക്കമ്പനി ജീവനക്കാരിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. അയർലൻഡിലെ പ്രമുഖ വിമാനക്കമ്പനിയായ റയാൻഎയറിന്റെ ഗേറ്റ് ജീവനക്കാരാണ് തങ്ങളോട് മോശമായി പെരുമാറിയതെന്നും ഭീഷണിപ്പെടുത്തിയതെന്നുമാണ് സംഗക്കാര പറഞ്ഞത്.
ഇപ്പോഴിതാ തനിക്കെതിരേ ഉയർന്ന ചോദ്യം ചെയ്യപ്പെടേണ്ട പരാമർശങ്ങളെ ചോദ്യം ചെയ്തതായും, ആ പരാമർശങ്ങൾ വംശീയ അധിക്ഷേപമാണെന്ന് താൻ കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ റയാൻഎയർ വിമാനക്കമ്പനിയുടെ ഗേറ്റ് ജീവനക്കാരിൽ നിന്നാണ് ഈ അനുഭവം ഉണ്ടായത്. 'നിങ്ങളെപ്പോലുള്ളവർക്കും നിങ്ങളുടെ തരത്തിലുള്ള പാസ്പോർട്ട് കൈവശമുള്ളവർക്കും ഇത്തരത്തിലുള്ള പെരുമാറ്റമേ പ്രതീക്ഷിക്കാൻ കഴിയൂ' എന്ന് ജീവനക്കാർ തന്നോട് പറഞ്ഞതായി സംഗക്കാര ആരോപിച്ചു.
ഈ അരോചകമായ പരാമർശത്തിനെതിരേ തർക്കിച്ചാൽ, മറ്റ് യാത്രക്കാർക്ക് ഭീഷണിയാണെന്ന് കണക്കാക്കി വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്ന് വിമാന കമ്പനി ജീവനക്കാർ ഭീഷണിപ്പെടുത്തിയതായും സംഗക്കാര പറഞ്ഞു. എല്ലാവരോടും ഒരേപോലെ പെരുമാറുന്നതിന് പകരം ഇത്തരം പരാമർശങ്ങൾ നടത്തുന്നത് വംശീയ അധിക്ഷേപമാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.
റയാൻഎയർ ജീവനക്കാർ വിവേചനപരമായും ഭീഷണിപ്പെടുത്തുന്ന രീതിയിലും പെരുമാറിയെന്ന അദ്ദേഹത്തിന്റെ മുൻ ആരോപണങ്ങൾക്ക് പിന്നാലെയാണ് സംഗക്കാര ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയത്. വിമാനക്കമ്പനി ജീവനക്കാർ കുടുംബത്തോട് പെരുമാറിയ രീതിയും നടപടിക്രമങ്ങൾ കൈകാര്യം ചെയ്ത രീതിയും പൂർണമായും ഞെട്ടിക്കുന്നതും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് സംഗക്കാര വ്യക്തമാക്കി.
അയർലൻഡിലെ ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്പിലെ പ്രമുഖ എയർലൈനാണ് റയാൻഎയർ. സംഭവം പുറത്തുവന്നതോടെ നിരവധി പേർ സംഗക്കാരയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.
Content Highlights: Kumar Sangakkara and his family faced poor treatment from Ryanair gate staff at Dublin Airport., Staff allegedly made racist remarks regarding his passport and background., Sangakkara was threatened with being denied boarding if he argued., The former Sri Lankan cricketer shared the shocking experience on social media platform X.