കെ.ടി.ജി.എ ഒട്ടോ വൈ.പി.എൽ 2026 താരലേലം പൂർത്തിയായി

കൊച്ചി: കെ.ടി.ജി.എ ഒട്ടോ യൂത്ത് പ്രീമിയർ ലീഗ് 2026 (വൈ.പി.എൽ) ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ താരലേലം കൊച്ചിയിലെ ഹോട്ടൽ താജ് ഇന്റർനാഷണലിൽ നടന്നു. സെപ്റ്റംബർ 26 മുതൽ 30 വരെ പുതുച്ചേരിയിലാണ് അഞ്ചുദിവസത്തെ ക്രിക്കറ്റ് ടൂർണമെന്റ് അരങ്ങേറുന്നത്.
പത്ത് പ്രൊഫഷണൽ ടീമുകളും നാല് സെലിബ്രിറ്റി ടീമുകളുമാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ശീമാട്ടി, കല്യാൺ സിൽക്സ്, മഹാറാണി, ശോഭിക തുടങ്ങിയ പ്രമുഖ ടെക്സ്റ്റൈൽ സ്ഥാപനങ്ങളുടെ ടീമുകളും ടൂർണമെന്റിൽ അണിനിരക്കും.
ബീന കണ്ണൻ താരലേലം ഉദ്ഘാടനം ചെയ്തു. കെ.ടി.ജി.എ എറണാകുളം ജില്ലാ പ്രസിഡന്റ് കെ.ഡി. ജോൺസൺ അധ്യക്ഷത വഹിച്ചു. വിവിധ ടീമുകളുടെ പ്രതിനിധികൾ താരങ്ങളെ ലേലത്തിലൂടെ സ്വന്തമാക്കി. ഒട്ടോ മെൻസ് ക്ലോത്തിങ്ങാണ് ഇത്തവണത്തെ ടൈറ്റിൽ സ്പോൺസർ.
കെ.ടി.ജി.എ യൂത്ത് വിങ് 2023-ൽ തുടക്കമിട്ട വൈ.പി.എൽ ഇതിനകം സംഘടനയുടെ ശ്രദ്ധേയമായ കായിക സംരംഭങ്ങളിലൊന്നായി വളർന്നു. ആദ്യ സീസൺ എറണാകുളത്തായിരുന്നു. രണ്ടാം സീസണിൽ ദുബായിലേക്ക് വേദി മാറിയതോടെ ടൂർണമെന്റ് രാജ്യാന്തര തലത്തിലെത്തി.
കെ.ടി.ജി.എ എറണാകുളം ജില്ലാ പ്രസിഡന്റ് കെ.ഡി. ജോൺസൺ, കെ.ടി.ജി.എ യൂത്ത് വിങ് പ്രസിഡന്റ് സമീർ മൂപ്പൻ, ജില്ലാ സെക്രട്ടറി നവാബ് ജാൻ, സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റ് ഷാനവാസ് റോയൽ, യൂത്ത് വിങ് സെക്രട്ടറി ഇബ്രാഹിം മൂപ്പൻ, ട്രഷറർ എം.എൻ. ഭരത് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഒട്ടോ പ്രതിനിധികൾ, വിവിധ ടീമുകളുടെ പ്രതിനിധികൾ, താരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. താരലേലം പൂർത്തിയായതോടെ 14 ടീമുകളും ഇനി പുതുച്ചേരിയിലെ പോരാട്ടത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളിലേക്ക് കടക്കും.
Content Highlights: KTGA YPL 2026 player auction successfully held at Hotel Taj International, Kochi., Tournament scheduled from September 26 to 30 in Puducherry