‘എന്റെ ഭാര്യപോലും ദുലീപ് ട്രോഫി കാണുന്നത് വൈഭവുള്ളതുകൊണ്ടാണ്’; കൗമാരതാരത്തെ പുകഴ്ത്തി മുൻ താരം

#സ്പോർട്സ് ഡെസ്ക്
വൈഭവ് സൂര്യവംശി | PTI
വൈഭവ് സൂര്യവംശി | PTI

ന്യൂഡൽഹി: ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. വളരെ മികച്ച രീതിയിലാണ് വൈഭവ് ക്രിക്കറ്റ് കളിക്കുന്നതെന്നും ഭാവിയിലെ സൂപ്പർതാരമായിരിക്കും വൈഭവെന്നും ശ്രീകാന്ത് പറഞ്ഞു. വൈഭവ് കളിക്കുന്നതുകൊണ്ടാണ് തന്റെ ഭാര്യ ഉൾപ്പെടെ ദുലീപ് ട്രോഫി കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായകമായിരുന്നു സെമിയിലെ വൈഭവിന്റെ പ്രകടനം.

‘അവൻ അതിശയകരമായ രീതിയിൽ കളിക്കുന്നു. അവനെ പ്രോത്സാഹിപ്പിക്കണം, ഒരിക്കലും തളർത്തരുത്. അവനെ ശരിയായ രീതിയിൽ വാർത്തെടുത്താൽ, അവൻ ഭാവിയിലെ ഒരു സൂപ്പർസ്റ്റാർ ആയിരിക്കും. അവൻ ടെസ്റ്റ് ക്രിക്കറ്റിനെ അതിന്റെ പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തിക്കും’, ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിൽ പറഞ്ഞു.

വൈഭവ് കാരണമാണ് ഒട്ടുമിക്കവരും ദുലീപ് ട്രോഫി കണ്ടതെന്നും ശ്രാകാന്ത് പറഞ്ഞു. ‘അവൻ കാരണമാണ് എല്ലാവരും ദുലീപ് ട്രോഫി കണ്ടത്. എന്റെ ഭാര്യപോലും അവനെ കാണാൻ വേണ്ടിയാണ് ഇത് കാണുന്നത്. ലോക ക്രിക്കറ്റിന് തന്നെ അവൻ വലിയൊരു മുതൽക്കൂട്ടായിരിക്കും’, അദ്ദേഹം കൂട്ടിച്ചേർത്തു.

‘വൈഭവ് അവിശ്വസനീയമാംവിധമാണ് കളിക്കുന്നത്. ഉയർന്ന തലത്തിലുള്ള ക്രിക്കറ്റ് കളിക്കാൻ ഈ കുട്ടിക്ക് കഴിവുണ്ടോ എന്ന് ആളുകൾക്ക് എങ്ങനെ സംശയിക്കാൻ തോന്നുന്നു? അവന് എല്ലാ തലത്തിലുമുള്ള ക്രിക്കറ്റും കളിക്കാൻ കഴിയും. എല്ലാ ഫോർമാറ്റുകളിലും ആധിപത്യം പുലർത്തും. റെഡ്-ബോൾ ക്രിക്കറ്റിൽ യാതൊരു ടെൻഷനുമില്ലാതെയാണ് അവൻ മീഡിയം പേസർമാർക്കുനേരെ സിക്സറുകൾക്ക് പറത്തുന്നത്’, ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

സെപ്റ്റംബർ ആറിന് ചെന്നൈയിലാണ് സൗത്ത് സോണും ഈസ്റ്റ് സോണും തമ്മിലുള്ള ഫൈനൽ. ഇഷാൻ കിഷൻ ഈസ്റ്റ് സോണിനെ നയിക്കുമ്പോൾ തിലക് വർമയാണ് സൗത്ത് സോണിനെ നയിക്കുന്നത്. സെമിയിൽ സെൻട്രൽ സോണിനെ നാലുവിക്കറ്റിന് തകർത്താണ് ഈസ്റ്റ് സോൺ ഫൈനൽ ടിക്കറ്റെടുത്തത്. രണ്ട് ഇന്നിങ്‌സിലും വൈഭവ് സൂര്യവംശിയാണ് ഈസ്റ്റ് സോണിന്റെ ടോപ് സ്‌കോറർ. സെമിയിൽ നോർത്ത് സോണിനെ ഏഴുവിക്കറ്റിന് തകർത്താണ് സൗത്ത് സോൺ ഫൈനലിലെത്തിയത്. മത്സരത്തിൽ തിലക് വർമ സെഞ്ചുറി നേടിയിരുന്നു.

Content Highlights: Krishnamachari Srikkanth called teen star Vaibhav Suryavanshi a future superstar., Srikkanth stated that Vaibhav's performances drew massive viewership to the Duleep Trophy