കരാറില്‍ മാറ്റം വന്നേക്കും; കോലിയുടെയും രോഹിത്തിന്റെയും ശമ്പളത്തില്‍നിന്ന് 2 കോടി വെട്ടിക്കുറയ്ക്കാന്‍ BCCI

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഏകദിനത്തില്‍ തകര്‍പ്പന്‍ ഫോമിലാണ് രോഹിത് ശര്‍മയും വിരാട് കോലിയും. ടെസ്റ്റില്‍നിന്നും ടി20-യില്‍നിന്നും വിരമിച്ചുകഴിഞ്ഞ ഇരുവരും ഇന്ത്യയ്ക്കായി ഏകദിനത്തില്‍ മാത്രമാണ് ഇപ്പോള്‍ കളിക്കുന്നത്. അടുത്തിടെ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രോഹിത്തും ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ കോലിയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തുകഴിഞ്ഞു. ഐസിസി ഏകദിന റാങ്കിങ്ങില്‍ രോഹിത്ത് ഒന്നാം സ്ഥാനത്തും കോലി രണ്ടാം സ്ഥാനത്തുമാണ്. എന്നാല്‍, ബിസിസിഐ ഇരുവരുടെയും ശമ്പളത്തില്‍നിന്ന് രണ്ടു കോടി രൂപ വെട്ടിക്കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബിസിസിഐയുടെ വാര്‍ഷിക കരാറുമായി ബന്ധപ്പെട്ടാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. നാല് വിഭാഗങ്ങളിലായാണ് ബിസിസിഐയുടെ കരാറുകള്‍. 2025 ഏപ്രിലിലാണ് അവസാനമായി ബിസിസിഐ കേന്ദ്ര കരാറുകള്‍ പുതുക്കിയത്. അടുത്ത തവണ കരാര്‍ പുതുക്കുമ്പോള്‍ രോഹിത്തിന്റെയും കോലിയുടെയും ശമ്പളത്തില്‍ കുറവുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാലു ഗ്രേഡുകളിലായിട്ടാണ് ബിസിസിഐ വാര്‍ഷിക കരാര്‍. ഓരോന്നിനും ഒരു നിശ്ചിത വാര്‍ഷിക ശമ്പളമുണ്ട്. വര്‍ഷം മുഴുവനും എത്ര മത്സരങ്ങള്‍ കളിച്ചാലും, അവരുടെ മാച്ച്-ഫീസ് വരുമാനത്തിനൊപ്പം ഈ കരാര്‍ തുകയും കളിക്കാരന് ലഭിക്കും.
മൂന്നു ഫോര്‍മാറ്റിലും, പ്രത്യേകിച്ച് ടെസ്റ്റില്‍ ഇന്ത്യയ്ക്കായി കളിക്കുന്ന താരങ്ങള്‍ക്കാണ് ഉയര്‍ന്ന ഗ്രേഡായ എ പ്ലസ് കരാര്‍ നല്‍കുന്നത്. ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് എ പ്ലസ് കരാര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഒരു ക്രിക്കറ്റ് കലണ്ടറില്‍ കുറഞ്ഞത് മൂന്ന് ടെസ്റ്റുകള്‍, അല്ലെങ്കില്‍ എട്ട് ഏകദിനങ്ങള്‍, അല്ലെങ്കില്‍ 10 ടി20 മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്ന താരത്തിനെയാണ് സി ഗ്രേഡ് കരാറിലേക്കെങ്കിലും പരിഗണിക്കുക. കൂടുതല്‍ മത്സരങ്ങള്‍ കളിച്ചു എന്നതുകൊണ്ടു മാത്രം ഒരു കളിക്കാരന് ഉയര്‍ന്ന ഗ്രേഡ് ലഭിക്കില്ല.
ബിസിസിഐ കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന കളിക്കാരന്‍ ദേശീയ ടീം മത്സരങ്ങളില്ലാത്തപ്പോള്‍ രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കണമെന്ന് ബിസിസിഐ നിര്‍ദേശമുണ്ട്. ഈ നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ തവണ ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെ വാര്‍ഷിക കരാറില്‍നിന്ന് ബോര്‍ഡ് പുറത്താക്കിയിരുന്നു.
വിരാട് കോലിയും രോഹിത് ശര്‍മയും നിലവില്‍ എ പ്ലസ് വിഭാഗത്തിലാണ്. എന്നാല്‍, ഇരുവരും ടെസ്റ്റില്‍നിന്നും ടി20-യില്‍നിന്നും വിരമിച്ചുകഴിഞ്ഞു. നിലവില്‍ ഒരു ഫോര്‍മാറ്റില്‍ മാത്രമാണ് ഇവരുടെ സേവനം ലഭിക്കുന്നത് എന്നതിനാല്‍ അടുത്ത കരാറില്‍ ഇരുവരെയും എ പ്ലസ് ഗ്രേഡില്‍ നിന്ന് എ ഗ്രേഡിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എ പ്ലസ് കരാറില്‍ വാര്‍ഷിക ശമ്പളമായി ഏഴു കോടി രൂപയാണ് ഒരു താരത്തിന് ലഭിക്കുക. എ ഗ്രേഡില്‍ അത് അഞ്ചു കോടിയാണ്. ഇതോടെ അടുത്ത തവണ ഇരുവരുടെയും വാര്‍ഷിക ശമ്പളത്തില്‍ രണ്ടു കോടി രൂപയുടെ കുറവ് വന്നേക്കും. അതേസമയം ടി20-യില്‍നിന്ന് വിരമിച്ചെങ്കിലും ടെസ്റ്റ് ടീമിലെ സജീവ സാന്നിധ്യമായ രവീന്ദ്ര ജഡേജ എ പ്ലസ് കരാറില്‍ തന്നെ തുടര്‍ന്നേക്കും.
Content Highlights: Indian cricket stars Virat Kohli and Rohit Sharma may see their BCCI central contract salaries reduced by ₹2 crore. Reports suggest a potential downgrade from A+ to A grade.