അദ്ദേഹം 'അന്ത്യശാസനം' നല്‍കി; വെങ്കിടേഷിന് 23 കോടി നല്‍കാനുള്ള കാരണം വെളിപ്പെടുത്തി കൊല്‍ക്കത്ത

കൊല്‍ക്കത്ത: ഐപിഎല്‍ പുതിയ സീസണിലെ താരലേലത്തില്‍ അപ്രതീക്ഷിത നേട്ടമാണ് ഓള്‍റൗണ്ടര്‍ വെങ്കിടേഷ് അയ്യര്‍ സ്വന്തമാക്കിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും മത്സരിച്ച് വിളിച്ച ലേലത്തിനൊടുവിലാണ് 23.75 കോടി രൂപ ചെലവഴിച്ച് കൊല്‍ക്കത്ത വെങ്കിടേഷിനെ നിലനിര്‍ത്തിയത്.
ഇപ്പോഴിതാ ഈ അപ്രതീക്ഷിത നീക്കത്തിന് പിന്നിലുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ടീം സിഇഒ വെങ്കി മൈസൂര്‍. ഐപിഎല്‍ ലേലം ഈ രീതിയിലാണ് നടക്കുകയെന്നും ടീമിന് ആവശ്യമായ താരങ്ങളെ സ്വന്തമാക്കുകയാണ് പ്രധാനപ്പെട്ടതെന്നും വെങ്കി വ്യക്തമാക്കി. മത്സരം കടുക്കുമ്പോള്‍ ലേലത്തുക ഉയരുമെന്നും അത് ചിലപ്പോള്‍ അദ്ഭുതപ്പെടുത്തുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കൊല്‍ക്കത്തയെ സംബന്ധിച്ച് മികച്ച താരങ്ങളെ ടീമിലെടുക്കണമായിരുന്നു. ലേലത്തിന് മുമ്പായി ആറ് താരങ്ങളെ ടീം നിലനിര്‍ത്തിയിരുന്നു. കഴിഞ്ഞ സീസണിലെ രണ്ട്, മൂന്ന് താരങ്ങളെ സ്വന്തമാക്കാനും പദ്ധതിയുണ്ടായിരുന്നു. വെങ്കിടേഷ് അയ്യര്‍ കൊല്‍ക്കത്ത ടീമിന്റെ ഭാഗമല്ലാതാകുന്ന ഒരു നിമിഷത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. നിലവില്‍ ടീം സന്തുലിതമാണ്.' വെങ്കി വ്യക്തമാക്കുന്നു.
'തനിക്ക് എന്തു ചെയ്യാനാകുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ഒരു വര്‍ഷം കിരീടം നേടി. 2021-ല്‍ ഫൈനല്‍ വരെ പോയി. ടീമിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തില്ലെങ്കില്‍ ഞാന്‍ വളരേയധികം ദു:ഖിനതനാകുമെന്ന് അദ്ദേഹം ഞങ്ങള്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. അദ്ദേഹം സങ്കടപ്പെട്ടിരിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ ഞങ്ങളും വളരേയധികം സന്തോഷത്തിലാണ്.' വെങ്കി കൂട്ടിച്ചേര്‍ത്തു.
2021-ലാണ് വെങ്കിടേഷ് അയ്യര്‍ കൊല്‍ക്കത്ത ടീമിന്റെ ഭാഗമാകുന്നത്. ഇതുവരെ നാല് സീസണുകളിലായി 51 മത്സരങ്ങള്‍ കളിച്ചു. 1326 റണ്‍സാണ് അടിച്ചെടുത്തത്. 2024-ല്‍ കൊല്‍ക്കത്ത ചാമ്പ്യന്‍മാരായപ്പോള്‍ 158 സ്‌ട്രൈക്ക് റേറ്റില്‍ 370 റണ്‍സാണ് വെങ്കിടേഷ് നേടിയത്. ഇന്ത്യക്കായി രണ്ട് ഏകദിനങ്ങളും ഒമ്പത് ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
Content Highlights: kkr ceo reveals venkatesh iyers ultimatum behind 23 crore bid