സൂര്യയും രഹാനയും അടങ്ങിയ മുംബൈയെ അട്ടിമറിച്ച് കേരളം; സഞ്ജു ടോപ് സ്‌കോറര്‍, ആസിഫിന് 5 വിക്കറ്റ്

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: KCA
Photo: KCA

ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കരുത്തരായ മുംബൈ ടീമിനെ അട്ടിമറിച്ച് കേരളം. ഇന്ത്യന്‍ ടി20 ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, അജിങ്ക്യ രഹാനെ, ശിവം ദുബെ, സര്‍ഫറാസ് ഖാന്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരടങ്ങിയ ടീമിനെയാണ് കേരളം അട്ടിമറിച്ചത്. 15 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളം 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 19.4 ഓവറില്‍ 163 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 3.4 ഓവറില്‍ 24 റണ്‍സിന് അഞ്ചു വിക്കറ്റ് പിഴുത കെ.എം ആസിഫാണ് മുംബൈയെ തകര്‍ത്തത്. വിഗ്നേഷ് പുത്തൂര്‍ രണ്ടു വിക്കറ്റെടുത്തു. ഷറഫുദ്ദീന്‍, എം.ഡി നിധീഷ്, അബ്ദുള്‍ ബാസിത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

28 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ട് ഫോറുമടക്കം 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണായിരുന്നു കേരളത്തിന്റെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ ഷറഫുദ്ദീന്‍ നടത്തിയ വെടിക്കെട്ടാണ് കേരളത്തെ മികച്ച സ്‌കോറിലെത്തിച്ചത്. വെറും 15 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 35 റണ്‍സെടുത്തു. വിഷ്ണു വിനോദ് 40 പന്തില്‍ നിന്ന് 43 റണ്‍സും അസ്ഹറുദ്ദീന്‍ 25 പന്തില്‍ നിന്ന് 32 റണ്‍സുമെടുത്തു.

179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ മുംബൈക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. 40 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ട് ഫോറുമടക്കം 52 റണ്‍സെടുത്ത സര്‍ഫറാസ് ഖാനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. രഹാനെ 18 പന്തില്‍ നിന്ന് 32 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ സര്‍ഫറാസ് - രഹാനെ സഖ്യം 52 പന്തില്‍ നിന്ന് 80 റണ്‍സെടുത്തപ്പോള്‍ മുംബൈക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇരുവരും പുറത്തായതോടെ മുംബൈക്ക് ഒന്നിനു പിറകെ ഒന്നായി വിക്കറ്റുകള്‍ നഷ്ടമായി. സൂര്യകുമാര്‍ 25 പന്തില്‍ നിന്ന് 32 റണ്‍സെടുത്തു. ശിവം ദുബെ (11) നിരാശപ്പെടുത്തി.

Content Highlights: Kerala pulls off a massive upset against Mumbai in the Syed Mushtaq Ali T20 Tournament. Sanju Samson top scores, Asif takes 5 wickets. Read the match highlights!