കെസിഎ അന്തർ ജില്ലാ അണ്ടർ-19 വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ തിരുവനന്തപുരത്തിനും കോട്ടയത്തിനും വിജയം

#സ്വന്തം ലേഖകൻ
Photo - www.facebook.com/KeralaCricketAssociation
Photo - www.facebook.com/KeralaCricketAssociation

ആലപ്പുഴ: കെസിഎ അന്തർ ജില്ലാ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം വിജയവുമായി തിരുവനന്തപുരം. എട്ട് വിക്കറ്റിനാണ് തിരുവനന്തപുരം കൊല്ലത്തെ തോൽപ്പിച്ചത്. മറ്റൊരു മത്സരത്തിൽ കോട്ടയം പത്തനംതിട്ടയെ 61 റൺസിന് തോൽപ്പിച്ചു.

തിരുവനന്തപുരത്തിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്ലം 29 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. ശരണ്യ (26), നന്ദന (20), കെസിയ (21) എന്നിവരാണ് കൊല്ലത്തിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തിരുവനന്തപുരം 13.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. നിരഞ്ജനയും ശിവാനിയും ചേർന്നുള്ള 115 റൺസിന്റെ കൂട്ടുകെട്ടാണ് തിരുവനന്തപുരത്തിന് വിജയമൊരുക്കിയത്. 55 റൺസുമായി നിരഞ്ജനയും 53 റൺസോടെ ശിവാനിയും പുറത്താകാതെ നിന്നു.

മേഖലയിലെ മറ്റൊരു മത്സരത്തിൽ പത്തനംതിട്ടയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കോട്ടയം 30 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. 29 റൺസ് വീതം നേടിയ ഏഞ്ചലും ഗോൾഡിനയും 28 റൺസെടുത്ത അനന്യയുമാണ് കോട്ടയത്തിന്റെ ബാറ്റിങ് നിരയിൽ തിളങ്ങിയത്. പത്തനംതിട്ടയ്ക്ക് വേണ്ടി ദയയും അമൃതയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പത്തനംതിട്ടയ്ക്ക് 30 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് മാത്രമാണ് നേടാനായത്. 45 റൺസുമായി പുറത്താകാതെ നിന്ന മയൂഖ മാത്രമാണ് പത്തനംതിട്ടയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കോട്ടയത്തിന് വേണ്ടി ജുവൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.