സിറാജിന്റെ പേരാണ് ഒഴിവാക്കാൻ കാരണമെന്ന് കോൺഗ്രസ് എംപി; പ്രതികരിച്ച് കപിൽ ദേവ്

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: PTI
Photo: PTI

ന്യൂഡൽഹി; ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ പ്ലെയിങ് ഇലവനിൽ നിന്ന് മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിൽ പ്രതികരിച്ച് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ കപിൽ ദേവ്. ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാൻ തനിക്ക് അധികാരമില്ലെന്നും സെലക്ടർമാർ മികച്ച ജോലിയാണ് ചെയ്യുന്നതെന്നും കപിൽ ദേവ് പ്രതികരിച്ചു. നേരത്തെ സിറാജിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിൽ വിവേചനമുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കപിൽ ദേവിന്റെ പ്രതികരണം.

'സെലക്ടർമാരോട് ചോദിക്കൂ. ഞാൻ ആരുമല്ല. നോക്കൂ, നമ്മളെപ്പോലെയുള്ളവർ അഭിപ്രായം പറയരുത്. ആ ഉത്തരവാദിത്തമുള്ളവരാണ് മറുപടി പറയേണ്ടത്. അവർ മികച്ച ജോലി ചെയ്യുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. എല്ലാവരെയും നമുക്ക് സന്തോഷിപ്പിക്കാൻ കഴിയില്ല'-കപിൽ ദേവ് വ്യക്തമാക്കി.

'ഒരു സംവിധാനത്തെ നിങ്ങൾക്ക് വിമർശിക്കാൻ കഴിയില്ല, കാരണം ആ സംവിധാനം അങ്ങനെയാണ് നിർമിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് നന്നായി പ്രവർത്തിക്കുന്നു എന്ന് കരുതുക. അതാണ് കൂടുതൽ പ്രധാനം. എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്, എന്നാൽ ടീമിനെ തിരഞ്ഞെടുക്കേണ്ടത് സെലക്ടറും മാനേജരും ക്യാപ്റ്റനുമാണ്. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളല്ല, മറിച്ച് സംവിധാനം എങ്ങനെയാണ് പദ്ധതി തയ്യാറാക്കുന്നത് എന്നതാണ് പ്രധാനം'-കപിൽ ദേവ് കൂട്ടിച്ചേർത്തു.

സിറാജിന്റെ പേരാണ് ഒഴിവാക്കാനുള്ള കാരണമെന്ന് ഇമ്രാൻ മസൂദ് ആരോപിച്ചിരുന്നു. 'നല്ല പ്രകടനം കാഴ്ചവെച്ചിട്ടും അദ്ദേഹത്തിന് ടീമിൽ ഇടം നൽകിയില്ല എന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ പേര് 'സിറാജ്' എന്നാണ്, അതുകൊണ്ടാണ് അദ്ദേഹത്തിന് ഇടം നൽകാത്തത്. നല്ല പ്രകടനം കാഴ്ചവെച്ചിട്ടും നിങ്ങൾ അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ, അവിടെ വിവേചനം വ്യക്തമാണ്'-ഇമ്രാൻ എഎൻഐയോട് പ്രതികരിച്ചു.

കോൺഗ്രസ് എംപി ഇമ്രാൻ മസൂദിന്റെ ആരോപണങ്ങൾ കേന്ദ്ര മന്ത്രി കിരൺ റിജിജു തള്ളിക്കളഞ്ഞിരുന്നു. രാജ്യത്ത് അവസരങ്ങൾ നൽകുന്നത് മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലല്ലെന്നും മറിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlights: Kapil Dev reacts to Mohammed Siraj being left out of the playing XI against New Zealand., Congress MP Imran Masood alleged discrimination behind Siraj's omission., Union Minister Kiren Rijiju dismissed the discrimination allegations, citing merit over religion., Kapil Dev defended the selection committee's role and system.