ബെയര്‍സ്‌റ്റോയുടെ വിവാദ പുറത്താകല്‍; ചര്‍ച്ചയായി ഇയാന്‍ ബെല്ലിനെ തിരിച്ചുവിളിച്ച ധോനിയുടെ നടപടി

Photo: Getty Images
Photo: Getty Images

ലോര്‍ഡ്‌സ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്‌റ്റോയുടെ വിവാദ പുറത്താകല്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായി മാറുകയാണ്.

രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ 52-ാം ഓവറിലെ അവസാന പന്തിലായിരുന്നു ബെയര്‍സ്‌റ്റോയുടെ അപ്രതീക്ഷിത പുറത്താകല്‍. ഷോര്‍ട്ട് ബോളായിരുന്ന ആ പന്ത് ബെയര്‍‌സ്റ്റോ കളിക്കാതെ ഒഴിഞ്ഞുമാറി. ശേഷം പന്ത് എവിടേക്ക് പോയെന്ന് പോലും ശ്രദ്ധിക്കാതെ അത് ഡെഡ് ബോള്‍ ആയെന്ന് കരുതി നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ബെന്‍ സ്‌റ്റോക്ക്‌സിനോട് സംസാരിക്കാന്‍ ക്രീസ് വിട്ടിറങ്ങി. എന്നാല്‍ പന്ത് പിടിച്ചെടുത്ത ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി, ബെയര്‍‌സ്റ്റോ ക്രീസ് വിട്ടപാടേ സ്റ്റമ്പിളക്കി. എന്താണ് സംഭവിച്ചതെന്നറിയാതെ ബെയര്‍‌സ്റ്റോ നില്‍ക്കേ ഓസീസ് താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തു. ഫീല്‍ഡ് അമ്പയര്‍മാര്‍ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു. ദൃശ്യങ്ങള്‍ പരിശോധിച്ച തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.

ബെയര്‍‌സ്റ്റോയുടെ പുറത്താകലില്‍ ക്രിക്കറ്റ് ലോകം തന്നെ രണ്ട് തട്ടിലായിരിക്കേ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് 2011-ല്‍ നോട്ടിങ്ങാം ടെസ്റ്റിനിടെ സമാന സാഹചര്യത്തില്‍ പുറത്തായ മുന്‍ ഇംഗ്ലീഷ് താരം ഇയാന്‍ ബെല്ലിനെ തിരികെ വിളിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ തീരുമാനമാണ്. ടെസ്റ്റിന്റെ മൂന്നാം ദിനം ചായക്ക് തൊട്ടുമുമ്പായിരുന്നു സംഭവം. ഇടവേളയ്ക്ക് മുമ്പുള്ള അവസാന പന്ത് നേരിട്ടത് ഓയിന്‍ മോര്‍ഗനായിരുന്നു. മോര്‍ഗന്‍ ലെഗ് സൈഡിലേക്ക് കളിച്ച പന്ത് ബൗണ്ടറിയിലെത്തും മുമ്പ് ഇന്ത്യന്‍ താരം പ്രവീണ്‍ കുമാര്‍ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. ഇത് ബൗണ്ടറിയായെന്ന് കരുതി നില്‍ക്കുകയായിരുന്നു ഇയാന്‍ ബെല്ലും മോര്‍ഗനും ഒന്നിച്ച് നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലായിരുന്നു. ബൗണ്ടറിക്കരികില്‍ നിന്ന് പ്രവീണ്‍ കുമാര്‍ എറിഞ്ഞുനല്‍കിയ പന്ത് പിടിച്ചെടുത്ത ധോനി ബാറ്റിങ് ക്രീസിലെ ബെയ്ല്‍സ് ഇളക്കി. ഈ സമയത്ത് ബെല്ലായിരുന്നു ബാറ്റിങ് ക്രീസിലേക്കുള്ള ഭാഗത്ത് വെളിയില്‍ നിന്നിരുന്നത്. ഇന്ത്യയുടെ അപ്പീലിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ പരിശോധിച്ച തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചു. എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ ബെല്ലും. ശേഷം ഇരു ടീമും ചായക്ക് പിരിയുകയും ചെയ്തു. ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യന്‍ ടീമിനെ കാണികള്‍ കൂക്കിവിളിക്കുകയും ചെയ്തു. എന്നാല്‍ ഡ്രസ്സിങ് റൂമില്‍ വെച്ച് പരിശീലകനുമായും ടീം മാനേജ്‌മെന്റുമായും ചര്‍ച്ച നടത്തിയ ധോനി, ബെല്ലിനെതിരായ അപ്പീല്‍ പിന്‍വലിക്കുന്നതായി അമ്പയര്‍മാരെയും മാച്ച് റഫറിയേയും അറിയിച്ചു.

ചായക്ക് ശേഷം ബെല്ലിനെ വീണ്ടും മൈതാനത്ത് കണ്ട കാണികള്‍ ഞെട്ടി. ധോനി അപ്പീല്‍ പിന്‍വലിച്ചതായി അറിഞ്ഞ കാണികള്‍ നിറഞ്ഞ കൈയടികളോടെ ഇന്ത്യന്‍ ടീമിനെ സ്വീകരിക്കുകയും ചെയ്തു. മത്സരത്തില്‍ ഇന്ത്യ 319 റണ്‍സിന് പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ ടീമിന്റെ ഈ പ്രവൃത്തിയെ ക്രിക്കറ്റ് ലോകം വാഴ്ത്തി. പിന്നീട് ഈ സംഭവത്തില്‍ ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരവും ധോനിയെ തേടിയെത്തി.

ബെയര്‍‌സ്റ്റോയുടെ പുറത്താകലില്‍ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ വിമര്‍ശിക്കുന്നവരും പ്രത്യേകമായി എടുത്ത് പറയുന്നത് ധോനിയുടെ ഈ തീരുമാനമാണ്. അന്ന് ധോനി കാണിച്ചതാണ് ക്രിക്കറ്റിന്റെ സ്പിരിറ്റെന്നും കമ്മിന്‍സ് അത് പാലിക്കണമായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്.

Content Highlights: Jonny Bairstow Controversial Dismissal MS Dhoni Trends as he Recalled Ian Bell Run-out Appeal