ക്രിക്കറ്റിന്റെ മെക്കയില്‍ ജൂലാന്റെ ഹംസഗാനം, താരം ഇന്ന് വിരമിക്കും

Photo: twitter.com/BCCIWomen
Photo: twitter.com/BCCIWomen

ലണ്ടന്‍: ജൂലാന്‍ ഗോസ്വാമി ഭാഗ്യവതിയാണ്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ചക്ദാഹ എന്ന കുഗ്രാമത്തില്‍നിന്ന് ലോകവേദിയിലേക്കുള്ള പടികള്‍ ചവിട്ടിക്കയറി ദീര്‍ഘകാലം അവിടെ തേജസ്സോടെ നിറഞ്ഞുനിന്നു. വനിതാക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ്ബൗളറായി, ഇന്ത്യന്‍ ക്യാപ്റ്റനായി. 18 വര്‍ഷം നീണ്ട അര്‍ഥപൂര്‍ണമായ ആ ക്രിക്കറ്റ് കരിയറിന് ശനിയാഴ്ച വിരാമമാകുകയാണ്. ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തോടെ ജൂലാന്‍ ഗുഡ്ബൈ പറയും.

ക്രിക്കറ്റില്‍ ഒരു വിടവാങ്ങല്‍ മത്സരം കിട്ടുക അത്ര എളുപ്പമല്ല. പുരുഷകേസരികളായ പല താരങ്ങളും ഒരു സന്ദിഗ്ധാവസ്ഥയില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്തിന്, ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളും ജൂലാന്റെ അടുത്ത സുഹൃത്തുമായ മിതാലി രാജിനും അങ്ങനെയൊരു യോഗമുണ്ടായില്ല. ക്രിക്കറ്റിന്റെ മക്കയില്‍ ഒരു മത്സരം കളിച്ച് കളിനിര്‍ത്തുക എന്ന സൗഭാഗ്യം ജൂലാനുവേണ്ടി കാലം കാത്തുവെച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര വിജയത്തോടെ, കൂട്ടുകാരികള്‍ ജൂലാന് വിടവാങ്ങല്‍ സമ്മാനം നല്‍കിക്കഴിഞ്ഞു. 23 വര്‍ഷത്തിനുശേഷമാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ പരമ്പര നേടുന്നത്. അവസാന മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനായാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനും ജൂലാനും അത് മറക്കാനാവാത്തതാകും.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ ഫാസ്റ്റ് ബൗളറാണ് 39-കാരിയായ ജൂലാന്‍. അതിവേഗവും കൃത്യതയുംകൊണ്ട് അവര്‍ ക്രിക്കറ്റില്‍ ആധിപത്യം നേടി. ചക്ദാഹ എക്‌സ്പ്രസ് എന്ന ഓമനപ്പേരും കിട്ടി. ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റുകള്‍ (253) എന്ന റെക്കോഡുമായാണ് മടക്കം. ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത് ജൂലാനാണ്, 40. ഓസ്ട്രേലിയയുടെ ലിന്‍ ഫുള്‍സ്റ്റണ്‍ 34 വര്‍ഷമായി കൈവശംവെച്ചിരുന്ന 39 വിക്കറ്റുകളുടെ റെക്കോഡാണ് ജൂലാന്‍ മറികടന്നത്. അഞ്ച് ലോകകപ്പുകളാണ് ഇന്ത്യക്കുവേണ്ടി കളിച്ചത്. പക്ഷേ, രണ്ട് ഫൈനല്‍ കളിച്ചിട്ടും ഒരു ലോകകപ്പ് പോലും നേടാനായില്ലെന്ന സങ്കടംബാക്കി.

2007-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏറ്റവും മികച്ച വനിതാതാരമായി. 2016-ല്‍ ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. 2018-ല്‍ ഏകദിനത്തില്‍ 200 വിക്കറ്റ് വീഴ്ത്തുന്ന ആദ്യതാരമായി. 25 ഏകദിനങ്ങളില്‍ ജൂലാന്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നു. 2018-ല്‍ ട്വന്റി 20യും 2021-ല്‍ ഏകദിനവും ജൂലാന്‍ മതിയാക്കിയിരുന്നു.

Content Highlights: jhulan goswami, jhulan goswami retirement, sports news, cricket, jhulan, womens cricket, sports