ബുംറയെ ക്യാപ്റ്റനാക്കരുത്; കെ.എൽ. രാഹുൽ, ഋഷഭ് പന്ത് എന്നിവരുടെ പേരുകൾ നിര്‍ദേശിച്ച് മുഹമ്മദ് കൈഫ്

മുഹമ്മദ് കൈഫ്, ജസ്പ്രീത് ബുംറ | Photo: AP & AFP
മുഹമ്മദ് കൈഫ്, ജസ്പ്രീത് ബുംറ | Photo: AP & AFP

ന്യൂഡല്‍ഹി: ജസ്പ്രീത് ബുംറയെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. ബുംറയെ മുഴുവന്‍ സമയ ക്യാപ്റ്റനാക്കുന്നതിന് മുമ്പ് ബി.സി.സി.ഐ. രണ്ടുവട്ടം ആലോചിക്കണമെന്നായിരുന്നു കൈഫിന്റെ പ്രതികരണം. 

നിലവില്‍ വിക്കറ്റെടുക്കുന്നതിലും ഫിറ്റ്‌നെസ് നിലനിര്‍ത്തുന്നതിലുമാണ് ബുംറ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. ക്യാപ്റ്റന്‍സിയുടെ ഉത്തരവാദിത്വംകൂടി നല്‍കിയാല്‍ അത് ബുംറയുടെ കരിയറിനെ ബാധിക്കുമെന്നും പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുതെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ പറഞ്ഞു. 

രോഹിത് ശര്‍മയ്ക്ക് ശേഷം ഒരു ബാറ്റര്‍ ഇന്ത്യന്‍ ക്യാപ്റ്റനാകുന്നതാകും കൂടുതല്‍ അനുയോജ്യമെന്നും മുഹമ്മദ് കൈഫ് പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കെ.എല്‍. രാഹുലിന്റെയും ഋഷഭ് പന്തിന്റെയും പേരുകളാണ് കൈഫ് നിര്‍ദേശിച്ചത്. ഇരുവര്‍ക്കും ടീമുമായുള്ള 'ബാലന്‍സ്' നിലനിര്‍ത്താനാകുമെന്നും ബുംറയെ ക്യാപ്റ്റനാക്കിയാല്‍ അത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുമെന്നും കൈഫ് പ്രതികരിച്ചു.

Content Highlights: Former Indian cricketer Mohammad Kaif opposes Jasprit Bumrah`s captaincy