W,W,W,W…. നാല് പന്തിൽ നാല് വിക്കറ്റ്; തകർപ്പൻ ബൗളിങ്ങുമായി റെയിൽവേസ് ബൗളർ

ഇന്ദോർ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ ബൗളിങ് പ്രകടനവുമായി റെയിൽവേസ് ബൗളർ ജംഷേദ് ആലം. സൗരാഷ്ട്രയ്ക്കെതിരേ നാലോവറിൽ 38 റൺസ് വിട്ടുകൊടുത്ത് താരം അഞ്ചുവിക്കറ്റെടുത്തു. നാല് പന്തുകളിൽ തുടർച്ചയായി നാല് വിക്കറ്റുകളെടുത്ത ആലം ഉജ്ജ്വല ബൗളിങ്ങാണ് കാഴ്ചവെച്ചത്. മത്സരത്തിൽ 29 റൺസിന് റെയിൽവേസ് ജയിച്ചു.
റെയിൽവേസ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയതായിരുന്നു സൗരാഷ്ട്ര. ആദ്യ ഓവറിൽ ഓപ്പണർ വിശ്വരാജ് ജഡേജയെ രാഹുൽ ശർമ പുറത്താക്കി. മൂന്നോവറിൽ 20-1 എന്ന നിലയിലായിരുന്നു സൗരാഷ്ട്ര. പിന്നാലെ നാലാം ഓവറിലാണ് ജംഷേദ് കത്തിക്കയറിയത്. ആദ്യ പന്തിൽ ഹർവിക് ദേശായിക്ക് റണ്ണൊന്നുമെടുക്കാനായില്ല. രണ്ടാം പന്ത് ഫോറടിച്ചു. എന്നാൽ, ശേഷിച്ച നാല് പന്തുകളിലും സൗരാഷ്ട്ര ബാറ്റർമാർക്ക് മറുപടിയുണ്ടായില്ല.
മൂന്നാം പന്തിൽ ഹാർവിക് ദേശായി പുറത്തായി. സുബൈർ അലി ക്യാച്ചെടുത്ത് മടക്കി. നാലാം പന്തിൽ പ്രേരക് മങ്കാദ് ബൗൾഡായി. അഞ്ചാം പന്തിൽ രുചിത് അഹിർ വന്നപോലെ മടങ്ങി. ജംഷേദിന്റെ പന്തിൽ ഉപേന്ദ്ര യാദവ് ക്യാച്ചെടുത്തു. ഓവറിലെ അവസാനപന്തിലും വിക്കറ്റ് വീണു. സമ്മർ ഗജ്ജാർ എൽബിഡബ്ല്യുവിൽ കുരുങ്ങുകയായിരുന്നു. നാലോവർ അവസാനിക്കുമ്പോൾ 24-5 എന്ന നിലയിലായിരുന്നു സൗരാഷ്ട്ര. മത്സരത്തിലെ തന്റെ ആദ്യ ഓവറിൽ തന്നെയാണ് താരം നാലുവിക്കറ്റെടുക്കുന്നത്. ആറാം ഓവറിൽ സിദ്ധാന്ത് റാണയെയും പുറത്താക്കി ജംഷേദ് അഞ്ചുവിക്കറ്റ് നേട്ടത്തിലെത്തി.
സൗരാഷ്ട്ര 57-8 എന്ന നിലയിലേക്ക് വീണെങ്കിലും ഒൻപതാം വിക്കറ്റിൽ തകർപ്പൻ കൂട്ടുകെട്ടുമായി ഹർവാൻഷ് പംഗാലിയയും ക്രയിൻസ് ഫുലെത്രയും പൊരുതി. 96 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. 153-8 ന് ഇന്നിങ്സ് അവസാനിച്ചു. ആദ്യം ബാറ്റുചെയ്ത റെയിൽവേസ് അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 182 റൺസെടുത്തത്.
Content Highlights: Railways bowler Jamshed Alam took 4 wickets in 4 consecutive balls against Saurashtra