ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ പേസ് താരമായി ജെയിംസ് ആന്‍ഡേഴ്‌സണ്‍

Photo | PTI
Photo | PTI

ധരംശാല: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 700 വിക്കറ്റ് തികയ്ക്കുന്ന ആദ്യ പേസ് ബൗളറായി ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍. ധരംശാല ടെസ്റ്റിന്റെ മൂന്നാംദിനം രാവിലെ ഇന്ത്യയുടെ കുല്‍ദീപ് യാദവിന്റെ വിക്കറ്റ് നേടിയതിനു പിന്നാലെയാണ് ആന്‍ഡേഴ്‌സനെത്തേടി റെക്കോഡ് നേട്ടമെത്തിയത്. നേരത്തേ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നേടിയാണ് 699-ലെത്തിയത്. 

ധരംശാല ടെസ്റ്റിനിറങ്ങുമ്പോള്‍ ചരിത്ര നേട്ടത്തിലേക്ക് രണ്ട് വിക്കറ്റ് അകലമായിരുന്നു 41-കാരനായ ആന്‍ഡേഴ്‌സന് മുന്‍പിലുണ്ടായിരുന്നത്. ശുഭ്മാന്‍ ഗില്ലിന്റെയും കുല്‍ദീപിന്റെയും വിക്കറ്റുകള്‍ നേടിയതോടെ 700 എന്ന നാഴികക്കല്ല് പിന്നിട്ടു. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും (800), ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണും (708) മാത്രമാണ് വിക്കറ്റ് നേട്ടത്തില്‍ ആന്‍ഡേഴ്‌സന് മുന്നിലുള്ളത്. ഇരുവരും സ്പിന്നര്‍മാരാണ്. പേസ് ബൗളര്‍മാരില്‍ ആന്‍ഡേഴ്‌സന് മാത്രമേ ഈ നേട്ടം എത്തിപ്പിടിക്കാനായുള്ളൂ.

187 ടെസ്റ്റ് മത്സരങ്ങളില്‍നിന്നാണ് ആന്‍ഡേഴ്‌സന്റെ നേട്ടം. 2002-ലാണ് ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. 32 തവണ അഞ്ച് വിക്കറ്റ് നേട്ടവും മൂന്നുതവണ 10 വിക്കറ്റ് നേട്ടവും കൈവരിച്ചു. 42 റണ്‍സ് വിട്ടുനല്‍കി ഏഴ് വിക്കറ്റെടുത്തതാണ് കരിയറിലെ മികച്ച പ്രകടനം.
 

Content Highlights: james anderson becomesfirst seamer to 700 test wickets