സഹീര്‍ ഖാന്‍ കടംതന്ന ഷൂസ് ധരിച്ചാണ് അന്ന് കളിച്ചത്; അരങ്ങേറ്റ മത്സരത്തെക്കുറിച്ച് ഇഷാന്ത് ശര്‍മ

Photo: PTI
Photo: PTI

ഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരിലൊരാളാണ് ഇഷാന്ത് ശര്‍മ. 2007-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് താരം ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഈ മത്സരത്തില്‍ കടം വാങ്ങിയ ഷൂസുമായാണ് താരം കളിച്ചത്. അതേക്കുറിച്ച് ഇഷാന്ത് ഈയിടെ മനസ്സുതുറന്നു. 

ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍ കടമായി നല്‍കിയ ഷൂസ് ഉപയോഗിച്ചാണ് ഇഷാന്ത് 2007-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. ആദ്യ ഇലവനിലെ പലതാരങ്ങളും അന്ന് പരിക്കുമൂലം കളിക്കാതിരുന്നതിനാല്‍ ഇഷാന്തിന് ഇന്ത്യന്‍ ടീമിലിടം ലഭിച്ചു. 19 വയസ്സ് മാത്രം പ്രായമുള്ള ഇഷാന്ത് കളിക്കാനായി അയര്‍ലന്‍ഡിലെത്തിയപ്പോഴാണ് തന്റെ കിറ്റ് കാണാനില്ലെന്ന് മനസ്സിലാക്കിയത്. 

ഇതോടെ കളിക്കാന്‍ പറ്റാതാകുമോ എന്ന് ഭയന്ന ഇഷാന്ത് ഷൂസിനായി ഒരുപാട് തിരഞ്ഞെങ്കിലും കിട്ടിയില്ല. ഒടുവില്‍ ഇഷാന്ത് സഹീര്‍ ഖാനില്‍ നിന്ന് ഷൂസ് കടം വാങ്ങുകയായിരുന്നു. 'ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഞാന്‍ കളിക്കുമെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞപ്പോള്‍ ഷൂസില്ലാതെ കളിക്കേണ്ടിവരുമെന്ന് ഞാന്‍ മറുപടി നല്‍കി. നിവൃത്തിയില്ലാതെ ഞാന്‍ സഹീര്‍ ഖാനോട് ഷൂസ് കടം മേടിച്ചു. ആ ഷൂസിട്ടാണ് ഞാന്‍ ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ കളിക്കാനിറങ്ങിയത്. ഷൂസ് കാലിന് പാകമല്ലാത്തതിനാല്‍ എന്റെ തള്ളവിരലില്‍ അസഹ്യമായ വേദനയുണ്ടായി. അതും സഹിച്ചാണ് അന്ന് പന്തെറിഞ്ഞത്', ഇഷാന്ത് വ്യക്തമാക്കി. 

പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ഇഷാന്ത് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍, മത്സരത്തില്‍ വിക്കറ്റ് നേടാന്‍ താരത്തിന് കഴിഞ്ഞില്ല. 38 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. ആ പരമ്പര ഇന്ത്യ സ്വന്തമാക്കി.

Content Highlights: ishant sharmar Recalls Unheard Tale Of His ODI Debut