ദുലീപ് ട്രോഫി ഫൈനലിൽ ഇരട്ട സെഞ്ചുറി; ഇഷാൻ കിഷന് റെക്കോഡ്

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: PTI
Photo: PTI

ചെന്നൈ: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ തകർപ്പൻ ഇരട്ട സെഞ്ചുറിയുമായി കിഴക്കൻ മേഖലാ ക്യാപ്റ്റൻ ഇഷാൻ കിഷൻ. തിലക് വർമ നയിക്കുന്ന ദക്ഷിണ മേഖലയ്ക്കെതിരായ ഫൈനൽ പോരാട്ടത്തിൽ നായകന്റെ ഇന്നിങ്‌സിലൂടെ ഇഷാൻ കിഷൻ ടീമിനെ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു. മത്സരത്തിന്റെ ഒന്നാം ദിനം സെഞ്ചുറിയുമായി കളം നിറഞ്ഞ ഇഷാൻ, രണ്ടാം ദിനത്തിലും ദക്ഷിണ മേഖല ബൗളർമാർക്കെതിരേ മികവ് തുടർന്നു. ഇതോടെ ദുലീപ് ട്രോഫി ചരിത്രത്തിൽ ഫൈനലിൽ ഇരട്ട സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ബാറ്ററെന്ന നേട്ടവും താരത്തിന് സ്വന്തമായി.

നാല് താരങ്ങൾ മാത്രമാണ് ഇതിനുമുമ്പ് ദുലീപ് ട്രോഫി ഫൈനലിൽ ഇരട്ട സെഞ്ചുറി നേടിയിട്ടുള്ളത്.

രമൺ ലാംബ (1987-88 സീസണിൽ പശ്ചിമ മേഖലയ്ക്കെതിരെ 320 റൺസ്)

അൻഷുമാൻ ഗെയ്ക്വാദ് (1987-88 സീസണിൽ  ഉത്തര മേഖലയ്ക്കെതിരേ 216 റൺസ്)

ചേതേശ്വർ പുജാര (2016-17 സീസണിൽ ഇന്ത്യ റെഡിനെതിരേ പുറത്താകാതെ 256 റൺസ്)

യശസ്വി ജയ്സ്വാൾ (2022-23 സീസണിൽ ദക്ഷിണ മേഖലയ്ക്കെതിരെ 209 റൺസ്)

ഈ ഇന്നിങ്സോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 4,000 റൺസ് എന്ന നാഴികക്കല്ല് പിന്നിടാനും ഇഷാന് സാധിച്ചു. ഫസ്റ്റ് ക്ലാസ് കരിയറിലെ അദ്ദേഹത്തിന്റെ പത്താമത്തെ സെഞ്ചുറിയാണിത്. 301 പന്തിൽ നിന്ന് 250 റൺസെടുത്ത ഇഷാൻ ഒടുവിൽ റിട്ടയേർഡ് ഹർട്ടായി മടങ്ങുകയായിരുന്നു. നിലവിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 626 റൺസെന്ന ശക്തമായ നിലയിലാണ് കിഴക്കൻ മേഖല. ഇഷാന് പുറമെ കുമാർ കുശാഗ്ര സെഞ്ചുറി (132 പന്തിൽ 101) നേടി.

Content Highlights: Ishan Kishan scored a brilliant double century in the Duleep Trophy final., He became the fifth batter in Duleep Trophy history to score a double ton in the final., Surpassed 4,000 runs in first-class cricket during this innings., Registered his tenth first-class century.