യശസ്വിയെ ഒഴിവാക്കിയതിനെതിരെ ഇർഫാൻ പഠാൻ; ഷമിയെ തഴയുന്നതിൽ ബിസിസിഐ വ്യക്തത വരുത്തണമെന്ന് കൈഫ്

മുംബൈ: ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മുഹമ്മദ് ഷമിയുടേയും യശസ്വി ജയ്സ്വാളിന്റേയും അഭാവം ഏറെ ചർച്ചയായിരുന്നു. യശസ്വിക്ക് ടെസ്റ്റ് ടീമിൽ മാത്രം ഇടം നൽകിയപ്പോൾ ഷമിയെ ഒരു ഫോർമാറ്റിലും പരിഗണിച്ചില്ല. ഇതിന് പിന്നാലെ വിമർശനവുമായി മുൻതാരങ്ങൾ രംഗത്തെത്തുകയും ചെയ്തു.
യശസ്വിയെ ടീമിൽ ഉൾപ്പെടുത്താത്തത് ചോദ്യം ചെയ്ത് മുൻ താരം ഇർഫാൻ പഠാൻ എക്സിൽ കുറിപ്പ് പങ്കുവെച്ചു. 'ഏകദിന ടീമിൽ യശസ്വിയെ ഉൾപ്പെടുത്താത്തതിന് കാരണം എന്താണ്?' എന്നാണ് പഠാൻ കുറിച്ചത്.
ഷമിയെ ഉൾപ്പെടുത്താത്തതിൽ സെലക്ടർമാർക്കെതിരെ വിമർശനവുമായി മുൻ താരം മുഹമ്മദ് കൈഫും രംഗത്തെത്തി. 2025-ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ടീമിൽ നിന്ന് പുറത്തായ ഷമിയെ എന്തുകൊണ്ട് വീണ്ടും പരിഗണിക്കുന്നില്ല എന്നതിൽ ബിസിസിഐ വ്യക്തത വരുത്തണമെന്ന് കൈഫ് ആവശ്യപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഷമിയെ മാറ്റിനിർത്തുന്നതിലെ കാരണം എന്താണെന്നും കൈഫ് ചോദിച്ചു.
'കൃത്യമായ സുതാര്യത ഉണ്ടാകേണ്ടതുണ്ട്. എന്താണ് കാരണമെന്ന് തുറന്നുപറയണം. അദ്ദേഹം രഞ്ജി ട്രോഫി കളിക്കുന്നു. വിക്കറ്റുകൾ വീഴ്ത്തുന്നു. പിന്നെ എന്താണ് പ്രശ്നം?'-കൈഫ് ചോദിച്ചു.
ഷമി ടീമിൽ ഇല്ലാത്തത് ന്യൂസീലൻഡ് ബാറ്റർമാർക്ക് വലിയ ആശ്വാസമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ ബംഗാളിനായി ഏഴ് മത്സരങ്ങളിൽ നിന്ന് 37 വിക്കറ്റുകൾ വീഴ്ത്തിയ ഷമി പുതിയ സീസണിലെ ആദ്യ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
Content Highlights: Irfan Pathan questioned the exclusion of Yashasvi Jaiswal from the ODI squad., Mohammad Kaif demanded transparency from BCCI regarding Mohammed Shami's omission despite domestic success., Shami took 37 wickets in the previous Ranji Trophy season for Bengal., Former players believe Shami's absence brings relief to New Zealand batters.