പ്രീതി സിന്റയ്ക്ക് പറ്റിയ 'അബദ്ധം'; 20ലക്ഷത്തിന് വിളിച്ചതാരത്തെ ഇത്തവണ നിലനിര്‍ത്തിയത് 5.5 കോടിക്ക്‌

ശശാങ്ക് സിങ്, പ്രീതി സിന്റ | Photo: https://x.com/PunjabKingsIPL
ശശാങ്ക് സിങ്, പ്രീതി സിന്റ | Photo: https://x.com/PunjabKingsIPL

2023-ലെ ഐപിഎൽ ലേലം. രസകരവും നാടകീയ രംഗങ്ങൾക്കുമൊടുവിൽ പ്രീതിസിന്റ പഞ്ചാബ് കിങ്സ് ഇലവനിലേക്ക് ശശാങ്ക് സിങ്ങിനെ ലേലത്തിൽ വിളിക്കുന്നു. ആള് മാറിയിട്ടായിരുന്നു ശശാങ്കിന്റെ ടീമിലേക്കുള്ള എൻട്രി എങ്കിലും പിന്നീട് ശശാങ്ക് ടീമിന്റെ അവിഭാജ്യഘടകമായി മാറുന്ന കാഴ്ചയാണ് കണ്ടത്.

ഇത്തവണ പഞ്ചാബ് ടീം മാനേജ്മെന്റിന് രണ്ടാമതൊന്ന്‌ ആലോചിക്കാനുണ്ടായിരുന്നില്ല, ടീമിൽ ടീമില്‍ ആരെയൊക്കെ നിലനിര്‍ത്തണം എന്ന് തീരുമാനിച്ചപ്പോള്‍ ആദ്യത്തെ പേരുകാരനായി ശശാങ്ക്.. വെറും രണ്ട് താരങ്ങളെ മാത്രമായിരുന്നു ഇത്തവണ പഞ്ചാബ് ടീമിൽ നിലനിർത്തിയത്. 5.5 കോടിക്കായിരുന്നു ശശാങ്കിനെ നിലനിർത്തിയത്. ടീം നിലനിര്‍ത്തിയ മറ്റൊരാൾ പ്രഭ്സിമ്രാൻ ആണ്. 4 കോടിക്കായിരുന്നു പ്രഭ്സിമ്രാനെ നിലനിർത്തിയത്. 

2023-ൽ ദുബായില്‍ നടന്ന ലേലത്തില്‍ ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത 19 വയസുകാരന്‍ ഓള്‍റൗണ്ടര്‍ ശശാങ്ക് സിങ്ങിനെ ടീമിലെത്തിക്കാനായിരുന്നു പഞ്ചാബ് ടീം ഉടമകളുടെ പദ്ധതി. എന്നാല്‍ ലേല ഹാളില്‍ ശശാങ്ക് സിങ് എന്ന പേരുകേട്ടതോടെ പഞ്ചാബ് ഉടമ പ്രീതി സിന്റ മറ്റൊന്നും ആലോചിക്കാതെ ലേലം വിളിക്കുകയായിരുന്നു. മറ്റ് ടീമുകളൊന്നും വിളിക്കാതിരുന്നതോടെ ശശാങ്ക് അടിസ്ഥാനവിലയായ 20 ലക്ഷത്തിന് പഞ്ചാബിന്റെ ഭാഗമായി. പിന്നീടാണ് 32-കാരനായ ഛത്തീസ്ഗഡ് താരം ശശാങ്കിനെയാണ് തങ്ങള്‍ വിളിച്ചെടുത്തതെന്ന് ടീം ഉടമകളായ നെസ് വാഡിയയും പ്രീതി സിന്റയും തിരിച്ചറിയുന്നത്. ഇതോടെ സംഭവിച്ച അബദ്ധം ഇവര്‍ മല്ലിക സാഗറിനെ അറിയിച്ചു. എന്നാല്‍ ലേല നടപടികള്‍ പൂര്‍ത്തിയായെന്നും മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമായിരുന്നു മല്ലികയുടെ മറുപടി. ഇതോടെ താരത്തെ പഞ്ചാബിന് ടീം പട്ടികയില്‍ ഉള്‍പ്പെടുത്തുകയല്ലാതെ മറ്റ് മാര്‍ഗമുണ്ടായില്ല. തുടർന്ന് ടീമിന്റെ ഭാഗമായ ശശാങ്ക് ഇപ്പോൾ ടീമിന്റെ വിശ്വസ്തൻ കൂടിയായി മാറി.

കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 354 റൺസായിരുന്നു ശശാങ്ക് നേടിയത്. ഇതിൽ രണ്ട് അർദ്ധ സെഞ്ചുറിയും ഉൾപ്പെടും. 164.65 ആയിരുന്നു ശശാങ്കിന്റെ റൺറേറ്റ്. 

പഞ്ചാബ് സംഘത്തിൽ ശശാങ്കിനെ നിലനിർത്തിയതിനു പിന്നാലെ, 'ഇതെന്റെ സമയമാണ്, അവരായിരുന്നു ശരി എന്ന് തെളിയിക്കാനുള്ള സമയം' എന്ന് ശശാങ്ക് കുറിച്ചു.

Content Highlights: IPL 2025 From Accidental Pick to Key Retention shashank singh