സഞ്ജുവിനെ പുറത്താക്കിയ ശേഷം അബ്രാറിന്റെ പതിവ് 'സെലബ്രേഷന്‍'; കളിക്കു ശേഷം കണക്കിനു കൊട്ടി ഇന്ത്യന്‍ താരങ്ങള്‍

ദുബായ്: ഇന്ത്യന്‍ താരം സഞ്ജു സാംസണെ പുറത്താക്കിയ ശേഷം തന്റെ പതിവ് വിക്കറ്റ് ആഘോഷം നടത്തിയ പാകിസ്താന്‍ താരം അബ്രാര്‍ അഹമ്മദിനെ കണക്കിന് കളിയാക്കി ഇന്ത്യന്‍ താരങ്ങള്‍. ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് കലാശപ്പോരില്‍ പാകിസ്താനെ അഞ്ചു വിക്കറ്റിന് കീഴടക്കി കിരീടം നേടിയ ശേഷമായിരുന്നു അബ്രാറിനുള്ള ഇന്ത്യന്‍ താരങ്ങളുടെ മറുപടി.
പാകിസ്താന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ നാല് ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സെന്ന നിലയില്‍ തകര്‍ച്ച മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച തിലക് വര്‍മ - സഞ്ജു സാംസണ്‍ സഖ്യമാണ് 57 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. 21 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത സഞ്ജുവിനെ ഒടുവില്‍ 13-ാം ഓവറില്‍ പുറത്താക്കിയ ശേഷമാണ് അബ്രാര്‍, തലകൊണ്ട് കയറിപ്പോകാന്‍ കാണിക്കുന്ന സ്ഥിരം ആംഗ്യം പുറത്തെടുത്തത്.
ഫൈനലില്‍ പാകിസ്താനെ കീഴടക്കിയ ശേഷം അബ്രാറിന് മറുപടി നല്‍കാന്‍ ഇന്ത്യന്‍ താരങ്ങളായ ജിതേഷ് ശര്‍മ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരെത്തി. സഞ്ജുവിനെ മുന്നില്‍ നിര്‍ത്തി, അബ്രാറിന്റെ തലകൊണ്ടുള്ള ആംഗ്യം പുറത്തെടുക്കുകയായിരുന്നു മൂവരും. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 'നോ കോണ്‍ടെക്സ്റ്റ്' എന്ന ക്യാപ്ഷനോടെയാണ് അര്‍ഷ്ദീപാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Content Highlights: Indian players hilariously mimicked Abrar Ahmed`s signature wicket celebration after defeating Pakistan in the Asia Cup final. Watch the viral video