‘ഫൈവ് സ്റ്റാർ അല്ലെങ്കിലും സംഘാടകർ ഒരുക്കുന്ന താമസം മതി’, ഒടുവിൽ നിലപാടറിയിച്ച് ബിസിസിഐ

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ സംഘാടകർ ഒരുക്കുന്ന താമസസൗകര്യങ്ങൾ തന്നെ ഉപയോഗിക്കുമെന്ന് ബിസിസിഐ. ഫൈവ് സ്റ്റാർ സൗകര്യങ്ങളല്ലെങ്കിലും അവർ ഒരുക്കിയിട്ടുള്ള താമസസൗകര്യങ്ങൾ തൃപ്തികരമാണെന്നും ബിസിസിഐ സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. താരങ്ങൾക്ക് ഒരുക്കിയിട്ടുള്ള താമസസൗകര്യങ്ങളിൽ നേരത്തേ ബിസിസിഐ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ പ്രത്യേക താമസസൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അത് തള്ളിയിരുന്നു.
സംഘാടകർ ലഭ്യമാക്കുന്ന സൗകര്യങ്ങളിലാണ് ഞങ്ങൾ താമസിക്കുന്നത്. ഫൈവ് സ്റ്റാർ അല്ലെങ്കിലും താമസസൗകര്യം നല്ലതാണ്. താമസസ്ഥലത്തിന്റെ ഫോട്ടോകളും വീഡിയോകളും ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. താരങ്ങൾക്ക് ഇത് കംഫർട്ടബിളായിരിക്കുമെന്ന് തോന്നുന്നു. അവർ അവിടെ തന്നെ താമസിക്കും. അല്ലെങ്കിൽ ഒസാക്കയിലോ ടോക്കിയോയിലോ താമസിപ്പിക്കുക എന്നതായിരുന്നു വഴി, എന്നാൽ അത് വളരെ ദൂരെയാണ്. - ഇന്ത്യൻ സംഘത്തിന്റെ യാത്രയയപ്പ് ചടങ്ങിൽ രാജീവ് ശുക്ല പറഞ്ഞു.
പ്രശ്‌നങ്ങൾ പരിഹരിച്ചതായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയും പ്രതികരിച്ചു. പ്രശ്നങ്ങളൊന്നുമില്ലെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഇതിനകം ഹോട്ടലുകൾ ബുക്ക് ചെയ്തിട്ടുണ്ട്. ഓരോ കളിക്കാർക്കും ഞങ്ങൾക്ക് ഹോട്ടൽ മുറികൾ ബുക്ക് ചെയ്യാൻ കഴിയില്ല, കാരണം താമസസൗകര്യങ്ങൾ അത്‌ലറ്റ്സ് വില്ലേജിൽ ഉള്ളതുപോലെയല്ല. സംഘാടകർ ഒരു കപ്പലും ചെറിയ വില്ലകളും നൽകുന്നുണ്ട്." - പി.ടി. ഉഷ പി.ടി.ഐയോട് പറഞ്ഞു.
"നഗോയയിൽ ധാരാളം ഹോട്ടലുകൾ ഇല്ല എന്നതായിരുന്നു പ്രശ്നം. ബുള്ളറ്റ് ട്രെയിനിൽ ഒന്നര മണിക്കൂർ യാത്രാ ദൂരമുണ്ട് ടോക്കിയോയിലേക്ക്, ഒസാക്കയിലേക്കും അങ്ങനെ തന്നെയാണ്. എന്നാൽ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നവരെല്ലാം കുടുംബങ്ങളെപ്പോലെയാണ്, ചില ടീമുകൾ ടോക്കിയോയിലും ചിലർ ഒസാക്കയിലും താമസിക്കുന്നത് നല്ലതല്ല, അതിനാൽ ഞങ്ങളുടെ കളിക്കാർ ഹോട്ടൽ താമസസൗകര്യത്തിൽ തന്നെ കഴിയാൻ തീരുമാനിക്കുകയായിരുന്നു." - രാജീവ് ശുക്ല കൂട്ടിച്ചേർത്തു.
"മൈതാനം, പിച്ചുകൾ, ഡ്രെസ്സിങ് റൂമുകൾ എന്നിവയെ സംബന്ധിച്ചാണ് പ്രശ്നങ്ങൾ ഉയർന്നുവന്നതെന്നും സംഘാടകർ ആ കാര്യങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ടീം അവിടെ സന്ദർശിച്ചിരുന്നു. അവർക്ക് മൈതാനത്തിലും പിച്ചുകളിലും ഡ്രെസ്സിങ് റൂമുകളിലും തൃപ്തിയുണ്ട് . ശുക്ല പറഞ്ഞു. ക്രിക്കറ്റ് താരങ്ങളുടെ താമസസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത് ആരാണെന്ന ചോദ്യത്തിന്, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും ഏഷ്യൻ ഗെയിംസ് ഓർഗനൈസിങ് കമ്മിറ്റിയും ജപ്പാൻ ക്രിക്കറ്റ് അസോസിയേഷനുമാണ് അത് സംഘടിപ്പിക്കുന്നതെന്നായിരുന്നു ശുക്ലയുടെ മറുപടി.
സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാല് വരെ നഗോയയിലും ഐച്ചി മേഖലയിലുമായി നടക്കുന്ന ഗെയിംസിൽ പതിനൊന്നായിരത്തോളം കായികതാരങ്ങളും ആറായിരത്തോളം ഒഫീഷ്യലുകളും ഉൾപ്പെടെ പതിനേഴായിരത്തിലധികം പേരാണ് പങ്കെടുക്കുന്നത്. പരമ്പരാഗത രീതിയിലുള്ള ഒരു ഗെയിംസ് വില്ലേജ് ഈ ഗെയിംസിനായി ഒരുക്കിയിട്ടില്ല എന്നതായിരുന്നു താമസസൗകര്യങ്ങളെക്കുറിച്ച് പ്രധാനമായും ചോദ്യങ്ങൾ ഉയരാൻ കാരണം. ഹോട്ടലുകൾ, തടിയിൽ നിർമിച്ച നഗോയയിലെ താത്കാലിക മുറികൾ, 'കോസ്റ്റ സെറീന' എന്ന ക്രൂയിസ് കപ്പൽ എന്നിവ ചേർത്താണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
Content Highlights: IOA and BCCI confirmed comfortable hotel accommodations for Indian cricketers in Nagoya for the Asian Games