ഏഷ്യാ കപ്പ്; ബാറ്റിങ്ങിലെ നിരാശ ബൗളിങ്ങിൽ തീർത്തു, തായ്ലൻഡിനെ തകർത്ത് ഇന്ത്യൻ വനിതകൾ

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: Getty Images
Photo: Getty Images

ദുബായ്: വനിതാ ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം കുറിച്ചു. ബാറ്റിങ്ങിൽ നേരിട്ട തകർച്ചയ്ക്കു ശേഷം ബൗളിങ് കരുത്തിലായിരുന്നു ഇന്ത്യയുടെ വിജയം.

ഷഫാലി വർമയുടെ ബാറ്റിങ് കരുത്തിൽ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ തായ്‌ലൻഡ് 16.1 ഓവറിൽ വെറും 65 റൺസിന് ഓൾഔട്ടായി. ഷഫാലി 36 പന്തിൽ നിന്ന് മൂന്ന് സിക്‌സും എട്ട് ഫോറുമടക്കം 64 റൺസെടുത്തു. വെറും 26 പന്തിൽ നിന്നാണ് ഷഫാലി തന്റെ 19-ാം ടി20 അന്താരാഷ്ട്ര അർധ സെഞ്ചുറി പൂർത്തിയാക്കിയത്.

സ്മൃതി മന്ദാന 10 പന്തിൽ 19 റൺസെടുത്തു നിൽക്കെ റണ്ണൗട്ടായി. അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിച്ച പ്രതിക റാവൽ 18 പന്തിൽ 22 റൺസെടുത്ത് മികച്ച പിന്തുണ നൽകി. എന്നാൽ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യൻ ഇന്നിങ്‌സ് തകരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒരു ഘട്ടത്തിൽ 10 ഓവറിൽ 101/2 എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യയ്ക്ക്, പിന്നീട് 36 റൺസിനിടെ നഷ്ടമായത് ഏഴ് വിക്കറ്റുകളാണ്.

പ്രതിക റാവലിന്റെ വിക്കറ്റ് വീഴ്ത്തി തായ്ലൻഡ് മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. പിന്നാലെ ഷഫാലിയെ സുലീപോൺ ലാവോമി സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കി. മത്സരത്തിൽ 26 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയ ലാവോമിയാണ് ഇന്ത്യയുടെ തകർച്ചയ്ക്ക് വഴിമരുന്നിട്ടത്. റിച്ചാ ഘോഷിനെ ആദ്യ പന്തിൽ തന്നെ പൂജ്യത്തിന് പുറത്താക്കാനും ലാവോമിക്കായി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (9 പന്തിൽ 5), ദീപ്തി ശർമ്മ (5) എന്നിവരും നിരാശപ്പെടുത്തി. ഇന്ത്യ 112/4 എന്ന നിലയിൽ നിന്നും 137/9 എന്ന നിലയിലേക്ക് തകർന്നു. അവസാന ഓവറുകളിൽ ക്രാന്തി ഗൗഡ് (എട്ട് പന്തിൽ 15) നടത്തിയ ബാറ്റിങ്ങാണ് ഇന്ത്യയെ 159 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. തായ്‌ലൻഡിനായി സുനിത ചതുരോംഗ്‌രത്‌ന രണ്ടു വിക്കറ്റ് വീഴ്ത്തി.

എന്നാൽ ബാറ്റിങ്ങിലെ നിരാശ ഇന്ത്യ ബൗളിങ്ങിൽ തീർത്തു. 160 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ തായ്ലൻഡിന് ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ഒരു ഘട്ടത്തിലും പിടിച്ചുനിൽക്കാനായില്ല. 16.1 ഓവറിൽ വെറും 65 റൺസിന് ടീം ഓൾഔട്ടായി. 48 പന്തിൽ അഞ്ച് ഫോറുകൾ അടക്കം 41 റൺസ് നേടിയ നന്നപത് കൊഞ്ചാരോയെങ്കൈ മാത്രമാണ് തായ്ലൻഡ് നിരയിൽ ചെറുത്തുനിന്നത്.

150-ാം ടി20 മത്സരം കളിച്ച ദീപ്തി ശർമ അവിശ്വസനീയമായ ബൗളിങ് പ്രകടനമാണ് പുറത്തെടുത്തത്. വെറും 1.1 ഓവറിൽ ഒരു റൺ പോലും വഴങ്ങാതെ താരം മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. തന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടിയ ദീപ്തി, അവസാന വിക്കറ്റായി നന്നപതിനെ പുറത്താക്കിക്കൊണ്ട് വനിതാ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി. നന്ദിനി ശർമ 18 റൺസിന് മൂന്ന് വിക്കറ്റും ശ്രീ ചരണി 10 റൺസിന് രണ്ടു വിക്കറ്റും വീഴ്ത്തി തിളങ്ങി. നാല് ഓവറിൽ വെറും 11 റൺസ് മാത്രം വഴങ്ങിയ പ്രേമ റാവത്തും മികച്ച രീതിയിൽ പന്തെറിഞ്ഞു. ഈ വിജയത്തോടെ ഗ്രൂപ്പ് എയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. അടുത്ത മത്സരത്തിൽ ഇന്ത്യ, ഹോങ്‌കോങ്ങിനെ നേരിടും.

Content Highlights: India women defeated Thailand by 94 runs in the Women's Asia Cup opening match., Shafali Verma scored a brilliant 64 runs off 36 balls., Deepti Sharma took 3 wickets for 1 run and became the leading wicket-taker in women's T20Is.