ഇത് ബാറ്റോ മിസൈലോ! സഞ്ജു പോയ നിശബ്ദതയെ സിക്സറുകൾ കൊണ്ട് തല്ലിത്തകർത്തു, യുവിയുടെ പിൻഗാമി ഇവിടെ റെഡി

#സ്പോർട്സ് ഡെസ്ക്ക്

ഗുവാഹട്ടി: ഗുവാഹട്ടിയിൽ ഞായറാഴ്ച രാത്രി പെയ്തത് വെറുമൊരു റണ്ണൊഴുക്കായിരുന്നില്ല. അഭിഷേക് ശർമ എന്ന യുവപ്രതിഭയുടെ ബാറ്റിൽനിന്നുതിർന്ന വെള്ളിടിപ്പൂരമായിരുന്നു അത്. കിവീസിന്റെ മോഹങ്ങളെ പത്തോവർ കൊണ്ട് തകർത്ത് തരിപ്പണമാക്കിക്കൊടുത്തു ഈ പഞ്ചാബ് താരം. അഞ്ച് മത്സരങ്ങളുടെ പരമ്പര രണ്ട് മത്സരം ബാക്കി നിൽക്കേ (3-0) ഇന്ത്യ സ്വന്തമാക്കുമ്പോൾ, റെക്കോഡ് പുസ്തകങ്ങൾ അഭിഷേകിന് മുന്നിൽ വഴിമാറുന്ന കാഴ്ചയ്ക്ക് കൂടിയാണ് സാക്ഷ്യംവഹിച്ചത്.

യുവരാജ് എന്ന പഴയ ഇതിഹാസം പകർന്നുനൽകിയ പോരാട്ടവീര്യം ഒട്ടും ചോരാതെ ആവാഹിച്ച ഇന്നിങ്‌സ്!... സഞ്ജുവിന്റെ ഗോൾഡൻ ഡക്കിൽ നിശ്ശബ്ദമായ ഗാലറിയെ സിക്‌സറുകളുടെ പെരുമഴകൊണ്ട് ആറാടിച്ച അഭിഷേക്, ഗുവാഹട്ടിയെയാകെ പ്രകമ്പനം കൊള്ളിച്ചു. വെറും പതിന്നാല് പന്തിൽ അർധ സെഞ്ചുറി പൂർത്തിയാക്കി. ടി20 ചരിത്രത്തിൽ അതിവേഗ അർധ സെഞ്ചുറി കുറിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോഡാണ് അഭിഷേക് സ്വന്തം പേരിൽ കുറിച്ചത്. 12 പന്തിൽ അർധസെഞ്ചുറി നേടിയ യുവരാജ് സിങ്ങിന് തൊട്ടുപിന്നിലാണിപ്പോൾ സ്ഥാനം. ചരിത്രം കുറിച്ച ആ കുതിപ്പിൽ ന്യൂസീലൻഡ് വെറും കാഴ്ചക്കാരായി മാറി. ഹാർദിക് പാണ്ഡ്യയുടെ 16 പന്ത് അർധസെഞ്ചുറി റെക്കോഡാണ് അഭിഷേക് മറികടന്നത്.

മത്സരത്തിൽ 20 പന്തിൽ ഏഴ് സിക്‌സും അഞ്ച് ഫോറും സഹിതം 68 റൺസാണ് അഭിഷേകിന്റെ സമ്പാദ്യം. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 26 പന്തിൽ 57 റൺസുമായി മറുതലക്കൽ മറ്റൊരു വെടിക്കെട്ട് തീർത്തതോടെ ഇന്ത്യൻ സ്‌കോർ ടോപ് ഗിയറിലായി. ആദ്യം ബാറ്റുചെയ്ത ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റിൽ 153 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ വെറും പത്തോവറിൽ ലക്ഷ്യം മറികടന്നു.

Content Highlights: Abhishek Sharma Rewrites Record Books in India's Clinical T20I Victory Against New Zealand