12 വര്‍ഷം, 18 പരമ്പരകള്‍, 4331 ദിനങ്ങള്‍ നീണ്ട ആധിപത്യം; ഇന്ത്യയുടെ അപരാജിതക്കുതിപ്പിന് അവസാനം

#സ്വന്തം ലേഖകൻ
Photo: AFP
Photo: AFP

ബെംഗളൂരുവിന് പിന്നാലെ പുണെ ടെസ്റ്റിലും ന്യൂസീലന്‍ഡിനു മുന്നില്‍ വീണതോടെ നാട്ടിലെ ടെസ്റ്റ് പരമ്പരകളില്‍ 12 വര്‍ഷമായി തുടരുന്ന ആധിപത്യമാണ് ഇന്ത്യന്‍ ടീമിന് നഷ്ടമായത്. 113 റണ്‍സിനാണ് പുണെയില്‍ കിവീസ് ഇന്ത്യയെ അടിയറവുപറയിച്ചത്. ബെംഗളൂരു ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ ജയം സ്വന്തമാക്കിയ കിവീസ്, ഇന്ത്യന്‍ മണ്ണില്‍ 1988-ന് ശേഷമുള്ള ആദ്യ ടെസ്റ്റ് ജയം കുറിച്ചിരുന്നു. 36 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് ജയിച്ച അവര്‍ പുണെയില്‍ നടന്ന അടുത്ത ടെസ്റ്റും ജയിച്ച് പരമ്പര വിജയവും നുണഞ്ഞു.

2012-13 സീസണില്‍ ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് ടീമിനോടാണ് നാട്ടില്‍ ഇന്ത്യ അവസാനമായി ഒരു ടെസ്റ്റ് പരമ്പര തോറ്റത്. എം.എസ് ധോനിയുടെ കീഴിലായിരുന്നു അന്നത്തെ തോല്‍വി. പിന്നീട് വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ തേരോട്ടമായിരുന്നു നാട്ടില്‍. ഒടുവില്‍ 4331 ദിവസങ്ങള്‍ നീണ്ട ആധിപത്യം രോഹിത് ശര്‍മയുടെ ടീം നഷ്ടമാക്കിയിരിക്കുന്നു. 18 ടെസ്റ്റ് പരമ്പരകള്‍ നീണ്ട ഇന്ത്യയുടെ വിജയക്കുതിപ്പാണ് കിവീസ് അവസാനിപ്പിച്ചത്. 1955-56 മുതല്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കുന്ന ന്യൂസീലന്‍ഡിന്റെ ഇന്ത്യന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയംകൂടിയാണിത്. ഇന്ത്യയില്‍ കളിച്ച 38 ടെസ്റ്റുകളില്‍ അവരുടെ നാലാമത്തെ വിജയവും. 1959-ലും 1988-ലുമായിരുന്നു ഇന്ത്യന്‍ മണ്ണില്‍ ഇതിനു മുമ്പുള്ള കിവീസിന്റെ ടെസ്റ്റ് വിജയങ്ങള്‍.

ഇന്ത്യയുടെ നാട്ടിലെ ആധിപത്യത്തിന് അവസാനം

ഈ നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്ന മൂന്നാമത്തെ ടീമാണ് ന്യൂസീലന്‍ഡ്. മാത്രമല്ല 2012-ന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയെ ടെസ്റ്റില്‍ തോല്‍പ്പിക്കുന്ന മൂന്നാമത്തെ ടീമും. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും മാത്രമാണ് ഇക്കാലത്തിനിടയ്ക്ക് ഇന്ത്യയില്‍ ടെസ്റ്റ് വിജയം നേടിയ ടീമുകള്‍. ഇംഗ്ലണ്ട് 2012-ല്‍ രണ്ടും 2021-ല്‍ ഒന്നിലും ഈ വര്‍ഷം തുടക്കത്തില്‍ ഒരു ടെസ്റ്റിലും ഇന്ത്യയില്‍ വിജയം നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയ 2017-ലും 2023-ലും ഓരോ വിജയങ്ങള്‍ നേടി.

2012-ല്‍ ഇംഗ്ലണ്ടിനോട് പരമ്പര തോല്‍ക്കുന്നതിനു മുമ്പ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയ ടീം ഓസ്‌ട്രേലിയയായിരുന്നു. 2004-ലെ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫിയിലാണ് ഓസീസ്, ഇവിടെ ഇന്ത്യയെ മുട്ടുകുത്തിച്ചത്. 2004-നും 2012-നും ഇടയ്ക്ക് നാട്ടില്‍ 10 പരമ്പര വിജയങ്ങളും നാല് സമനിലകളുമായി ഒമ്പത് വര്‍ഷക്കാലവും ഇന്ത്യ ആധിപത്യം പുലര്‍ത്തിയിരുന്നു.

2013 മുതല്‍ നാട്ടില്‍ തുടര്‍ച്ചയായി 18 പരമ്പരകള്‍ നേടിയ ഇന്ത്യയുടെ ആധിപത്യം ടെസ്റ്റ് ചരിത്രത്തിലെ റെക്കോഡായിരുന്നു. സ്വന്തം തട്ടകത്തില്‍ ഒരു ടീമിന്റെ ഏറ്റവും നീണ്ട വിജയത്തുടര്‍ച്ചയായിരുന്നു അത്. 1994 - 2001 കാലയളവില്‍ ഓസ്‌ട്രേലിയ സ്ഥാപിച്ച 10 ഹോം സീരീസ് വിജയങ്ങളുടെ റെക്കോഡാണ് ഇന്ത്യ തിരുത്തിയത്.

2013 ഫെബ്രുവരി മുതല്‍ 2024 ഒക്ടോബര്‍ വരേയുള്ള ഇന്ത്യയുടെ നാട്ടിലെ ടെസ്റ്റ് പരമ്പര ഫലങ്ങള്‍
  • ഓസ്ട്രേലിയയ്ക്കെതിരേ 4-0 വിജയം - 2012/13
  • വെസ്റ്റിന്‍ഡീസിനെതിരേ 2-0 വിജയം - 2013/14
  • ദക്ഷിണാഫ്രിക്കയ്ക്കെതിരേ 3-0 വിജയം - 2015/16
  • ന്യൂസീലന്‍ഡിനെതിരേ 3-0 വിജയം - 2016/17
  • ഇംഗ്ലണ്ടിനെതിരേ 4-0 വിജയം - 2016/17
  • ബംഗ്ലാദേശിനെതിരേ 1-0 വിജയം - 2016/17
  • ഓസ്ട്രേലിയയ്ക്കെതിരേ 2-1 വിജയം - 2016/17
  • ശ്രീലങ്കയ്ക്കെതിരേ 1-0 വിജയം - 2017/18
  • അഫ്ഗാനിസ്ഥാനെതിരേ 1-0 വിജയം - 2018
  • വെസ്റ്റിന്‍ഡീസിനെതിരേ 2-0 വിജയം - 2018/19
  • ദക്ഷിണാഫ്രിക്കയ്ക്കെതിരേ 3-0 വിജയം - 2019/20
  • ബംഗ്ലാദേശിനെതിരേ 2-0 വിജയം - 2019/20
  • ഇംഗ്ലണ്ടിനെതിരേ 3-1 വിജയം - 2020/21
  • ന്യൂസീലന്‍ഡിനെതിരേ 1-0 വിജയം - 2021/22
  • ശ്രീലങ്കയ്ക്കെതിരേ 2-0 വിജയം - 2021/22
  • ഓസ്ട്രേലിയയ്ക്കെതിരേ 2-1 വിജയം - 2022/23
  • ഇംഗ്ലണ്ടിനെതിരേ 3-1 വിജയം - 2023/24
  • ബംഗ്ലാദേശിനെതിരേ 2-0 വിജയം - 2024/25
  • ന്യൂസീലന്‍ഡിനെതിരേ 0-2 തോല്‍വി - 2024/25

Content Highlights: New Zealand defeats India in the Pune Test, ending India`s 12-year reign of home test series