ക്രിക്കറ്റിന്റെ മെക്കയില്‍ ജൂലാന്‍ ഗോസ്വാമിക്ക് ജയത്തോടെ മടക്കം

Photo: PTI
Photo: PTI

ലോര്‍ഡ്‌സ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരം ജൂലാന്‍ ഗോസ്വാമിക്ക് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ ജയത്തോടെ മടക്കം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ 16 റണ്‍സിന്റെ ജയം നേടിയ ഇന്ത്യന്‍ സംഘം പരമ്പരയും തൂത്തുവാരി തങ്ങളുടെ ഇതിഹാസ താരത്തിന്റെ വിടവാങ്ങല്‍ ഗംഭീരമാക്കി.

മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് വനിതകള്‍ 43.3 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടായി. 10 ഓവറില്‍ മൂന്ന് മെയ്ഡനടക്കം 30 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ജൂലാന്‍ അവസാന മത്സരത്തില്‍ തിളങ്ങുകയും ചെയ്തു. 29 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ രേണുക സിങ് മികച്ച പ്രകടനം പുറത്തെടുത്തു. രാജേശ്വരി ഗെയ്ക്‌വാദും രണ്ടു വിക്കറ്റ് വീഴ്ത്തി.

ഷാര്‍ലറ്റ് ഡീന്‍ (47), ക്യാപ്റ്റന്‍ ആമി ജോണ്‍സ് (28), എമ്മ ലാംപ് (21) എന്നിവര്‍ക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായത്.

നേരത്തെ ഇന്ത്യ 45.4 ഓവറില്‍ 169 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. അര്‍ധ സെഞ്ചുറികള്‍ നേടിയ സ്മൃതി മന്ദാന (50), ദീപ്തി ശര്‍മ (68), പൂജ വസ്ത്രാകര്‍ (22) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്.

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ചക്ദാഹ എന്ന കുഗ്രാമത്തില്‍നിന്ന് ലോകവേദിയിലേക്കുള്ള പടികള്‍ ചവിട്ടിക്കയറി ദീര്‍ഘകാലം അവിടെ തേജസ്സോടെ നിറഞ്ഞുനിന്ന താരമായിരുന്നു ജൂലാന്‍ ഗോസ്വാമി. വനിതാക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ്ബൗളറായി, ഇന്ത്യന്‍ ക്യാപ്റ്റനായി. 18 വര്‍ഷം നീണ്ട അര്‍ഥപൂര്‍ണമായ ആ ക്രിക്കറ്റ് കരിയറിനാണ് ശനിയാഴ്ച ലോര്‍ഡ്‌സില്‍ തിരശ്ശീല വീണത്.

ഇന്ത്യയ്ക്കായി 12 ടെസ്റ്റില്‍ നിന്ന് 44 വിക്കറ്റുകളും 204 ഏകദിനങ്ങളില്‍ നിന്ന് 255 വിക്കറ്റുകളും 68 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 56 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ വനിതാ താരമാണ്.

ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത് ജൂലാനാണ്, 40. ഓസ്ട്രേലിയയുടെ ലിന്‍ ഫുള്‍സ്റ്റണ്‍ 34 വര്‍ഷമായി കൈവശംവെച്ചിരുന്ന 39 വിക്കറ്റുകളുടെ റെക്കോഡാണ് ജൂലാന്‍ മറികടന്നത്. അഞ്ച് ലോകകപ്പുകളാണ് ഇന്ത്യക്കുവേണ്ടി കളിച്ചത്. പക്ഷേ, രണ്ട് ഫൈനല്‍ കളിച്ചിട്ടും ഒരു ലോകകപ്പ് പോലും നേടാനായില്ലെന്ന സങ്കടംബാക്കി.

2007-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏറ്റവും മികച്ച വനിതാതാരമായി. 2016-ല്‍ ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. 2018-ല്‍ ഏകദിനത്തില്‍ 200 വിക്കറ്റ് വീഴ്ത്തുന്ന ആദ്യതാരമായി. 25 ഏകദിനങ്ങളില്‍ ജൂലാന്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നു.

Content Highlights: India beat England Jhulan Goswami gets perfect send-off