ഗ്രൗണ്ടിലെ നനവ് മാറിയില്ല; ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റില്‍ മൂന്നാംദിനവും ഒരു പന്തുപോലും എറിയാനായില്ല

കാന്‍പുര്‍: കാന്‍പുര്‍ ഗ്രാന്‍പാര്‍ക്ക് സ്റ്റേഡിയത്തിലെ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റിസ്റ്റില്‍ ഒരു പന്ത് പോലുമെറിയാതെ മൂന്നാംദിവസത്തെ കളിയും ഉപേക്ഷിച്ചു. മഴ മാറിയെങ്കിലും മൂടിക്കെട്ടിയ കാലാവസ്ഥയായതിനാല്‍ ഗ്രൗണ്ടിലെ നനവ് മാറിയിട്ടില്ല. രാവിലെയും ഉച്ചയ്ക്കും ഗ്രൗണ്ടില്‍ പരിശോധന നടത്തിയെങ്കിലും കളി തുടരാന്‍ അനുകൂലമായ സാഹചര്യമല്ലെന്ന് വിലയിരുത്തുകയായിരുന്നു.
ആദ്യ രണ്ട് ദിവസവും മഴ തടസ്സപ്പെടുത്തിയിരുന്നു. ആദ്യദിനം 35 ഓവര്‍ മാത്രമാണ് എറിയാന്‍ കഴിഞ്ഞതെങ്കില്‍, രണ്ടാംദിനം മത്സരം നടന്നതേയില്ല. ഫലത്തില്‍ മൂന്ന് ദിവസവും ഉച്ചവരെ കളി നടന്നില്ല.
രാവിലെ പത്തിന് നടത്തിയ പരിശോധനയില്‍ ഔട്ട്ഫീല്‍ഡില്‍ നനവുണ്ടായിരുന്നു. മതിയായ വെയിലില്ലാത്തതും തിരിച്ചടിയായി. പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമാവുമെന്ന് കണ്ടാണ് രാവിലെ കളി തുടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് നടത്തിയ പരിശോധനയിലും ഔട്ട്ഫീല്‍ഡില്‍ നനവുള്ളതായി കണ്ടെത്തി. മഴ അകന്നെങ്കിലും സൂര്യപ്രകാശം കുറവായതാണ് തിരിച്ചടിയായത്.
ആദ്യദിനം ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ചിരുന്നു. 35 ഓവറില്‍ 107-ന് മൂന്ന് എന്ന നിലയിലാണ് സന്ദര്‍ശകര്‍. മോമിനുല്‍ ഹഖും (40) മുഷ്ഫിഖുര്‍റഹീമും (6) ആണ് ക്രീസില്‍. സാക്കിര്‍ ഹസന്‍, ഷദ്മാന്‍ ഇസ്‌ലാം, ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ എന്നിവര്‍ പുറത്തായി. ആകാശ് ദീപിന് രണ്ടും രവിചന്ദ്രന്‍ അശ്വിന് ഒന്നും വിക്കറ്റുണ്ട്.
Content Highlights: india bangladesh kanpur test cricket rain delay