തിലക് വർമയുടെ സെഞ്ചുറി പോരാട്ടം വിജയത്തിലെത്തിയില്ല; ഇന്ത്യ എയെ 48 റൺസിന് തോൽപ്പിച്ച് പാകിസ്താൻ എ

ദോഹ: ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് മത്സരത്തിൽ ഇന്ത്യ എയെ 48 റൺസിന് തോൽപ്പിച്ച് പാകിസ്താൻ എ. 314 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്കായി ക്യാപ്റ്റൻ തിലക് വർമ സെഞ്ചുറിയുമായി പോരാടിയെങ്കിലും വിജയതീരം തൊട്ടില്ല. ഇന്ത്യ എയ്ക്ക് 49.1 ഓവറിൽ 265 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 149 പന്തിൽ 100 റൺസെടുത്ത തിലക് വർമ കൂടി പുറത്തായതോടെ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു.
314 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയും ചേർന്ന ഓപ്പണിങ് സഖ്യത്തിന് 25 റൺസിന്റെ ആയുസേയുണ്ടായുള്ളു. 13 പന്തിൽ 11 റൺസെടുത്ത വൈഭവിനെ മുഹമ്മദ് ഇമ്രാൻ പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയ ആയുഷ് ബദോനി അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായി. തുടർന്ന് അഭിഷേക് ശർമയും ക്യാപ്റ്റൻ തിലക് വർമയും ചേർന്ന് മൂന്നാം വിക്കറ്റിൽ 67 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 42 പന്തിൽ ആറ് വീതം ഫോറും സിക്സും അടിച്ച് 70 റൺസെടുത്ത അഭിഷേക് ശർമയെ ഹസൻ നവാസ് പുറത്താക്കിയതോടെ ആ കൂട്ടുകെട്ട് പൊളിഞ്ഞു.
പിന്നാലെ ഇന്ത്യക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. കുമാർ കുശാഗ്ര, റിങ്കു സിങ്ങ്, സൂര്യാൻഷ് ഷെഡ്ഗെ എന്നിവരെല്ലാം രണ്ടക്കം കാണും മുമ്പ് ക്രീസ് വിട്ടു. ഇതോടെ ഇന്ത്യ എ ആറ് വിക്കറ്റിന് 129 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇന്ത്യ തോൽവി മണത്ത ഈ സമയത്താണ് ഒരറ്റത്ത് നിലയുറപ്പിച്ച തിലക് വർമയ്ക്കൊപ്പം ഷഹബാസ് അഹമ്മദ് ചേരുന്നത്. ഇരുവരും ഏഴാം വിക്കറ്റിൽ 112 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 49 പന്തിൽ ഒരു ഫോറും നാല് സിക്സും സഹിതം 56 റൺസെടുത്ത ഷഹബാസിനെ പുറത്താ്കി അലി റാസ പാകിസ്താനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
പിന്നീട് ക്രീസിലെത്തിയ വിപ്രജ് നിഗമും ഹർഷിത് റാണയും അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായി. പ്രിൻസ് യാദവ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു. പാകിസ്താനായി അലി റാസയും ഹസൻ നവാസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താൻ 49.2 ഓവറിൽ 313 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. അർദ്ധ സെഞ്ചുറി നേടിയ മാസ് സദാഖത്, ഹസൻ നവാസ്, ഫർഹാൻ യൂസഫ് എന്നിവരാണ് പാകിസ്താന് മികച്ച സ്കോർ സമ്മാനിച്ചത്.
ഷാമിൽ ഹുസൈനും മാസ് സദാഖതും ചേർന്ന് മികച്ച തുടക്കമാണ് പാകിസ്താന് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 66 റൺസ് കൂട്ടിച്ചേർത്തു. 23 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 33 റൺസ് നേടിയ ഷാമിൽ ഹുസൈനെ പുറത്താക്കി ബദോനിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ക്രീസിലെത്തിയ റൊഹെയ്ൽ നാസിർ മമൂന്ന് പന്ത് നേരിട്ട് പുറത്തായി. ഹർഷിത് റാണയ്ക്കാണ് വിക്കറ്റ്. പിന്നീട് സദാഖതും ഹസൻ നവാസും ചേർന്ന് അർദ്ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 63 പന്തിൽ 59 റൺസായിരുന്നു സദാഖതിന്റെ സംഭാവന.
സദാഖത് പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ അബ്ദുൽ സമദ് 35 പന്തിൽ 28 റൺസ് നേടി. ഹസൻ നവാസ് 82 പന്തിൽ 79 റൺസെടുത്ത് പുറത്തായി. 48 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 56 റൺസ് നേടിയ ഫർഹാൻ യൂസഫിന്റെ ഇന്നിങ്സ് നിർണായകമായി. മുഹമ്മദ് ഇമ്രാൻ 14 പന്തിൽ 23 റൺസ് അടിച്ചു സ്കോറിങ് വേഗത കൂട്ടി. പിന്നീട് വാലറ്റക്കാർ രണ്ടക്കം കാണാതെ പുറത്തായി. സാദ് മസൂദ് ഒമ്പത് റൺസെടുത്തപ്പോൾ അഹമ്മദ് ദാനിയലിന്റെ സമ്പാദ്യം എട്ട് റൺസായിരുന്നു. അലി റാസ രണ്ട് റൺസെടുത്തും ക്രീസ് വിട്ടു. സുഫ്യാൻ മോഖിം മൂന്ന് റൺസോടെ പുറത്താകാതെ നിന്നു.
ഇന്ത്യ എ ടീമിനായി ഹർഷിത് റാണ, പ്രിൻസ് യാദവ്, സൂര്യാൻഷ് ഷെഡ്ഗെ, വിപ്രജ് നിഗം എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു. ആയുഷ് ബദോനി ഒരു വിക്കറ്റ് വീഴ്ത്തി.
Content Highlights: Pakistan A defeated India A by 48 runs in the Asia Cup match., Pakistan posted 313 runs, powered by strong performances from Hassan Nawaz, Maaz Sadaqat, and Farhan Yousaf., India A captain Tilak Varma scored a fighting century (100 off 149 balls) but lacked support., Ali Raza and Hassan Nawaz picked up 3 wickets each for Pakistan A.