ലാന്നിങ്ങും ഹീലിയും തിളങ്ങി; ഇന്ത്യന്‍ വനിതകളെ തകര്‍ത്ത് ഓസ്‌ട്രേലിയ

Photo: AFP
Photo: AFP

ഓക്ലന്‍ഡ്: വനിതാ ലോകകപ്പില്‍ തങ്ങളുടെ അഞ്ചാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരേ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

ഇന്ത്യ ഉയര്‍ത്തിയ 278 വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കേ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 

മികച്ച കൂട്ടുകെട്ടുകളാണ് ഓസീസ് വിജയത്തില്‍ നിര്‍ണായകമായത്. റേച്ചല്‍ ഹൈനസും അലിസ ഹീലിയും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ തന്നെ 19.2 ഓവറില്‍ 121 റണ്‍സ് ചേര്‍ത്തതോടെ കളി ഓസീസിന്റെ കൈയിലായിരുന്നു. റേച്ചല്‍ 53 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 43 റണ്‍സെടുത്തു. 65 പന്തുകള്‍ നേരിട്ട ഹീലി ഒമ്പത് ഫോറടക്കം 72 റണ്‍സ് സ്വന്തമാക്കി. രണ്ട് ഓവറിനിടെ റേച്ചലും ഹീലിയും പുറത്തായെങ്കിലും മൂന്നാം വിക്കറ്റില്‍ 103 റണ്‍സ് ചേര്‍ത്ത് മെഗ് ലാന്നിങ് - എല്ലിസ പെറി സഖ്യം ഓസീസിനെ വീണ്ടും ട്രാക്കിലാക്കി. 107 പന്തില്‍ നിന്ന് 13 ഫോറടക്കം 97 റണ്‍സെടുത്ത മെഗ് ലാന്നിങ്ങാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. 51 പന്തുകള്‍ നേരിട്ട പെറി 28 റണ്‍സ് നേടി. പെറി പുറത്തായ ശേഷം ലാന്നിങ്ങും ബെത്ത് മൂണിയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 20 പന്തില്‍ നിന്ന് നാല് ഫോറടക്കം 30 റണ്‍സെടുത്ത ബെത്ത് മൂണി പുറത്താകാതെ നിന്നു. 

ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവുമായി ഓസീസാണ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. അഞ്ച് കളികളില്‍ രണ്ട് ജയം മാത്രമുള്ള ഇന്ത്യ നാലാം സ്ഥാനത്താണ്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അര്‍ധ സെഞ്ചുറി നേടിയ യസ്തിക ഭാട്ടിയ, ക്യാപ്റ്റന്‍ മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ അര്‍ധ സെഞ്ചുറി മികവില്‍ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തിരുന്നു.

മൂന്നാം വിക്കറ്റില്‍ 130 റണ്‍സ് കൂട്ടിച്ചേര്‍ത്ത യസ്തിക ഭാട്ടിയ - മിതാലി രാജ് സഖ്യമാണ് മോശം തുടക്കത്തില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത്. നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ സ്മൃതി മന്ദാനയെ (10) ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെ ആറാം ഓവറില്‍ ഷഫാലി വര്‍മയും (12) മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച യസ്തികയും മിതാലിയും ചേര്‍ന്ന് ക്ഷമയോടെ ഇന്ത്യന്‍ ഇന്നിങ്സ് മുന്നോട്ടു നയിച്ചു. 

യസ്തിക 83 പന്തില്‍ നിന്ന് ആറ് ഫോറടക്കം 59 റണ്‍സെടുത്തു. 96 പന്തുകള്‍ നേരിട്ടാണ് മിതാലി 68 റണ്‍സ് സ്വന്തമാക്കിയത്. ഒരു സിക്സും നാലു ഫോറും താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. 

തുടര്‍ന്ന് ക്രീസിലെത്തിയ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയ്ക്കായി വേഗത്തില്‍ സ്‌കോര്‍ ചെയ്തത്. വെറും 47 പന്തില്‍ നിന്ന് ആറ് ഫോറടക്കം 57 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് പുറത്താകാതെ നിന്നു. 28 പന്തില്‍ നിന്ന് രണ്ട് സിക്സും ഒരു ഫോറുമടക്കം 34 റണ്‍സെടുത്ത പൂജ വസ്ത്രാക്കറും ടീമിനായി തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തു. ഹര്‍മന്‍പ്രീതും പൂജയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ അതിവേഗം കൂട്ടിച്ചേര്‍ത്ത 64 റണ്‍സാണ് ഇന്ത്യയെ 277-ല്‍ എത്തിച്ചത്. റിച്ച ഘോഷ് (8), സ്നേഹ് റാണ (0) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

ഓസ്ട്രേലിയക്കായി ഡാര്‍സി ബ്രൗണ്‍ മൂന്നും അലാന കിങ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlights: icc womens world cup 2022 india women against australia women