ടെസ്റ്റ് റാങ്കിങ്; അശ്വിന്‍ ലോക ഒന്നാം നമ്പര്‍ ബൗളര്‍; രോഹിത്തും ജയ്‌സ്വാളും ആദ്യ പത്തിനുള്ളില്‍

ന്യൂഡല്‍ഹി: ഐ.സി.സി. ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ വീണ്ടും ഒന്നാമത്. നൂറാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഒന്‍പത് വിക്കറ്റ് നേടിയത് ഉള്‍പ്പെടെ പരമ്പരയിലെ മികച്ച പ്രകടനമാണ് അശ്വിനെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിച്ചത്. ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡാണ് രണ്ടാംസ്ഥാനത്ത്. ജസ്പ്രീത് ബുംറ (മൂന്ന്), രവീന്ദ്ര ജഡേജ (ഏഴ്) എന്നിവരാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍.
ഇംഗ്ലണ്ടിനെതിരേ മികച്ച പ്രകടനം നടത്തിയ സ്പിന്‍ താരം കുല്‍ദീപ് യാദവ് 16-ാം സ്ഥാനത്താണ്. യുവ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍ കേവലം ഒന്‍പത് ടെസ്റ്റ് മത്സരങ്ങള്‍കൊണ്ടുതന്ന 700 റേറ്റിങ് പോയിന്റിന് മുകളില്‍ കടന്നു. 740 ആണ് ജയ്‌സ്വാളിന്റെ റേറ്റിങ് പോയിന്റ്. ഒന്‍പത് ടെസ്റ്റുകള്‍ക്കുശേഷം 740 പോയിന്റോ അതില്‍ കൂടുതലോ കടക്കുന്ന മൂന്നാമത്തെ ബാറ്ററാണ് ജയ്‌സ്വാള്‍. നേരത്തേ ഡോണ്‍ ബ്രാഡ്മാനും (752) മൈക്ക് ഹസ്സിയും (741) ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
ന്യൂസീലന്‍ഡിന്റെ കെയിന്‍ വില്യംസണാണ് ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാമതെത്തി. ജയ്‌സ്വാള്‍ എട്ടാംസ്ഥാനത്തും ശുഭ്മാന്‍ ഗില്‍ 20-ാം സ്ഥാനത്തുമുണ്ട്.
Content Highlights: icc test ranking r ashwin world no 1 rohit jaiswal and kohli within ten